
കേരളത്തിന് യു.എ.ഇ വാഗ്ദാനം ചെയ്തുവെന്ന് പറയപ്പെടുന്ന 700 കോടിയുടെ കണക്ക് എവിടെനിന്ന് വന്നുവെന്ന് അന്വേഷിച്ചു വരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍. സഹായം ചെയ്യാമെന്ന യുഎഇയുടെ വാഗ്ദാനത്തിന് നന്ദി അറിയിച്ചാല്‍ അതിന് അര്‍ഥം സ്വീകരിച്ചുവെന്നല്ല.
എന്നാല്‍ യുഎഇ ധനസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. എത്ര തുകയാണ് യുഎഇ നല്‍കാമെന്ന് അറിയിച്ചതെന്ന് വ്യക്തമാക്കാന്‍ മന്ത്രാലയം തയ്യാറായില്ല.
കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ ദുഖം രേഖപ്പെടുത്തിയ യുഎഇ അവരാല്‍ സാധിക്കുന്ന സഹായം ചെയ്യാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു. എന്നാല്‍ 700 കോടി എന്നൊരു കൃത്യമായ സംഖ്യ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ യുഎഇ തലവന്‍ പറഞ്ഞില്ലെന്നാണ് വിദേശകാര്യവക്താവ് പറയുന്നത്.
ഔദ്യോഗികമായി അങ്ങനെയൊരു സഹായവാഗ്ദാനം വന്നാലും നിലവിലെ ചട്ടപ്രകാരമേ തീരുമാനം എടുക്കൂ എന്നും വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.