മാറ് തുറക്കല്‍ സമരവുമായി വനിത ആക്ടിവിസ്റ്റുകള്‍; ഫേസ്ബുക്കില്‍ തങ്ങളുടെ അര്‍ദ്ധനഗ്ന ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രതിഷേധം

കോഴിക്കോട് ഫറൂഖ് കോളേജിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെക്കുറിച്ചും മാറിടത്തെക്കുറിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. അദ്യാപകന്റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തിന്റെ ശക്തി കൂടി സോഷ്യല്‍മീഡിയയില്‍ ഇത് പല രൂപങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. ഇപ്പോളിത് മാറ് തുറക്കല്‍ സമരത്തില്‍ എത്തിയിരിക്കുകയാണ്.

വിവാദ പ്രസംഗത്തിന് പുറകേ, മാറിടത്തിന് മുന്നില്‍ തണ്ണിമത്തന്‍ വെച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങി. ഇതിനിടെയാണ് മാറുതുറക്കല്‍ സമരത്തിനും ആഹ്വാനം ഉണ്ടായത്. തുടര്‍ന്ന് ഏതാനം വനിത ആക്റ്റിവിസ്റ്റുകള്‍ മാറിടം കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ പോസ്റ്റുചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാറിടം തുറന്നു കാണിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ദിയ സനയും രഹന ഫാത്തിമയും. ഇന്നലെ അധ്യാപികയും ആക്ടിവിസ്റ്റുമായ ആരതി എസ്എ ആണ് മാറുതുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തി. രഹനയുടെ മാറിടം തുറന്നു കാണിച്ചുള്ള ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു ദിയ പോസ്റ്റ് ചെയ്തതെങ്കിലും പിന്നീട് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പേജ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയുമാണെന്നാണ് അറിയുന്നത്.

ദിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘ ,പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല .പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു .

അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ – ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം .പെണ്ണിന്റെ ‘ചോയ്സ് ‘ പ്രാചീനആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരതുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു .ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ് .

പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍ ,അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്.
ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം . പുറംകാഴ്ചയുടെ സങ്കുചിത ലൈംഗികബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത് , അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ !

Top