അതിര്‍ത്തിയിലെ വാഹനാപകടങ്ങളില്‍ ദുരൂഹത ഉണ്ടോ? മലയാളിയുടെ വംശീയ ബോധമാണോ വാര്‍ത്തയ്ക്ക് പിന്നില്‍

മലയാളത്തിലെ ഒരു മുഖ്യധാര പത്രത്തിലാണ് ആദ്യമായി തമിഴ്‌നാട്ടിലെ വാഹന അപകടങ്ങലില്‍ ദുരൂഹത ഉണ്ടെന്ന തരത്തില്‍ വാര്‍ത്ത വന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ വ്യാപകമായി ഈ വാര്‍ത്ത പ്രചരിക്കുകയായിരുന്നു. കൊള്ളയടിക്കാനായി തമിഴ്‌നാട്ടില്‍ മലയാളികളുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുത്തുന്നു എന്നായിരുന്നു പലതിന്റെയും ഉള്ളടക്കം. മലയാളി യാത്രികരെ ട്രക്കിടിച്ച് അപകടത്തില്‍പ്പെടുത്തി പണവും വില പിടിപ്പുള്ള വസ്തുക്കളും കവരുന്നു എന്നതായിരുന്നു ഇത്തരം സന്ദേശങ്ങളില്‍ ഉണ്ടായിരുന്നത്.

യഥാര്‍ത്ഥത്തില്‍ മലയാളിയുടെ മനസിലെ തമിഴരോടുള്ള വംശീയ നിലപാടുകളാണ് അപകട വാര്‍ത്തയിലൂടെ പുറത്ത് വരുന്നതെന്നും ചിലര്‍ നിരീക്ഷിക്കുന്നു. മോഷണത്തിന്റെയും തിരുട്ട് ഗ്രാമത്തിന്റെയും ഭീതിക്ക് മുകളില്‍ വംശീയമായ ഒരു ആരോപണമാണിത് എന്നാത് പ്രാധാന്യമേറിയതാണ്. ആരോപണം തെളിയിക്കാനായി പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകള്‍ 2004 മുതല്‍ 2017 വരെ 97 അപകടങ്ങളിലായി 337 മലയാളികള്‍ തമിഴ്‌നാട്ടില്‍ മരിച്ചിട്ടുണ്ട് എന്നതാണ്. ഇതേ കാലയളവില്‍ അഞ്ചു ലക്ഷത്തോളം (49,4245) റോഡ് അപകടങ്ങളിലായി അര ലക്ഷത്തില്‍പരം (50532) മലയാളികള്‍ കേരളത്തില്‍ മാത്രം മരിച്ചിട്ടുണ്ടെന്നും അതിനാല്‍ സ്വാഭാവികമായ സാഹചര്യത്തെ ഭീതി ജനിപ്പിക്കുന്നതായി കാണിക്കുന്നതിന് പിന്നില്‍ എന്നും ആരോപമുണ്ട്. അവയവകൊള്ള എന്ന് വരെ ഈ വാര്‍ത്തയെ വലിച്ചു നീട്ടി. എന്നാല്‍ ഇതിന്റെ വാസ്തവമെന്തെന്ന് പറയുകയാണ് പ്രതീഷ് ജി നായരും ഷെരീഫ് ചുങ്കത്തറയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്‌നാടിനെ പേടിക്കണോ? (പ്രതീഷ് ജി നായര്‍)

തമിഴ്‌നാട്ടില്‍ അപകടങ്ങളില്‍ ഗൂഢാലോചന എന്ന തരത്തില്‍ ഒരു വലിയ പ്രചാരണം ഫെയ്‌സ്ബുക്ക്, ചില ഓണ്‍ലൈന്‍ മീഡിയ, വാട്‌സാപ് എന്നിവ വഴി കറങ്ങി നടക്കുന്നുണ്ട്. 13 വര്‍ഷത്തിനിടയില്‍ 337 മലയാളികള്‍ ഈ പ്രദേശങ്ങളിലെ റോഡുകളില്‍ മരിച്ചുവെന്നാണു ഈ മെസേജുകളില്‍ പറയുന്നത്. അതായതു ശരാശരി 26 പേര്‍ ഓരോ വര്‍ഷവും മരിച്ചുവെന്നു കണക്ക്.

