യു.എ.യില്‍ കനത്ത മഴ; നദിയിലിറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാതായി

യു.എ.ഇയില്‍ കനത്ത മഴയില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി. മഴ ആസ്വദിക്കാന്‍ ഫുജൈറയിലെ നദ്ഹ വാദിയില്‍ കുളിക്കാനെത്തിയ പിറവം സ്വദേശി ജോയിയുടെ മകന്‍ ആല്‍ബര്‍ട്ടിനെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. കൂടെയുണ്ടായിരുന്ന ഒമ്പത് സുഹൃത്തുക്കള്‍ രക്ഷപ്പെട്ടു. റാസല്‍ഖൈമ ബിര്‍ല ഇന്‍സ്റ്റ്യിറ്റിയൂട്ടിലെ എഞ്ചീനിയറിംഗ് വിദ്യാര്‍ത്ഥിയാണ് ആല്‍ബര്‍ട്ട്. മലനിരകളില്‍ നിന്ന് വെള്ളം കുത്തിയൊഴുകിയെത്തിയപ്പോള്‍ വാദിക്കരുകില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കവെ വാഹനത്തോടുകൂടി ഒഴുകിപോവുകയായിരുന്നു. അബുദാബി പൊലീസ് നടത്തിയ തെരച്ചിലില്‍ വാഹനം കണ്ടെത്തിയെങ്കിലും ആല്‍ബര്‍ട്ടിനെ കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസിനൊപ്പം റാസല്‍ഖൈമയിലെയും ഫുജൈറയിലെയും മലയാളി സംഘടനാ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. അടുത്ത ദിവസവും മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളക്കെട്ട് രൂപപെട്ടതിനാല്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടത് മേഖലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. വാദികളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top