ഖത്തറില്‍ തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചു; ടണ്‍ കണക്കിന് സാധനങ്ങള്‍ നീക്കി

ഖത്തറിലെ ദോഹ ഇന്‍സ്ട്രിയല്‍ ഏരിയയില്‍ അനധികൃതമായി സ്ഥാപിച്ച നിരവധി കച്ചവട കേന്ദ്രങ്ങള്‍ മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റി. 38 ടണ്‍ സാധനങ്ങളാണ് ഒഴിപ്പിക്കലിന്റെ ഭാഗമായി ഇവിടെ നിന്ന് മാറ്റിയത്.

നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ നിര്‍മാണത്തൊഴിലാളികള്‍ അടക്കമുള്ള താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചെറുകടകളാണ് റെസ്‌ക്യൂ പോലീസായ അല്‍ഫസയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയ്യയും ചേര്‍ന്ന് പൊളിച്ചു നീക്കിയത്.

ഇവിടത്തെ 42, 47, 53 നമ്പര്‍ സ്ട്രീറ്റുകളിലാണ് നടപടി. മലയാളികളുള്‍പ്പെടെ നിരവധി പേരുടെ കടകളാണ് ഇതോടെ ഇല്ലാതായത്.

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരായ പരിശോധന വരുംദിനങ്ങളില്‍ കര്‍ശനമാക്കുമെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്തിന്റെ ശുചിത്വവും നിയമസുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.

അധികൃതരുടെ കണ്ണില്‍പ്പെടാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം നിരവധി സ്ഥാപനങ്ങള്‍ ഖത്തറിലുണ്ട്.

എന്നാല്‍ 2022ലെ ലോകകപ്പ് മല്‍സരങ്ങള്‍ക്കു മുന്നോടിയായി ഖത്തറിലെ വൃത്തിയും ശുചിത്വവും ഉറപ്പുവരുത്തുകയും അനധികൃത സ്ഥാപനങ്ങളെയും താമസക്കാരെയും തുരത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ഇത്തരം പരിശോധനകള്‍ നടത്തുന്നത്.

Latest
Widgets Magazine