നിരോധനാജ്ഞാ ലംഘനം പാതിവഴിയില്‍ ഇട്ടോടി!!! ഭയന്ന് വിറച്ച് യുഡിഎഫ്

ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായി ശക്തമായ നിലപാടെടുക്കാന്‍ കഴിയാതെ നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നിരോധനാജ്ഞ പിന്‍വലിക്കണം, ശബരിമലയില്‍ കരിനിയമം മാറ്റണം എന്ന ആവശ്യങ്ങള്‍ മുന്നോട്ട് വച്ച് യുഡിഎഫ് തന്നെ പ്രത്യക്ഷ സമരത്തിനൊരുങ്ങിയത് വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. എന്നാല്‍ നിരോധനാജ്ഞ ലംഘിക്കും എന്ന് പറഞ്ഞ് തുടങ്ങിയ സമരം പാതിവഴിയില്‍ ഉപേക്ഷിച്ച് പോകുന്നതാണ് കാണാനായത്.

ശബരിമലയിലെ പ്രതിഷേധത്തില്‍ വീണ്ടും യുഡിഎഫിന് കാലിടറി എന്നാണ് സംസാരം. അറസ്റ്റ് ഭയന്ന് യുഡിഎഫ് നേതാക്കള്‍ സന്നിധാനത്തേക്കുള്ള യാത്ര വേണ്ടെന്നു വച്ചത് രാഷ്ട്രീയമായി യുഡിഎഫിന് ലഭിക്കാവുന്ന മേല്‍ക്കോയ്മയാണ് നഷ്ടമാക്കിയത്. ബിജെപി ശബരിമല വിഷയത്തില്‍ ഗോറില്ല സമരമുറകളുമായി കളം കൈയ്യിലെടുത്തതോടെയാണ് യുഡിഎഫിന് വീണ്ടുവിചാരം ഉണ്ടായത്. നിരോധനാജ്ഞ ലംഘിച്ച് ശബരിമലയില്‍ പോകാനുള്ള നീക്കമാണ് യുഡിഎഫ് നേതാക്കള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചത്.ഇത്ര നാണംകെട്ട തന്റേടം ഇല്ലാത്ത അവസ്ഥയില്‍ യുഡിഎഫിലെ ഒരുപിടി ഉന്നത നേതാക്കള്‍ അതും എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ പോലീസ് രാജിന് മുന്നില്‍ മുട്ട് വിറച്ചത് രാഷ്ട്രീയ കേരളത്തില്‍ തങ്ങള്‍ പ്രതിപക്ഷത്തിരിക്കാന്‍ കൊള്ളില്ല എന്നുള്ള ദയനീയമായ കീഴടങ്ങലിന്റെ സന്ദേശമാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ നല്‍കിയിരിക്കുന്നത്. ഈ പ്രതിപക്ഷത്തെ വിശ്വസിച്ച് കേരളത്തില്‍ എങ്ങനെ സമരങ്ങള്‍ വിജയിക്കും? ഭരണ കക്ഷി നടപ്പാക്കുന്ന ഭീകരമായ പോലിസ് വേട്ടയാടലിനും കരി നിയമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും മുമ്പില്‍ നിസ്സഹായരായി നില്‍ക്കുന്ന പ്രതിപക്ഷത്തിന്റെ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുകയാണെന്ന യാഥാര്‍ത്ഥ്യം ഇവര്‍ വിസ്മരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറസ്റ്റ് നേരിട്ടിന്നുവെങ്കില്‍ യുഡിഎഫിന് രാഷ്ട്രീയമായ വന്‍ നേട്ടമാണ് ലഭിക്കുമായിരുന്നത്. സന്നിധാനത്ത് അയ്യപ്പ ഭക്തന്മാര്‍ക്ക് പോലീസിന്റെ വിലക്കുകള്‍ക്കും വിലങ്ങുകള്‍ക്കുമിടയില്‍ അയ്യപ്പ ദര്‍ശനം പൂര്‍ത്തീകരിക്കേണ്ട ദാരുണമായ അവസ്ഥയാണ്. ഇത് കണ്ടറിഞ്ഞ് ഭരണ കൂടത്തിന്റെ മനസ് മാറ്റാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട പ്രതിപക്ഷം അതിനു തുനിയാതെ മടങ്ങി പോയത് അയ്യപ്പ ഭക്തരോട് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം നിറവേറ്റാനുള്ള വലിയ അവസരമാണ് നഷ്ടപ്പെടുത്തിയത്.സന്നിധാനത്ത്

