സുരക്ഷയില്ലെങ്കിലും മല ചവിട്ടാനെത്തും; എന്തുണ്ടായാലും ഉത്തരവാദി സര്‍ക്കാറെന്ന് തൃപ്തി

തിരുവനന്തപുരം: പോലീസ് തന്റെ ആവശ്യപ്രകാരം പ്രത്യേക സുരക്ഷ ഒരുക്കിയില്ലെങ്കിലും മല ചവിട്ടുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായി അറിയിച്ചു. ദര്‍ശനസമയത്തോ മല ചവിട്ടുന്ന സമയത്തോ തനിക്കോ സംഘത്തിലുള്ളവര്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാരിനായിരിക്കും അതിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും തൃപ്തി പറഞ്ഞു. കഴിഞ്ഞ ദിവസം സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചിരുന്നു. അതിന് മറുപടിയായി പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് ഇന്ന് പോലീസ് അറിയിച്ച സാഹചര്യത്തിലാണ് തൃപ്തിയുടെ പ്രസ്താവന.
ശബരിമലയില്‍ എത്തിയാല്‍ കാലുവെട്ടുമെന്ന ഭീഷണി തനിക്കുണ്ടെന്നും അതിനാല്‍ എയര്‍പോര്‍ട്ട് മുതല്‍ സുരക്ഷ ഒരുക്കണമെന്നും അവര്‍ സര്‍ക്കാരിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് കോട്ടയത്തേക്ക് പോയി അന്നവിടെ താമസിച്ച് 17ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് സന്നിധാനത്ത് 7 മണിയോടെ ദര്‍ശനം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. ഇവരുടെ സംഘത്തിന്റെ യാത്രയ്ക്കും താമസത്തിനും സുരക്ഷയ്ക്കും വേണ്ട എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്ന കാര്യവും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ അനുവദിക്കാനവില്ലെന്നാണ് പൊലീസ് ഇപ്പോള്‍ അറിയിച്ചത്.

Latest
Widgets Magazine