സേലം, ഈറോഡ് തിരുനെല്‍വേലി, ട്രിച്ചി, മധുര എന്നിവിടങ്ങളിലെ ദേശിയ പാതയോരങ്ങളിലാണു ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നതെന്നാണു വാര്‍ത്ത. ലോറിയോ ട്രക്കോ ആണ് വാഹനങ്ങള്‍ ഇടിച്ചു വീഴ്ത്തുന്നത്. തിരുട്ടു ഗ്രാമങ്ങളും പൊലീസും തമ്മിലുള്ള ഒത്തു കളിയിലൂടെയാണു ഈ അപകടങ്ങള്‍ ഉണ്ടാകുന്നതെന്നുമാണു കണ്ടെത്തല്‍.

ഇത്രയും ‘വാര്‍ത്ത’.

ഇനി കണക്കും ആധികാരിക വിവരങ്ങളും ഉള്ള മറ്റൊരു വാര്‍ത്ത കൂടി വായിക്കാം. It is a distinction Tamil Nadu cannot be proud of. The State leads the coutnry in the total number of road accidents. In 2015, Tamil Nadu registered a total of 69,059 accidents, nearly 14 percent of all road accidents in India. ദ ഹിന്ദുവില്‍ 2016 ജൂണ്‍ 10നു വന്ന വാര്‍ത്തയുടെ ഇന്‍ട്രോ ആണിത്. 13 വര്‍ഷത്തെ കണക്കെടുപ്പില്‍ ഉള്‍പ്പെടുന്ന അതേ കാലയളവിനുള്ളിലെ വാര്‍ത്ത തന്നെയാണിത്. ഇന്ത്യയിലെ റോഡ് അപകടങ്ങളുടെ 14 ശതമാനവും നടക്കുന്നതു തമിഴ്‌നാട്ടിലാണെന്നാണ് ക്രൈം റെക്കോര്‍ഡ് ഓഫ് ബ്യൂറോയുടെ 2015ലെ കണക്ക്.

15176 പേരാണു തമിഴ്‌നാട്ടില്‍ വിവിധ വാഹനാപകടങ്ങളില്‍ മരണമടഞ്ഞത്. 1265 പേരോളം ഓരോ മാസവും തമിഴ്‌നാട്ടിലെ റോഡുകളില്‍ മരണപ്പെടുന്നുവെന്ന് അര്‍ഥം. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അപകടത്തില്‍ മരണപ്പെട്ടത്, 2015ലെ കണക്ക്, ചെന്നൈയില്‍ ആണ്. അതിനു പുറകിലാണു കോയമ്പത്തൂര്‍, ട്രിച്ചി മേഖലകള്‍ വരുന്നത്.

ഒരു മാസം ആയിരത്തോളം പേര്‍ റോഡില്‍ മരിച്ചു വീഴുന്ന ഒരു നാട്ടില്‍ 26 മലയാളികള്‍ മരിച്ചുവെന്നു പറയുന്നതു തുലോം കുറവാണ്. (ഓരോ ജീവനും അതിന്റെ പ്രാധാന്യം ഉണ്ട് എന്നതു മനസിലാക്കി തന്നെയാണ് കുറിക്കുന്നത്).
അപകടകാരണമായി ഉയര്‍ത്തിക്കാട്ടുന്ന ലോറി, ട്രക്ക് എന്നീ ഭീകരന്മാരെ ശ്രദ്ധിച്ചു മനസിലാക്കിയാല്‍ അതില്‍ എത്ര എണ്ണം ടി.എന്‍ റജിസ്‌ട്രേഷന്‍ ഉണ്ട് എന്നു തിരിച്ചറിയാം.

