മേജര്‍ രവിയുമായുള്ള പിണക്കം അവസാനിപ്പിച്ച വികാരനിര്‍ഭരമായ നിമിഷത്തെക്കുറിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍…

ഉണ്ണി മുകുന്ദനും മേജര്‍ രവിയും പിണക്കം മറന്ന് ഒന്നായത് വാര്‍ത്തയായിരുന്നു. മേജര്‍ രവിയുടെ അറുപതാം പിറന്നാള്‍ ആഘോഷവേളയിലാണ് പിണക്കം മറന്ന് ഉണ്ണി മുകുന്ദന്‍ മേജര്‍ രവിയുടെ അടുത്തെത്തിയത്. ഇപ്പോഴിതാ മേജര്‍ രവിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തതിനെക്കുറിച്ചും തങ്ങളുടെ പിണക്കത്തെക്കുറിച്ചും വിശദീകരണവുമായി ഉണ്ണി മുകുന്ദനെത്തിയിരിക്കുന്നു. ഫേസ്ബുക്കിലാണ് പിണക്കം മറന്നതെങ്ങനെയെന്ന വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജോഷിയുടെ സംവിധാനത്തിലൊരുങ്ങിയ ‘സലാം കാശ്മീര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതായി വാര്‍ത്ത വന്നിരുന്നു. ചിത്രീകരണം കാണാനെത്തിയതായിരുന്നു ഉണ്ണി മുകുന്ദന്‍.

ജോഷിയെ സംഘട്ടനരംഗങ്ങളില്‍ സഹായിക്കാനാണ് മേജര്‍ രവി സെറ്റിലെത്തിയത്. ഒന്നും രണ്ടും പറഞ്ഞ് തര്‍ക്കത്തിലായപ്പോള്‍ ഉണ്ണി മുകുന്ദന്‍ മേജര്‍ രവിയെ അടിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. തന്റെ മകന്റെ പ്രായം പോലും ഉണ്ണിയ്ക്ക് ഇല്ലെന്നും അതിനാല്‍ തന്നെ തനിക്ക് ഉണ്ണിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും മേജര്‍ രവി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ പിന്നിട് ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ വന്നതോടെ പ്രശ്‌നം ഗുരുതരമാണെന്ന് ആരാധകര്‍ വിശ്വസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം …

ജീവിതം നമുക്ക് പലപ്പോഴും സര്‍പ്രൈസുകള്‍ കാത്തുവെച്ചിട്ടുണ്ടാകും. മേജര്‍ രവിയുടെ 60ാം പിറന്നാളിന് അദ്ദേഹത്തിനൊപ്പം നിന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു. ആ ക്ഷണം എനിക്ക് ഒരിക്കലും നിരസിക്കാനാവാത്തതായിരുന്നു. അത് ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുള്ള കാര്യമായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നിന്ന് ഒരു വലിയ പാഠമാണ് ഞാന്‍ നേടിയത്.. ഞങ്ങള്‍ രണ്ടുപേരും മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നവരാണ്. സഹപ്രവര്‍ത്തകരോട് കരുണയുള്ളവരാണ്. ഞങ്ങള്‍ ലക്ഷ്യബോധത്തോട് കൂടി മുന്നേറുന്നവരാണ്. സമാന ചിന്താഗതി ഞങ്ങളുടെ ഭൂതകാലത്തെ എല്ലാ അഭ്യൂഹങ്ങളെയും മുറിവുകളെയും ഇല്ലാതാക്കിയിരിക്കുകയാണ്. ഞങ്ങളുടെ ബന്ധം കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടന്നപ്പോള്‍ അദ്ദേഹത്തെ ലക്ഷ്യമിട്ട് ഒരുപാട് അഭ്യൂഹങ്ങളും ആക്രമണങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ടായി. ഇത് എന്റെ കണ്ണ് തുറപ്പിച്ചു.

ജീവിതത്തില്‍ എന്തൊക്കെയാണ് പ്രധാനപ്പെട്ടത്, എന്തൊക്കെയാണ് അപ്രധാനം എന്നതൊക്കെ തിരിച്ചറിയാനും ഈ സംഭവം കാരണമായി. . ഈ കാലത്തത്രയും ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയും തുണയാവുകയും ചെയ്തവര്‍ നിരവധിയുണ്ട്. ഈ ദിവസം സഫലമാക്കുകയും ഊര്‍ജം പകരുകയും ചെയ്ത ബാദുക്കയെപ്പോലുള്ളവരെ ഈ നിമിഷം ഞാന്‍ സ്നേഹത്തോടെ ഓര്‍ക്കുകയാണ്.

പക്വത എന്നാല്‍ മനസ്സിലുള്ള കാര്യങ്ങള്‍ മാന്യമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവാണ്. ഇതുപോലുള്ള അവസ്ഥകളില്‍ നിന്ന് നമ്മള്‍ എങ്ങനെ വളരുന്നുവെന്നാണ് ആ പക്വതയുടെ അളവ്. ഉപായങ്ങള്‍ പറയാതെ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാക്കുമ്പോഴാണ് നമ്മള്‍ പക്വത കൈവരിക്കുന്നത്. പ്രിയപ്പെട്ട മേജര്‍ നിങ്ങള്‍ക്ക് ഞാന്‍ ആയുരാരോഗ്യ സൗഖ്യവും സന്തോഷവും സമാധാനവും സ്നേഹവും നേരുന്നു. ഭാവിയിലും ഒന്നിച്ചുളള യാത്ര അര്‍ഥവത്താവട്ടെ.

Top