ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ ബ്രിട്ടനും വ്യോമാക്രമണം ആരംഭിക്കുമെന്ന് കാമറണ്‍

ലണ്ടന്‍ :ഐ.എസ്.എസ് ഭീകരര്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ ബ്രിട്ടനും തയാറെടുക്കുന്നു. ബ്രിട്ടന്റെ സുരക്ഷ മറ്റു രാജ്യങ്ങള്‍ക്ക് കരാര്‍ നല്‍കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ആണ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ ബ്രിട്ടന്‍ നേരിട്ട് ആക്രമണം നടത്താന്‍ പോകുന്ന കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങള്‍ ബ്രിട്ടനു നേരെയും നടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഒരു മുഴം മുന്‍പേ എറിയാനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം, ആഭ്യന്തര കലാപത്താല്‍ പൊറുതി മുട്ടിയ ഇറാഖ്, അഫ്ഗാനിസ്ഥാന്‍‌, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ സംഘര്‍ഷം അവസാനിപ്പിച്ച്‌ സ്ഥിരത കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ സൈനിക നടപടികള്‍ ഉദ്ദേശിച്ച ഫലം കൊണ്ടുവരാത്ത സ്ഥിതിക്ക് മധ്യ പൂര്‍വ ഏഷ്യയില്‍ വീണ്ടും മറ്റൊരു സൈനിക നടപടിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ തുനിയുന്നത് അഭികാമ്യമാവില്ല എന്ന അഭിപ്രായവും രാജ്യത്ത് ഉയരുന്നുണ്ട്. ലോകസുരക്ഷ തന്നെ അപകടത്തിലാക്കിയ ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളുടെ പിറവിയും ഇത്തരം സൈനിക നടപടികളുടെ ബാക്കിപത്രമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, പാരിസില്‍ സംഭവിച്ചതുപോലുള്ള ആക്രമണങ്ങളില്‍ നിന്ന് ബ്രിട്ടനെ സംരക്ഷിക്കാന്‍ ഐഎസിനെതിരെ സൈനിക നടപടി വേണമെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. ഐഎസ് ഭീകരരെ തുടച്ചുനീക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിടാന്‍ സിറിയയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ തങ്ങള്‍ക്കില്ലെന്നും ബ്രിട്ടന്‍ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top