പരസ്പരത്തിലെ ബോംബ് ഗുളികക്കെതിരെ നായകന്‍ രംഗത്ത്; യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലൈമാക്‌സ് ചിത്രീകരിച്ചില്ലെന്ന് പരാതി

സോഷ്യല്‍ മീഡിയിയില്‍ ട്രോള്‍ മഴ സൃഷ്ടിച്ച ഒന്നായിരുന്നു പരസ്പരം സീരിയലിന്റെ അവസാന രംഗങ്ങള്‍. സീരിയലിലെ നായികാ നായകന്മാര്‍ ബോംബ് പൊട്ടി മരിക്കുന്നതാണ് ക്ലൈമാക്‌സില്‍ ചിത്രീകരിച്ചിരിക്കുന്നത്. നായിക ദീപ്തി ഐപിഎസിനെ വകവരുത്താന്‍ തീവ്രവാദികള്‍ ബോംബ് ഗുളിക നല്‍കുകയായിരുന്നു. ഇതെല്ലാമാണ് ട്രോളന്മാര്‍ക്ക് ചാകര നല്‍കിയത്. ഗുളിക ബോംബ് കഴിച്ച സൂരജിനെയും ദീപ്തിയെയും അത് കഴിപ്പിച്ച സംവിധായകനെയും ട്രോളന്‍മാര്‍ ട്രോളി കൊന്നു എന്നു പറയുന്നതാവും ശരി.

ഇപ്പോഴിതാ ബോംബ് ഗുളികയ്ക്കെതിരെ സീരിയലിലെ നായകന്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്. സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നായകന്‍ വിവേക് ഗോപന്‍ രംഗത്തെത്തിയത്. യാഥാര്‍ത്ഥ്യത്തോട് ഏറെ അകന്ന് നില്‍ക്കുന്ന ക്ലൈമാക്സ് വേണ്ട എന്ന് താന്‍ അന്നേ പറഞ്ഞിരുന്നുവെന്നാണ് വിവേക് പറയുന്നത്. മലയാളികള്‍ക്ക് ഒട്ടും ദഹിക്കാത്ത അത്തരത്തിലുള്ള ഒരു ക്ലൈമാക്സ് ഈ സീരിയലിന് വേണ്ട എന്നായിരുന്നു എന്റെ അഭിപ്രായം. അത് പല തവണ ഞാന്‍ അവരോട് പറഞ്ഞു. എന്നാല്‍ ഹിന്ദി പതിപ്പില്‍ അങ്ങനെയായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. രണ്ടു പേരും മരിക്കുന്നതിനെ കുറിച്ചും ഒരു പാട് ആളുകള്‍ സങ്കടമറിയിച്ചിരുന്നു എന്നും നടന്‍ പറഞ്ഞു.

എന്നാല്‍ ക്ലൈമാക്സ് എന്ന രീതിയിലേക്ക് വരണമെങ്കില്‍ അത്തരം ഒരു കാര്യം വേണമെന്നതിനാലാണ് അത് ചെയ്തത് എന്നും വിവേക് പറയുന്നു. അതേസമയം സീരിയലിന്റെ ക്ലൈമാക്സിനെ കളിയാക്കികൊണ്ടുള്ള നെഗറ്റീവ് കമന്റുകളെ അപ്രസക്തമാക്കുന്ന വിജയമാണ് സീരിയല്‍ സ്വന്തമാക്കിയതെന്ന് നായിക ഗായത്രി അരുണും അഭിപ്രായപ്പെട്ടു. പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നതെന്ന് നടി പറഞ്ഞു.

പക്ഷേ സീരിയല്‍ അവസാനിച്ച് ഇത്രയും ദിവസമായിട്ടും ബോംബ് ഗുളികയെയും സിരിയലിനെയും ട്രോളന്‍മാര്‍ വെറുതെ വിടുന്ന ലക്ഷണം കാണുന്നില്ല ഓരോ ദിവസവും വ്യത്യസ്തവും രസകരങ്ങളുമായ അനവധി ട്രോളുകളാണ് സീരിയലിനെപ്പറ്റി വന്നുകൊണ്ടിരിക്കുന്നത്. ഗുളിക ബോംബ് എന്ന സാങ്കേതിക വിദ്യ യഥാര്‍ത്ഥത്തില്‍ ഉണ്ടോ എന്ന് തിരക്കി നടക്കുന്നവരും കുറവല്ല.

Latest