ടി.എന്‍, പി.വൈ, എ.പി, റജിസ്‌ട്രേഷന്‍ വണ്ടികളേക്കാള്‍ കൂടുതല്‍ ഈ ദേശിയ പാതകളില്‍ കാണുന്നത് എംഎച്ച്, ബിആര്‍, ആര്‍.ജെ, പി.ബി തുടങ്ങിയ വാഹനങ്ങളാണ്. ഇതില്‍ കൂടുതലും ഉത്തരേന്ത്യയില്‍ നിന്നു ചരക്കു കേറ്റി വരുന്ന ലോറികള്‍.
എന്‍.എച്ച് 7, എന്‍.എച്ച് 47 (ഇപ്പോള്‍ 66), എന്‍.എച്ച് 49, എന്‍.എച്ച് 744 എന്നിവയാണു പ്രധാനമായും കേരളത്തില്‍ നിന്നുള്ള വാഹങ്ങള്‍ തമിഴ്‌നാട്ടിലേക്ക് എത്തുന്ന ദേശിയ പാതകള്‍. ഇതില്‍ ‘വാര്‍ത്ത’യില്‍ പറയുന്ന സ്ഥലങ്ങള്‍ നോക്കിയാല്‍ രണ്ടു പാതകളാണു പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത്. വാരണാസി മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന എന്‍എച്ച് 7, പുതിയ എന്‍എച്ച് 66. (കന്യാകുമാരി സേലം.)

ഈ രണ്ടു പാതയില്‍ കൂടി വാഹനം ഓടിച്ച ആള്‍ക്കാര്‍ക്ക് അറിയാം ഇവിടെ നടക്കുന്ന അപകടങ്ങളുടെ കാരണമെന്താണെന്ന്. അവിനാശി കഴിഞ്ഞാല്‍ സേലം വരെ നാലുവരിയില്‍ സുന്ദരമായ പാതയാണു എന്‍.എച്ച് 66. ഇവിടെ കൂടി വാഹനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പറന്നു തന്നെ പോകുകയാണ്.

ബംഗവൂരിവിലേക്കു പോയ ഒരു വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നു രണ്ടു വര്‍ഷം മുന്‍പ് ഈ റോഡിനടുത്ത് സിത്തോട് ബൈപാസില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. അപകടത്തില്‍പ്പെട്ട വോള്‍വോ നാലുവരിപ്പാതയുടെ വീതിയുള്ള മീഡിയന്‍ ചാടിക്കടന്ന് അപ്പുറത്തെ ഹൈവേ പാര്‍ട്ടും കഴിഞ്ഞു സര്‍വീസ് റോഡില്‍ കൂടി പോയ ഒരു ടി.എന്‍.ആര്‍.ടി.സി ബസിനെ ഇടിച്ചു തെറിപ്പിച്ചിരിക്കുന്നു.

മീഡിയനില്‍ അത്യാവശ്യം വലിയ ചെടികള്‍ വളര്‍ന്നു നിന്നിരുന്നു എന്നു കൂടി ശ്രദ്ധിക്കണം. ഇതാണ് ഇവിടുത്തെ സ്പീഡ്. ബസ് മാത്രമല്ല, കാറുകള്‍, മിനിബസുകള്‍ എന്നിവ ഈ റോഡിലൂടെ പോകുന്നത് ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ഇതേ അവസ്ഥ തന്നെയാണു എന്‍.എച്ച് 7ലും.

സ്‌ട്രെയിറ്റ് റോഡുകള്‍ പലപ്പോഴും ഡ്രൈവര്‍മാരെ ഉറക്കത്തിലേക്ക് തള്ളി വിടാറുണ്ട്. ഈ അപകടങ്ങളില്‍ എത്രയെണ്ണം വാഹനത്തിന്റെ പിന്നില്‍ പോയി ഇടിച്ച് ഉണ്ടായതെന്നു കൂടി പരിശോധിക്കുന്നതു നന്നാകും. ഇനി റോഡ് നിയമങ്ങള്‍ പാലിക്കുന്നതില്‍ അത്ര മിടുക്കര്‍ ഒന്നുമല്ല ഈ നാട്ടുകാര്‍. എന്‍.എച്ച് 7 ല്‍ കൂടി വണ്ടി ഓടിച്ചു നോക്കിയാല്‍ അറിയാം.

