ഒരു മന്ത്രി എങ്ങനെ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കും; തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കായല്‍ കൈയേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ഒരു മന്ത്രി സര്‍ക്കാരിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കുന്നത് എങ്ങനെയാണെന്നും ഇത്തരമൊരു ഹര്‍ജിക്ക് നിലനില്‍പുണ്ടോയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദീകരിച്ച ശേഷം മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞു. മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ കഴിയില്ല. ഒരു വ്യക്തിക്ക് മാത്രമേ അതിന് കഴിയൂ. എന്നാല്‍, തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ മന്ത്രി എന്ന നിലയിലാണ് ഹര്‍ജി നല്‍കുന്നതെന്ന് ആദ്യത്തെ വരിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് ശരിയാവുന്നതെന്നും കോടതി ചോദിച്ചു. അതേസമയം, ഇടതുമുന്നണിയില്‍ നിന്ന് മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യം പരസ്യമായി ഉയര്‍ന്നുതുടങ്ങിയിട്ടും കൂസാതെ എന്‍സിപി. ഇന്ന് ഉച്ചതിരിഞ്ഞ് പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി യോഗം ചേരുന്നുണ്ടെങ്കിലും രാജിക്കാര്യം ചര്‍ച്ച ചെയ്യാനല്ലെന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ ആവര്‍ത്തിക്കുന്നത്.

Top