സംഘര്‍ഷങ്ങള്‍ക്കിടയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ അയ്യപ്പ ഭക്തര്‍ക്ക് തീരെ ഇല്ലായെന്നതും ഉയര്‍ത്തിക്കാട്ടേണ്ട ഇച്ഛാശക്തി പ്രതിപക്ഷം കളഞ്ഞു കുളിച്ചു. യുഡിഎഫ് നേതാക്കള്‍ക്ക് ബിജെപിയുടെ രാഷ്ട്രീയ കച്ചവടത്തിന് വേണ്ടി വെല്ലുവിളി ഉയര്‍ത്തുവാന്‍ പോലും കഴിയാത്ത വിധം ദുര്‍ബലാവസ്ഥയിലാണ് തങ്ങളെന്ന് തെളിയിച്ചിരിക്കുകയാണ്. ഒരു വശത്ത് സര്‍ക്കാരും മറുവശത്ത് ബിജെപിയും എന്ന തുറന്ന പോരിനിടയില്‍ നിഷ്പ്രഭമായ പ്രതിപക്ഷത്തിന്റെ ദയനീയ പ്രകടനമാണ് ഇന്ന് കണ്ടത്. ബിജെപിയുടെ നേതാക്കള്‍ ആസൂത്രിതമായി രാഷ്ട്രീയ ലാഭം നോക്കി അറസ്റ്റ് നാടകങ്ങള്‍ക്ക് കളമൊരുക്കുമ്പോഴും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ യുഡിഎഫ് നേതാക്കള്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും അറസ്റ്റ് ഭീഷണിയെ നേരിടാനുള്ള തന്റേടം കാട്ടണമായിരുന്നു.

തുടക്കംമുതല്‍ ശബരിമലയില്‍ കോണ്‍ഗ്രസ് അറച്ചാണ് നിന്നത്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചെങ്കിലും കേരളത്തിലെ നേതാക്കള്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് നോക്കി വിശ്വാസികളോടൊപ്പം ചേരുകയായിരുന്നു. കോണ്‍ഗ്രസില്‍ രണ്ട് നയമാണ് ഈ പ്രശ്‌നത്തില്‍ പ്രകടിപ്പിച്ചത്. എന്നാല്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ കടുത്ത ഗ്രൂപ്പുകാരന്‍ അല്ലാത്തതുകൊണ്ട് കേരളത്തിലെ ഗ്രൂപ്പുകളുമായി ധാരണയില്‍ എത്തുകയായിരുന്നു. അങ്ങനെയാണ് യുവതി പ്രവേശനത്തെ എതിര്‍ത്ത് സമരത്തിനിറങ്ങിയത്. യുഡിഎഫ് നടത്തിയ പ്രക്ഷോഭ ജാഥകളില്‍ ജനപങ്കാളിത്തം കുറവായിരുന്നു.

ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ തടയുമെന്ന് കെ സുധാകരനെ പോലുള്ള നേതാക്കള്‍ ആര്‍എസ്എസ് ശൈലിയില്‍ പ്രസംഗിച്ചുവെങ്കിലും മുല്ലപ്പള്ളി അതിനോട് വിയോജിക്കുകയാണ് ഉണ്ടായത്. രാഹുല്‍ ഗാന്ധിയുടെ നിലപാടിനോടാണ് മുല്ലപ്പള്ളിക്കും താല്പര്യം. അടിയന്തരാവസ്ഥയെ അനുസ്മരിക്കും വിധം പോലീസിന്റെ കരിനിയമങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമ്പോഴും അതിനെതിരെ ക്രിയാത്മകമായ ഒരു പ്രതിപക്ഷമായിരിക്കേണ്ട യുഡിഎഫ് നേതാക്കള്‍ പ്രതിപക്ഷത്തിന്റെ ചുമതലയും ബിജെപിയെ ഏല്‍പ്പിച്ച് കൈകഴുകി മാറി നില്‍ക്കുകയാണ്. അറസ്റ്റിനു മുന്‍പില്‍ മുട്ട് വിറയ്ക്കുന്ന ഈ നേതാക്കള്‍ പ്രതിപക്ഷത്തിന്റെ ശക്തമായ സാനിധ്യവും പ്രാധാന്യവുമാണ് ചോര്‍ത്തിക്കളഞ്ഞു ജനങ്ങള്‍ക്ക് മുന്‍പില്‍ അപഹാസ്യരായത്.

 

Top