ട്രാക്ക് തെറ്റിച്ച് എതിരെ വരുന്ന ലോറികള്‍ അടക്കമുള്ള വണ്ടികള്‍. വളരെ നീളം കൂടിയ മീഡിയനുകളില്‍ കട്ടുകള്‍ അഞ്ചോ ആറോ കിലോമീറ്ററുകളോ അതിലോ കൂടുതലോ ആയിരിക്കും. ഇതു ലാഭിക്കാനാണ് ഈ ട്രാക്ക് തെറ്റിച്ച ഓട്ടം.
പിന്നെയുള്ളതു രക്ഷാ പ്രവര്‍ത്തനമാണ്. തമിഴ്‌നാട്ടിലെ റോഡുകളില്‍ നിന്ന് അത്ര വലിയ സഹായം ആരും പ്രതീക്ഷിക്കേണ്ട. ദേശിയ പാതയല്ല, സാധാരണ പാതയാണെങ്കിലും നാട്ടുകാര്‍ എടുത്ത് ആശുപത്രിയിലാക്കിയാല്‍ രക്ഷപെടും. പരാതി നല്‍കി ഒരു കാര്യം നടത്തിയെടുക്കാന്‍ കേരളത്തിലെ പൊലീസിനെ കണ്ട് ആരും തമിഴ്‌നാട്ടിലേക്ക് ചെല്ലേണ്ട. അതു റോഡ് ആക്‌സിഡന്റിന്റെ കാര്യത്തില്‍ മാത്രമല്ല.

കണക്കുകള്‍ പറയുമ്പോള്‍ എല്ലാം പറയണം. കേരളത്തില്‍ 2016ല്‍ മാത്രം റോഡ് അപകടങ്ങളില്‍ മരിച്ചത് 4287 പേരാണ്. 13 വര്‍ഷത്തിനിടെ 53,437 പേരാണു വിവിധ റോഡ് അപകടങ്ങളില്‍ മരിച്ചത്. ഈ കണക്കുകള്‍ കേരള പൊലീസിന്റെയും നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെയും ആധികാരിക കണക്കുകളാണ്. 337 എന്ന കണക്ക് എവിടെ നിന്നാണു കിട്ടിയത് എന്നതില്‍ വിശദീകരണമില്ല.

പലരും പറഞ്ഞ ഒരു കാര്യം ഒരു കുടുംബം തന്നെ ഇല്ലാതായി എന്നതാണ്. ശരിയാണ് തീര്‍ഥയാത്രയ്ക്ക് ഒരു കുടുംബം ഒന്നിച്ചാകും പോകുക. വലിയ അപകടങ്ങള്‍ ആ കുടുംബം തന്നെ ഇല്ലാതാക്കും. ഒരു കുടുംബത്തിലെ ഒരാള്‍ മരിച്ചാല്‍ പോലും താങ്ങാനാകാതെ വരുമ്പോള്‍ എണ്ണം കൂടുന്നത് ഒരു നാടിന്റെ തന്നെ വികാരമാകും. അതിനെ ചൂഷണം ചെയ്ത് തമിഴ്‌നാടിനെ പേടിപ്പിക്കാന്‍ ഇറങ്ങുന്നത് എന്തിനെന്നു മാത്രം മനസിലാകുന്നില്ല. കൊള്ളയും കവര്‍ച്ചയും തമിഴന്റെ കുത്തകയാണെന്ന് സ്ഥാപിക്കാന്‍ ആര്‍ക്കാണു തിടുക്കം.
നിങ്ങള്‍ക്ക് നല്ല റോഡില്ലാത്തതിനു തമിഴര്‍ എന്ത് പിഴച്ചു ? (ഷെരീഫ് ചുങ്കത്തറ)

