ഒന്നാം വാര്ഷികാഘോഷത്തില്‍ ട്രംപിനു ഇരട്ട പ്രഹരം

ശാലിനി  (Herald Special)

വാഷിങ്ങ്ടന്‍ : അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് ഇന്നലെ ഒരു വര്ഷം പൂര്‍ത്തിയാക്കി. അന്നേ ദിവസം ഇരട്ട പ്രഹരമേറ്റിരിക്കുകയാണ് അദ്ദേഹത്തിന് . ഒന്ന് ചരിത്രത്തിലാദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്റിനു ലഭിക്കാവുന്ന ഏറ്റവും താഴ്ന്ന നിലയിലെ അഭിപ്രായ സര്‍വേ റിസള്‍ട്ട്. രണ്ടു ഷട്ട് ഡൌണ്‍ എന്ന സാമ്പത്തിക പ്രതിസന്ധി. നേരതെതന്നെ ട്രംപിനു ജനപ്രീതി കുറഞ്ഞു വരികയാണ് എന്ന് പല സര്‍വേകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഷട്ട് ഡൌണ്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ വൈറ്റ് ഹൌസിലെ 1700 ഓളം ജീവനക്കാര്‍ ഉള്‍പ്പെടെ എട്ടു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങും. അവര്‍ താലക്കാലികമായി അവധിയില്‍ പ്രവേശിക്കെണ്ടിയും വരും . എന്നാല്‍ സൈന്യം, അതിര്‍ത്തി സേന,അഗ്നിശമന സേന, ആശുപത്രികള്‍,തപാല്‍ തുടങ്ങിയ അടിയന്തിര സര്‍വീസുകളെ ഇത് ബാധിക്കില്ല. ട്രംപിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഇരു സഭകളിലും ഭൂരിപക്ഷം എങ്കിലും സെനറ്റില്‍ അഞ്ചു റിപബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരെ വോട്ടു ചെയ്തു. ബില്‍ വ്യാഴാഴ്ച ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. സെനറ്റില്‍ ബില്ല് തള്ളാന്‍ ഉണ്ടായ പ്രകോപനം ട്രംപിന്റെ കുടിയേറ്റ നയമാണ്. കുട്ടികള്‍ ആയിരിക്കുമ്പോള്‍ അനധികൃതമായി കുടിയേറിയ ഏഴു ലക്ഷം പേര്‍ക്ക് നല്‍കി വന്നിരുന്ന താല്‍ക്കാലിക നിയമ സാധുത ട്രംപ് റദ്ദ് ചെയ്തിരുന്നു. നികുതിയിളവുകളെ തുടര്‍ന്നുണ്ടായ വന്‍ സാമ്പത്തിക മുന്നേറ്റം ഇല്ലാതാക്കാന്‍ ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നതെന്നും രാജ്യ സുരക്ഷയെക്കാള്‍ അവര്‍ക്ക് വലുത് കുടിയേറ്റക്കാര്‍ ആണെന്നും ട്രംപ് രൂക്ഷമായി പ്രതികരിച്ചു. സെനറ്റ് ബില്‍ തള്ളിയതോടെ ഫ്ലോറിഡയില്‍ വാരാന്ത്യം ആഘോഷിക്കാനുള്ള യാത്ര അദ്ദേഹം റദ്ദ് ചെയ്തു. അടുത്തയാഴ്ച ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടി ആരംഭിക്കാനിരിക്കെ ആണ് ട്രംപിനു അടി കിട്ടുന്നത്.

സാമ്പത്തിക സ്തംഭനം ഒഴിവാക്കാന്‍ സെനറ്റിലെ പ്രതിപക്ഷ നേതാവ് ഡെമോക്രാറ്റുകാരനായ ചക് ഷുമാറുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതാണ്. ട്രംപിനോട് യാതൊരു തരത്തിലും അദ്ദേഹം അനുരഞ്ജനത്തിനു തയാറായില്ല. ചില വിഷയങ്ങളില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസം നില നില്‍ക്കുന്നുണ്ട് എന്നും ചര്‍ച്ചകള്‍ തുടരുമെന്നും ഷുമാര്‍ അറിയിച്ചു.

സാമ്പത്തിക സ്തംഭനത്തെ ഷൂമാര്‍ ഷട്ട് ഡൌണ്‍ എന്നാണു ട്രംപ് അനുകൂലികള്‍ വിശേഷിപ്പിച്ചത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു നീക്കാനാകും എന്നാണ് ഭരണകൂടം ഇപ്പോള്‍ ആലോചിക്കുന്നത്. എന്നാല്‍ സാമ്പത്തിക സ്തംഭനം അവസാനിക്കാതെ കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇല്ലെന്നു വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡീഴ്സ് പറഞ്ഞു. ഈ സാമ്പത്തിക സ്തംഭനം ഒരാഴ്ച നീണ്ടാല്‍ തന്നെ ഖജനാവിന് ഏകദേശം 650 കോടി ഡോളര്‍ നഷ്ടമുണ്ടാകും എന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ തന്നെ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ആഗോള തലത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പല രാജ്യങ്ങളെയും ട്രംപ് പിണക്കി എന്നും അദ്ദേഹത്തിന്റെ തല തിരിഞ്ഞ നടപടികള്‍ രാജ്യത്തെ മോശം അവസ്ഥയിലേക്ക് തള്ളിവിടുമെന്നും ഇന്നലെ പുറത്ത് വന്ന സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു. ട്രംപിന്റെ മാനസിക നിലപോലും വൈറ്റ് ഹൌസ് അധികൃതര്‍ പരിശോധിക്കുകയുണ്ടായി. അദ്ദേഹം ഭരിക്കാന്‍ ഫിറ്റ്‌ ആണെന്ന് സര്‍ട്ടിഫിക്കറ്റും നല്‍കി.

Latest
Widgets Magazine