കെഎൽ 01 സിഡി 0001; ഭാഗ്യ നമ്പറിന് റെക്കോർഡ് തുക

കഴിഞ്ഞദിവസം തിരുവനന്തപുരം ആർടി ഓഫീസിൽ നടന്ന വാഹന നമ്പർ ലേലത്തിലാണ് കെഎൽ 01 സിഡി 01 എന്ന നമ്പറിന് റെക്കോർഡ് തുക ലഭിച്ചത്. തിരുവനന്തപുരം സ്വദേശി കെഎൻ മധുസൂദനനാണ് 5.25 ലക്ഷം രൂപ നൽകി സിഡി 01 എന്ന നമ്പർ സ്വന്തമാക്കിയത്. തന്റെ ഏറ്റവും പുതിയ ലാൻഡ് ക്രൂയിസറിന് വേണ്ടിയാണ് മധുസൂദനൻ 5.25 ലക്ഷം രൂപ നൽകി ഭാഗ്യനമ്പർ ലേലത്തിൽ പിടിച്ചത്. നാലുപേരാണ് സിഡി 01 എന്ന നമ്പറിനായി ലേലത്തിൽ പങ്കെടുത്തത്. ലേലം വിളി നാല് ലക്ഷത്തിലെത്തിയപ്പോൾ 25,000 കൂടെ കൂട്ടിവിളിച്ച് മധുസൂദനൻ ലേലം ഉറപ്പിക്കുകയായിരുന്നു. ലേലത്തുകയ്ക്ക് പുറമേ ഒരു ലക്ഷം രൂപ കൂടി മധുസൂദനൻ മുഖവിലയായി അടയ്ക്കണം. സിഡി 01 എന്ന നമ്പറിനായി നാലുപേരും ഒരു ലക്ഷം രൂപ മുൻകൂട്ടി അടച്ചിരുന്നു. ഇതിൽ ബാക്കി മൂന്നുപേരുടെ പണം തിരികെ നൽകും. തിരുവനന്തപുരം ആർടി ഓഫീസിന് കീഴിലെ ഏറ്റവും പുതിയ നമ്പർ ശ്രേണിയായ സിഡിയിൽ ഒന്നു മുതൽ 565 വരെയുള്ള നമ്പറുകളാണ് ബുക്ക് ചെയ്യാൻ അവസരം നൽകിയത്. ഇതിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള നമ്പറുകൾക്കാണ് കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്. 10,000 രൂപ മുഖവില നിശ്ചയിച്ചിരുന്ന സിഡി 03 എന്ന നമ്പർ 1,16,000 രൂപയ്ക്കാണ് ലേലത്തിൽ പോയത്. ജോൺസൺ വുഡ് ഇൻഡസ്ട്രീസാണ് സിഡി 03 എന്ന നമ്പർ സ്വന്തമാക്കിയത്. നാലുപേർ ലേലം വിളിക്കെത്തിയ സിഡി 07 എന്ന നമ്പർ 96,000 രൂപ നൽകി വി അജയകുമാർ സ്വന്തമാക്കി. 31 ഫാൻസി നമ്പറുകളുടെ ലേലത്തിലൂടെ 12.01 ലക്ഷം രൂപയാണ് തിരുവനന്തപുരം ആർടി ഓഫീസിന് ലഭിച്ചത്.

Latest