ഇന്ത്യയിലെ തന്നെ കൂടുതല്‍ അപകടം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. കിട്ടിയ അവസരം മുതലെടുത്ത് പലരും പാണ്ടിയോടുള്ള പുച്ഛവും പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ ഞാനൊരു ആരോപണം അങ്ങോട്ട് ഉന്നയിക്കാം. ശബരിമല സീസണില്‍ വാഹനാപകടത്തില്‍ പല സ്വാമിമാരും കൊല്ലപെടുന്നുണ്ട്, കൂടുതലും ആന്ധ്രാതെലുങ്കാനയില്‍ നിന്നുള്ളവര്‍.

ശരിക്കും നിങ്ങള്‍ മലയാളികള്‍ ആസൂത്രിതമായി ചെയ്യുന്ന കൊലപാതകങ്ങള്‍ അല്ലെ അത്?
അന്യസംസ്ഥാനങ്ങളില്‍ വെച്ചു വാഹനാപടങ്ങളില്‍ പെടുന്നവര്‍ കൂടുതലും രണ്ടുവിഭാഗമാണ്. ഒന്ന് വിനോദസഞ്ചാരത്തിനുപോയവര്‍ രണ്ടു തീര്‍ഥാടനത്തിന് പോയവര്‍. ഒന്നുകൂടി ശ്രദ്ധിക്കണം ഭൂരിപക്ഷവും തിരിച്ചുവരുന്ന സമയത്താണ് അപകടത്തില്‍ പെടുന്നത്.

ഇനി ആരോപണവിധേയമായ പാതയൊന്നു പരിശോധിക്കാം. തീര്‍ഥാടനകേന്ദ്രമായ വേളാങ്കണ്ണി അടങ്ങുന്ന പാതയാണത്. ഒരു ശരാശരി മലയാളി അങ്ങോട്ടും ഇങ്ങോട്ടും രാത്രിയാത്ര നടത്താം എന്ന ചിന്തയിലാണ് ഇങ്ങോട്ട് പുറപ്പെടുക. കേരളത്തിലെ റോഡുകളുടെ അവസ്ഥ അറിയാമല്ലോ.. അങ്ങേയറ്റം പരിതാപകരമാണ്. കുഴികളും, വളവും തിരിവും അടക്കം ഒരു നാലുചക്ര വാഹനത്തിനു പരമാവധി മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ മാത്രമാണ് സഞ്ചരിക്കാന്‍ കഴിയുക. അതും തുടര്‍ച്ചയായി സാധിക്കില്ല. ഗതാഗത കുരുക്ക് തന്നെ കാരണം.

കൊച്ചിയില്‍ നിന്ന് പൊള്ളാച്ചി വഴിയും തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവില്‍ വഴിയും ഈ പറഞ്ഞ വേളാങ്കണ്ണി, രാമേശ്വരം തീര്‍ഥാടന കേന്ദ്രത്തില്‍ എത്താം. കേരളത്തിലെ റോഡുകളില്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി യാത്ര ചെയ്തവര്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന നല്ല റോഡ് കാണുമ്പോള്‍ സ്വാഭാവികമായും ആവേശം മൂത്ത് നല്ല സ്പീഡില്‍ തന്നെ വാഹനം ഓടിക്കും.

തമിഴ്‌നാടിന്റെ ദേശീയ വാഹനമായ ടിവീസ് വരെ മണിക്കൂറില്‍ അമ്പതു കിലോമീറ്റര്‍ സ്പീഡില്‍ പോവുമ്പോള്‍ പവര്‍ കൂടുതലുള്ള നാലുചക്ര വാഹനങ്ങളുടെ കാര്യം പറയണോ.
മറ്റൊന്ന് അപകടം സംഭവിക്കുന്ന വാഹങ്ങള്‍ ഏറെക്കുറെ എല്ലാം തന്നെ ഓടിക്കുന്നത് കുടുംബത്തിലെ ഏതെങ്കിലും അംഗം ആയിരിക്കും. ഒരു ടാക്‌സി ഡ്രൈവറുടെ പരിചയ സമ്പന്നത ഇവര്‍ക്കുണ്ടാകില്ല എന്ന് മാത്രമല്ല എത്രയും പെട്ടെന്ന് എത്തണം എന്ന ധൃതി കൂടിചേരുമ്പോള്‍ അപകട സാധ്യത കൂടുതലാണ്.

