ടൂറിസം വളരണമെങ്കില്‍ മലയാളിയുടെ ഡിഎന്‍എയില്‍ ആതിഥ്യ മര്യാദയുണ്ടാവണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

കാസറഗോഡ് :കേരളത്തിൽ ടൂറിസം വളരണമെങ്കില്‍ മലയാളികളുടെ ഡിഎന്‍എയില്‍ ആതിഥേയ മര്യാദയുണ്ടാകണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
ടൂറിസം വളരണമെങ്കില്‍ ചിന്താഗതിയിലാണ് മാറ്റമുണ്ടാകേണ്ടത്. വിനോദസഞ്ചാര മേഖലയില്‍ എല്ലാ സാധ്യതകളുമുള്ള സംസ്ഥാനമാണ് കേരളം. ഇന്ന് മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 6.88 ശതമാനം വരുമാനം വിനോദസഞ്ചാര മേഖലയില്‍ നിന്നാണ്. കേരളത്തിന് ഇനിയും വളരാന്‍ സാധിക്കുന്ന മേഖലയാണ് ടൂറിസം. എന്നാല്‍, അത് വേണ്ട രീതിയില്‍ വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയില്‍ വളരെയധികം തൊഴില്‍ സാധ്യതകളുണ്ട്. ബേക്കലിന്റെ ടൂറിസം വികസനത്തിന് പ്രത്യേക ശ്രദ്ധ നല്‍കും. ബേക്കല്‍ അടക്കം കാസര്‍കോട് ജില്ലയിലെ കോട്ടകള്‍ കൂട്ടിയിണക്കിയുള്ള ടൂറിസം പദ്ധതികളെക്കുറിച്ച് ആലോചിക്കുമെന്നും കണ്ണന്താനം പറഞ്ഞു. ബേക്കല്‍ ടൂറിസം വികസനത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ച് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ മന്ത്രിക്ക് നിവേദനം നല്‍കി.ബിജെപി ജില്ലാ കമ്മറ്റി കാസര്‍കോട് നടത്തിയ ‘കാസര്‍കോട് ടൂറിസം വികസനം’ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Latest
Widgets Magazine