വൈദ്യുതാഘാതമേറ്റ്‌ ഗര്‍ഭിണി ഉള്‍പ്പെടെ മൂന്ന്‌ ആദിവാസി യുവതികള്‍ മരിച്ചു

അടിമാലി: വിറകു ശേഖരിക്കാന്‍പോയി മടങ്ങുന്നതിനിടെ പോസ്‌റ്റില്‍നിന്നു വൈദ്യുതാഘാതമേറ്റു ഗര്‍ഭിണിയുള്‍പ്പെടെ മൂന്ന്‌ ആദിവാസി യുവതികള്‍ മരിച്ചു.  ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചിക്കന്നംകുടി സ്വദേശികളായ മന്നവന്റെ ഭാര്യ രാസാത്തി (32), കുഞ്ഞുമോന്റെ ഭാര്യ സലോമി (32), തങ്കച്ചന്റെ മകള്‍ യശോദ (17) എന്നിവരാണ് മരിച്ചത്. വനിത ശശി (21)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ നിന്നു വിറക് പെറുക്കാന്‍ കാട്ടിലേക്ക് പോയതാണ് ഇവര്‍. വൈദ്യുതി പോസ്റ്റില്‍ നിറഞ്ഞിരുന്ന കാട്ടുവള്ളികളില്‍ തട്ടിയാണ് അപകടം സംഭവിച്ചത്.

മരണപ്പെട്ടവര്‍ക്കൊപ്പമുണ്ടായിരുന്ന ഓമന എന്ന സ്ത്രീ രക്ഷപെട്ടിരുന്നു. ഇവരാണ് ദുരന്തം നാട്ടുകാരെ അറിയിച്ചത്.പരുക്കേറ്റ വനിതയുടെ മാറാപ്പിലായിരുന്നു 10 മാസം പ്രായമായ കുഞ്ഞ്‌. അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ ശിശുരോഗ വിദഗ്‌ധന്‍ കുഞ്ഞിനെ പരിശോധിച്ചശേഷം അമ്മയോടൊപ്പം ആശുപത്രിയില്‍ വൈദ്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ 12.15ന്‌ പൈനാപ്പിള്‍ തോടു പാലത്തിനു സമീപമാണ്‌ അപകടം. ഇന്നലെ രാവിലെ വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയ അഞ്ചംഗ ആദിവാസിയുവതികളുടെ സംഘം തിരികെ കുടിയിലെത്താറായപ്പോഴായിരുന്നു അപകടം. ആദ്യം രാശാത്തിക്കാണു ഷോക്കേറ്റത്‌. രാശാത്തിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു മൂന്നു പേര്‍ക്കുകൂടി ഷോക്കേറ്റത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെരാവിലെ മുതല്‍ പ്രദേശത്തു മഴയുണ്ടായിരുന്നു. മഴയത്ത്‌ 11 കെ.വി. ലൈനില്‍ തീ മിന്നുന്നതായി പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചെങ്കിലും അവര്‍ എത്തുന്നതിനു മുന്നെ അപകടമുണ്ടായി. പരുക്കേറ്റവരെ നാട്ടുകാര്‍ ജീപ്പില്‍ അടിമാലി താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേര്‍ മരിച്ചിരുന്നു. കാടും വള്ളിപ്പടര്‍പ്പും നിറഞ്ഞ നിലയിലായിരുന്നു റോഡ്‌ വക്കിലുള്ള വൈദ്യുതി പോസ്‌റ്റ്‌. പള്ളിവാസല്‍ സബ്‌ സ്‌റ്റേഷനു കീഴിലുള്ള ഇവിടെ 11 കെ.വി. ലൈനിന്റെ വൈദ്യുതി കാലിനു മുകള്‍ഭാഗത്ത്‌ ലൈന്‍ ഘടിപ്പിച്ചിട്ടുള്ള ഇന്‍സുലേറ്റര്‍ പൊട്ടിയതാണ്‌ വൈദ്യുതി താഴേക്കു പ്രവഹിക്കാന്‍ കാരണം. ഇത്തരത്തില്‍ ഇന്‍സുലേറ്റര്‍ പൊട്ടിയാല്‍ സ്‌റ്റേഷനില്‍ വൈദ്യുതിബന്ധം വിഛേദിക്കപ്പെടേണ്ടതാണ്‌. എന്നാല്‍ അപകടസ്‌ഥലത്തുനിന്ന്‌ 50 കിലോമീറ്ററിലധികം ദൂരത്താണ്‌ സബ്‌സ്‌റ്റേഷന്‍ സ്‌ഥിതി ചെയ്യുന്നതിനാല്‍ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുവാന്‍ കാലതാമസം ഉണ്ടാകുമെന്ന്‌ അധികൃതര്‍ പറയുന്നത്‌.

Top