കല്യാശ്ശേരി പിടിക്കാൻ യുവാക്കൾ

പാപ്പിനിശ്ശേരി ∙ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍മന്ത്രി എന്‍. രാമകൃഷ്‌ണന്റെ മകള്‍ അമൃത രാമകൃഷ്‌ണന്‍ കൂടി പ്രചാരണ രംഗത്ത് എത്തിയതോടെ കല്യാശ്ശേരി പിടിക്കാന്‍ യുവാക്കള്‍ തമ്മിലായി മല്‍സരം. ആഴ്‌ചകള്‍ക്കു മുന്‍പേ പ്രചാരണം തുടങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നിലവിലെ എംഎല്‍എയുമായ ടി.വി. രാജേഷ് മണ്ഡലത്തില്‍ ഒരു വട്ടം പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. ബിജെപി സ്ഥാനാര്‍ഥിയും അധ്യാപകനുമായ കെ.പി. അരുണും പ്രചാരണ രംഗത്ത് മുന്നേറിക്കഴിഞ്ഞു.

 

ഇന്നലെ ടി.വി. രാജേഷ് മാടായി മുട്ടം പ്രദേശത്തും ചെറുതാഴം പഞ്ചായത്തുകളിലുമായി വോട്ടര്‍മാരെ നേരിട്ടു കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് എല്‍ഡിഎഫ് മുന്നോട്ടു വെക്കുന്നത്.ദ്യാഭ്യാസ– കാര്‍ഷിക രംഗം, മികച്ച റോഡ്, പാലം എന്നിവ നിര്‍മിക്കാനായതും പ്രചാരണത്തിനുപയോഗിക്കുന്നു. ബൂത്തുതലത്തില്‍ അടക്കം വിവിധ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ നടന്നു കഴിഞ്ഞു. 25 മുതല്‍ കുടുംബയോഗങ്ങള്‍ നടക്കും. മുതിര്‍ന്ന നേതാക്കള്‍ കൂടി കല്യാശ്ശേരിയില്‍ എത്തുന്നതോടെ പ്രചാരണം കൂടുതല്‍ ശക്തമാവും. നിലവില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറായ അമൃത രാമകൃഷ്‌ണന്‍ വിഷു ദിനത്തിലും മാട്ടൂല്‍ പഞ്ചായത്തിലെ മടക്കര, തെക്കുമ്പാട് എന്നിവിടങ്ങളിലെത്തി വോട്ടര്‍മാരെ കണ്ടിരുന്നു. ഇന്നലെ പട്ടുവം, മാടായി പഞ്ചായത്തുകളിലായിരുന്നു പര്യടനം. രാവിലെ കപ്പച്ചേരി നാരായണന്റെ സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി….
പ്രചാരണം തുടങ്ങാന്‍ വൈകിയെങ്കിലും മികച്ച പ്രതികരണമാണ് നാട്ടുകാരില്‍ നിന്നു ലഭിക്കുന്നതെന്ന് അമൃത പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ തന്നെയാണ് മണ്ഡലത്തിലും കാണുന്നതെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് വോട്ടര്‍മാരെ കാണുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടി. സിദ്ദീഖ് മണ്ഡലത്തില്‍ നേടിയ മുന്നേറ്റവും പുതിയ വോട്ടര്‍മാരിലുമാണ് യുഡിഎഫിന്റെ നോട്ടം. 18 ന് പിലാത്തറയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുന്നതോടെ പ്രവര്‍ത്തകര്‍ ഏറെ ആവേശത്തിലാവുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഇരു മുന്നണികളുടെയും കക്ഷിരാഷ്ട്രീയ തട്ടിപ്പ് പറഞ്ഞുകൊണ്ടാണ് ബിജെപി സ്ഥാനാര്‍ഥി കെ.പി. അരുണ്‍ വോട്ടര്‍മാരെ കാണുന്നത്.
ഇന്നലെ മാട്ടൂല്‍ പഞ്ചായത്തിലായിരുന്നു പര്യടനം. മണ്ഡലത്തിന്റെ സമഗ്രവികസനം ഉറപ്പാക്കുമെന്ന് അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു. എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 17 ന് പിലാത്തറയില്‍ നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സൈനുദ്ദീന്‍ കരിവെള്ളൂരും മല്‍സര രംഗത്തുണ്ട്. ചെറുതാഴം, കടന്നപ്പള്ളി പാണപ്പുഴ, മാടായി, ഏഴോം, ചെറുകുന്ന്, കണ്ണപുരം, കല്യാശ്ശേരി, മാട്ടൂല്‍, പട്ടുവം എന്നീ പത്ത് പഞ്ചായത്തുകള്‍ ഉള്‍പെടുന്നതാണ് മണ്ഡലം. സാമൂഹിക മാധ്യമങ്ങളിലടക്കം പുത്തന്‍ പ്രചാരണ രീതികള്‍ പയറ്റിയും വേനല്‍ചൂടിനെ അവഗണിച്ച് നാടിന്റെ ഓരോ കേന്ദ്രങ്ങളിലും നേരിട്ടെത്തിയും വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ എല്ലാ സ്ഥാനാര്‍ഥികളും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top