തോമസ് ചാണ്ടിയുടെ രാജി ഉടൻ: ഹൈക്കോടതി വിധിയും എതിരായി; പ്രഫുൽപട്ടേൽ പറന്നെത്തി

പൊളിറ്റിക്കൽ ഡെസ്‌ക്

കൊച്ചി: കായൽകയ്യേറ്റ വിവാദത്തിൽ സർക്കാരിന്റെയും മന്ത്രിസഭയുടെയും പ്രതിഛായ നഷ്ടമാക്കിയ തോമസ് ചാണ്ടിയുടെ രാജി ഏതാണ്ട് ഉറപ്പായി. കേസിൽ ഹൈക്കോടതിയുടെ വിധിയും എതിരായതോടെയാണ് തോമസ് ചാണ്ടിയുടെ രാജി ഏതാണ്ട് ഉറപ്പായത്. വിഷയത്തിൽ ഇന്ന് വൈകിട്ട് ചേരുന്ന എൻസിപി സംസ്ഥാന സമിതി യോഗം നിർണ്ണായക തീരുമാനം എടുത്തേക്കും. നാളെ കേരളത്തിലേയ്ക്കു എത്തേണ്ട പ്രഫുൽപ്പട്ടേൽ യാത്ര നേരത്തെയാക്കി എത്തിയിട്ടുണ്ട്.  തോമസ് ചാണ്ടിയുടെ കേസ് പരിഗണിച്ച ഹൈക്കോടതി അതിരൂക്ഷ വിമർശനമാണ് കെട്ടഴിച്ചത്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താൻ അംഗമായ സർക്കാരിനെതിരെ എങ്ങനെ ഹർജി നൽകാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടി നൽകിയിട്ടു മതി മറ്റ് നടപടികളെന്നും കോടതി തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖയെ അറിയിച്ചു. ഭൂമി കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ കളക്ടർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്.
മന്ത്രിയുടെ ഹർജിക്കെതിരെ ഹൈക്കോടതിയുടെ ഭാഗത്തു നിന്ന് നിരവധി ചോദ്യങ്ങളാണ് ഉയർന്നത്. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രി എങ്ങിനെയാണ് ഹർജി നൽകുന്നത്. ഇത് ഭരണഘടനാ ലംഘനമല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. ഒരു മന്ത്രി തന്നെ സർക്കാരിനെതിരെ കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേഴ് വിയില്ലാത്ത കാര്യമാണ് ഇതെന്നും കോടതി പറഞ്ഞു.  കളക്ടറുടെ റിപ്പോർട്ട് വ്യക്തിപരമായി അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു ചാണ്ടിയുടെ വാദം. അതിനിടെ മന്ത്രിയാകുന്നതിന് മുൻപ് നടന്ന സംഭവത്തിൻറെ പേരിലാണ് ഇപ്പോൾ ആരോപണം ഉണ്ടായതെന്ന വിചിത്ര വാദവുമായി സർക്കാർ അഭിഭാഷകൻ എത്തി. കോടതി സർക്കാർ നിലപാടിനെയും രൂക്ഷമായി വിമർശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കളക്ടറുടെ റിപ്പോർട്ടിൽ സർക്കാർ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ആ തീരുമാനം ചോദ്യം ചെയ്ത് മന്ത്രിക്ക് കോടതിയെ സമീപിക്കാമായിരുന്നു. കളക്ടറുടെ റിപ്പോർട്ട് കോടതിയിൽ ചോദ്യം ചെയ്ത് സ്ഥാനത്ത് തുടരാനാണോ ചാണ്ടി ശ്രമിക്കുന്നതെന്നും കോടതിയെ ഇതിന് ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഹർജിയെ എന്തുകൊണ്ട് എതിർക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകനോട് കോടതി ചോദിച്ചു. ഇതോടെ സർക്കാർ ഹർജിയെ കൈയൊഴിഞ്ഞു. മന്ത്രിയുടെ ഹർജി അപക്വമായി പോയി എന്ന നിലപാടോടെ സർക്കാർ ഒടുവിൽ തടിയൂരുകയായിരുന്നു.

Top