നീണ്ടു നിവര്‍ന്ന പാത. പരമാവധി വേഗതയില്‍ ഓടിക്കുന്ന വാഹനം. ഉറക്കം വരാന്‍ മറ്റൊരു കാരണവും വേണ്ട. ക്ഷീണമുള്ള ആളാണ് ഡ്രൈവ് ചെയ്യുന്നത് എങ്കില്‍ ഉറക്കം വരാനുള്ള സാധ്യത വീണ്ടും കൂടും.
തിരുട്ടുഗ്രാമത്തിന്റെ സാമിപ്യമാണ് ആസൂത്രിത അപകടത്തിനു കാരണമായി പറയുന്നത്. അത് നിങ്ങള്‍ക്ക് മോഷണം എന്നത് ഒരു കലയാണ് എന്നത് മനസിലാവാത്തതു കൊണ്ടുള്ള പ്രശ്‌നമാണ്. തീര്‍ച്ചയായും ഒരു മോഷണ ശ്രമമാണ് ഉദേശം എങ്കില്‍ നിങ്ങളുടെ വാഹനം വരെ അവര്‍ തട്ടിയെടുക്കും. അതിന്റെ രീതി വഴിയെ പറയാം.

നിങ്ങള്‍ ഈ പറയുന്ന തമിഴ്‌നാടിന്റെ എല്ലാ ഭാഗങ്ങളും പലതവണ സഞ്ചരിച്ച ഒരാളാണ് ഞാന്‍. അതൊരു അഹങ്കാരം എന്ന നിലയില്‍ പറയുന്നതല്ല . തനിച്ചും, കുടുംബമായിട്ടും. ഇന്നേ വരെ പറയത്തക്ക ഒരു പ്രശ്‌നവും എനിക്കുണ്ടായിട്ടില്ല. ഞാന്‍ മാത്രമല്ല യാത്രാപ്രിയരായിട്ടുള്ള എന്റെ സുഹൃത്തുകളുടെയും അനുഭവം അത് തന്നെയാണ്.

എന്റെ അനുഭവത്തില്‍ മറ്റുള്ളവരോട് വളരെ നല്ലരീതിയില്‍ പെരുമാറുന്നവരാണ് തമിഴര്‍. കഴിയുന്ന സഹായങ്ങള്‍ ചെയ്തു തരും എന്നതില്‍ കവിഞ്ഞു ഉപദ്രവകാരികള്‍ ആണെന്ന് തോന്നുന്നില്ല. സ്ത്രീകളോടും കുഞ്ഞുങ്ങളോടും ഇത്രയും കരുതലോടെയും ബഹുമാനത്തോടെയും പെരുമാറുന്ന മറ്റൊരു ജനവിഭാഗത്തിനോടും എനിക്ക് അടുത്തു ഇടപഴകാന്‍ അവസരവും കിട്ടിയിട്ടില്ല.

പ്രത്യേകിച്ചും ഈ ഭാഗങ്ങളിലെ തമിഴര്‍. തിരിച്ചിറപള്ളി, കരൂര്‍. തഞ്ചാവൂര്‍, മധുര തുടങ്ങിയ ഭാഗങ്ങളാണ് തമിഴ് സംസ്‌കാരത്തിന്റെ ഈറ്റില്ലം. ഒറ്റപെട്ട സംഭവങ്ങള്‍ ഉണ്ടാവാം, അപകട സമയത്ത് ആഭരണങ്ങള്‍ അടക്കം മോഷ്ടിക്കുന്നവര്‍ മലയാളികളിലും ഇല്ലേ?

