ടിപി വധക്കേസ് പ്രതി കുഞ്ഞനന്തനെ ജയിലിന്‍നിന്നും തുറന്ന് വിടാനുള്ള തന്ത്രം ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ പാളുന്നു; കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഭിപ്രായം അരിയണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതിയും സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവുമായ കുഞ്ഞനന്തനെ ശിക്ഷാ കാലാവധി കഴിയും മുമ്പ് പുറത്ത് വിടാനുള്ള സര്‍ക്കാര്‍ നീക്കം പൊളിയുന്നു. കൊലക്കേസുകളില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ സമ്മതം അറിയണമെന്ന ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നിലപാടാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്.

അതോടൊപ്പം ജീവപര്യന്തം എന്നാല്‍ ആജീവനാന്ത തടവാണെന്നും 14 വര്‍ഷത്തിനു ശേഷം മോചനം അവകാശമല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ താന്‍ നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പാലിച്ചോ എന്ന് പരിശോധിക്കാന്‍ ഗവര്‍ണര്‍ നിയമോപദേശകനെ ഇന്ന് രാജ്ഭവനിലേക്ക് വിളിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിക്ഷ ഇളവ് നല്‍കാനുള്ള 739 തടവുകാരുടെ ലിസ്റ്റ് ഈ മാസം 8ന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. അതിന് പിന്നാലെ ടി.പി വധക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന പി.കെ.കുഞ്ഞനന്തന്‍ അടക്കം കൊലക്കേസുകളില്‍ പ്രതികളായ ചിലരുടെ അപേക്ഷ പ്രത്യേകമായും നല്‍കിയപ്പോഴാണ് ബന്ധുക്കളുടെ സമ്മതം അറിയണമെന്ന് ഗവര്‍ണര്‍ നിലപാടെടുത്തത്. എന്നാല്‍, 14വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇളവ് നല്‍കാമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ ഉള്‍പ്പെട്ട ഏഴംഗ ഭരണഘടനാബഞ്ചിന്റെ ഉത്തരവുണ്ടെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

കേരളപ്പിറവിയുടെ വജ്രജൂബിലിക്ക് ശിക്ഷ ഇളവിന് രണ്ട് വര്‍ഷം മുന്‍പ് തയ്യാറാക്കിയ കൊലക്കേസ് പ്രതികളടക്കമുള്ള 1850പേരുടെ ലിസ്റ്റ് ഗവര്‍ണര്‍ മടക്കിയിരുന്നു. ഓരോരുത്തരുടെയും കേസിന്റ വിവരങ്ങള്‍, ഇളവ് നല്‍കാനുള്ള കാരണം എന്നിവ രേഖപ്പെടുത്തി പ്രത്യേകം അപേക്ഷകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. ആ ലിസ്റ്റ് ചുരുക്കിയ സര്‍ക്കാര്‍ 739 പേരുടെ അപേക്ഷ ഒറ്റഫയലിലാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്.

ഈ ലിസ്റ്റില്‍ 14 വര്‍ഷം ശിക്ഷ അനുഭവിച്ച കൊലക്കേസ് പ്രതികള്‍ അടക്കമുള്ള 19 പേര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു മാത്രമുണ്ട്. പത്തുവര്‍ഷം വരെ തടവ് അനുഭവിച്ച 14 പേരും 65 വയസ് കഴിഞ്ഞ ഏഴുപേരും ഉണ്ട്. വാടകക്കൊലയാളികള്‍, സ്ത്രീ പീഡകര്‍, ലഹരിക്കേസ് പ്രതികള്‍ എന്നിവരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് നിയമസെക്രട്ടറി രണ്ട് വട്ടം രാജ്ഭവനിലെത്തി ഗവര്‍ണറെ അറിയിച്ചിരുന്നു. ചന്ദ്രബോസ് വധക്കേസില്‍ 38 വര്‍ഷം ശിക്ഷ കിട്ടിയ മുഹമ്മദ് നിഷാം അടക്കം ആദ്യപട്ടികയിലെ ഒന്‍പത് കൊടും കുറ്റവാളികളെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഴിവാക്കിയത്.

Top