ഇനി അപകടത്തിനു കാരണമാവുന്ന ട്രെക്കുകളെ കണ്ടെത്താന്‍ കഴിയുന്നില്ല എന്ന ആരോപണമാണ്. എന്റെയാത്രകള്‍ക്കിടയില്‍ പലതവണ ഞാന്‍ ട്രെക്കുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇവരും ഈ പറയുന്നത് പോലെ പരമാവധി വേഗതയില്‍ തന്നെയാണ് ഡ്രൈവ് ചെയ്യാറ്. ഒരു കുഞ്ഞു കാറിനെ തട്ടിയാല്‍ പോലും അവര്‍ നിര്‍ത്തണം എന്ന് നിര്‍ബന്ധമില്ല. ഇനി നിങ്ങള്‍ ആ അപകടത്തിന്റെ പിറകെ പോയിനോക്കൂ തീര്‍ച്ചയായും ലഭിക്കും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

അപകടത്തിന്റെ തീവ്രതയും കേസിന്റെ പിറകെ നടക്കുന്നതിനും അനുസരിച്ചിരിക്കും അപകടത്തിനു കാരണമായ വാഹനം കണ്ടെത്തലും.
തീര്‍ച്ചയായും വൈറല്‍ ആകുന്ന നിഗമനകഥ നടക്കുന്നുണ്ട്. ആസൂത്രിതമായ അപകടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. പക്ഷേ അതിനു മോഷണത്തിന്റെ വെള്ളപൂശല്‍ വേണ്ട. കണിച്ചുകുളങ്ങര അപകടകൊലപാതകം പലര്‍ക്കും ഓര്‍മ്മയുണ്ടാകും. ഈ മോഡല്‍ കൊലപാതകങ്ങള്‍ ഇന്ത്യയില്‍ നിരവധി തവണ നടന്നിട്ടുണ്ട്.

ഇന്ത്യയുടെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. പല നാട്ടിലും പകലെന്നോ രാത്രിയെന്നോ ഇല്ലാതെ യാത്രചെയ്ട്ടുണ്ട്. വളരെ കൂടുതല്‍ അല്ലെങ്കിലും ചെറിയ രീതിയില്‍ ആക്രമണത്തിനും, കൊള്ളയടിക്കുന്നതിനും ഇരയായിട്ടുണ്ട്. പക്ഷേ നോര്‍ത്ത് ഇന്ത്യയിലെ അവസ്ഥ ഭീകരമാണ്. ഡല്‍ഹിജയ്പ്പൂര്‍, മുംബൈ, ഒറീസകൊല്‍ക്കത്ത, ബീഹാര്‍ തുടങ്ങിയ പാതകളില്‍ അക്രമി സംഘങ്ങളുടെ ഇടപെടല്‍ ഉണ്ടാവാറുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ ട്രെക്കുകള്‍ കൂട്ടമായി പോവുന്നതിനു കാരണം മാവോയിസ്റ്റുകള്‍ ട്രെക്കുകള്‍ തട്ടിയെടുക്കുമോ എന്ന ഭയത്തിന്റെ പുറത്താണ്.

കഴിഞ്ഞ ദിവസങ്ങളിലാണ് ഡല്‍ഹിയില്‍ ഒരു കുടുംബത്തെ ആക്രമിച്ചു കൊള്ളയടിക്കുകയും സ്ത്രീകളെ മാനഭംഗപെടുത്തുകയും ചെയ്തത്.

നിങ്ങള്‍ യാത്രചെയ്യുമ്പോള്‍ ഒഴിഞ്ഞ ഇടങ്ങളില്‍ വെച്ചു നിങ്ങളുടെ വാഹനം നിര്‍ത്താന്‍ ആക്രമികള്‍ പ്രേരിപ്പിക്കും. അതിനു പല വഴിയുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ വാഹനത്തിന്റെ ടയര്‍ പഞ്ചര്‍ ആണെന്ന് പറയും, അല്ലെങ്കില്‍ നിങ്ങളുടെ വാഹനത്തിന്റെ ഏതെങ്കിലും ഭാഗത്തു അവരുടെ വാഹനം ഉരസും, ചിലപ്പോള്‍ നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് എവിടെന്നെകിലും ഊരിയെടുത്തു നിങ്ങളെ കാണിച്ചു വാഹന്‍ നിര്‍ത്തിപ്പിക്കും.

ഇങ്ങനെ നിര്‍ത്തുമ്പോള്‍ അക്രമിസംഘം തോക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് നിങ്ങളെ കൊള്ളയടിക്കും. പറഞ്ഞു വരുന്നത് ഇത്തരം വാര്‍ത്തകള്‍ നോര്‍ത്തില്‍ സാധാരണമാണ്. വളരെ ചെറിയ ചെറുയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈറലാകുന്ന നിഗമനകഥകളും, കൊള്ളയടിക്കപ്പെടാനുള്ള സാധ്യതയും ഒഴിവാക്കാം.

രാത്രി യാത്ര പരമാവധി ഒഴിവാക്കുക, രാത്രി യാത്ര ചെയ്യുന്നുവെങ്കില്‍ ഡ്രൈവറും കോ ഡ്രൈവറും പകല്‍ നന്നായി വിശ്രമിക്കുക. കഴിയുമെങ്കില്‍ പരിചയസമ്പന്നനായ ഡ്രൈവറെ കൂടെ കൂട്ടുക. ശ്രദ്ധിക്കപെടുന്ന ആഭരണങ്ങള്‍ യാത്രയില്‍ ധരിക്കാതിരിക്കുക. സ്വകാര്യസംസാരം ആള്‍ക്കൂട്ടത്തില്‍ ഒഴിവാക്കുക. നിങ്ങള്‍ ഫോണില്‍ സംസാരിക്കുന്നതു പോലും പലരും ശ്രദ്ധിക്കാനിടയുണ്ട്.

കയ്യില്‍ പണം കരുതുന്നുവെങ്കില്‍ അത് പലയിടത്തായി സൂക്ഷിക്കുക. പൊതുയിടത്തില്‍ വലിയ സംഖ്യകള്‍ പ്രദര്‍ശിപ്പികാത്തിരിക്കുക. ജനവാസമില്ലാത്ത ഇടങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്താതിരിക്കുക. ഒരു കാരണവശാലും വാഹനത്തിന്റെ ഗ്ലാസുകള്‍ താഴ്ത്തി യാത്ര ചെയ്യാതിരിക്കുക. വിജനമായ ഇടങ്ങളില്‍ ഒരു കാരണവശാലും വാഹന്‍ നിര്‍ത്താതിരിക്കുക. ലിഫ്റ്റ് ചോദിക്കുന്നവര്‍, വാഹനം കേടായി നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് വേണ്ടി വാഹനത്തിന്റെ വേഗത കുറക്കാതിരിക്കുക.

കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തി യാത്ര ചെയ്യുക, വഴി, താമസിക്കുന്ന സ്ഥലം തുടങ്ങിയവയൊക്കെ ധാരണ വരുത്തുക.. നിഗമനങ്ങളും, സംശയങ്ങളും നല്ലതാണ്. പക്ഷേ അതിനു ഒരു ജനതയെ ഇകഴ്ത്തുന്നതൊക്കെ അശ്ലീലമാണ്. വൈറലായ നിഗമനകഥ പടച്ചുവിട്ട പത്രപ്രവര്‍ത്തകാ ഷെയറുകള്‍ കൊണ്ട് കൃതഞ്ജനായ യാത്രാഭീകരരേ. നിങ്ങള്‍ക്ക് മനസിലാവാത്തതു സാധാരണക്കാരനു മനസിലാവുന്നുണ്ട്. രാത്രിയില്‍ നടക്കുന്ന വാഹനാപകടങ്ങള്‍ക്കു പിന്നില്‍ ചാരകഥ പോലെ ഒന്നുമിലെന്നു, റോഡും, ഉറക്കവുമാണ് പ്രശ്‌നന്മെന്നും

Top