യുഎസില്‍ സാമ്പത്തിക പ്രതിസന്ധി; ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല

വാഷിങ്ടന്‍: യുഎസില്‍ സാമ്പത്തിക പ്രതിസന്ധി. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസായില്ല. 5 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് പ്രതിസന്ധിയുണ്ടാകുന്നത്. ധനകാര്യബില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും. സെനറ്റര്‍മാരുടെ യോഗത്തിലെ വോട്ടെടുപ്പ് പരാജയപ്പെടുകയായിരുന്നു. ‘ഡ്രീമേഴ്‌സ്’ എന്നറിയപ്പെടുന്ന ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാതിരുന്നതിനെ തുടര്‍ന്നാണു ബില്‍ പാസാകാതിരുന്നത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയായിരുന്നു വോട്ടെടുപ്പ്. ബില്‍ പാസാക്കാന്‍ 60 വോട്ടുകളാണു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ 50 വോട്ടുകള്‍ മാത്രമാണ് അവര്‍ക്കു ലഭിച്ചത്. അതേസമയം, അഞ്ചു ഡമോക്രാറ്റ് സെനറ്റര്‍മാര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ നാലു റിപ്പബ്ലിക്ക് അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഫെബ്രുവരി 26 വരെയുള്ള ബജറ്റാണ് സെനറ്റ് തള്ളിയത്. ട്രഷറിയില്‍ നിന്നുള്ള ധനവിനിമയം പൂര്‍ണമായും മുടങ്ങും. പതിനായിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊഴിലില്ലാതാകും. നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കും. 2013ല്‍  സമാന പ്രതിസന്ധി 16 ദിവസമാണ് നീണ്ടുനിന്നത്.

സർക്കാരിന്റെയും ഏജൻസികളുടെയും പ്രവർത്തനത്തിനാവശ്യമായ ധനബിൽ സെനറ്റിൽ പാസാകാതിരിക്കുമ്പോഴാണ് ‘ഷട്ട് ഡൗൺ’ വേണ്ടിവരുന്നത്. ആഭ്യന്തരസുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തര സർവീസുകളുടെ പ്രവർത്തനത്തിന് ആവശ്യമായ പണമാണ് പാസാക്കാൻ സാധിക്കാതിരുന്നത്. ‘ഷട്ട് ഡൗണി’ന്റെ സമയത്ത് 40 ശതമാനത്തോളം പേർക്കുള്ള ശമ്പളവിതരണം തടസ്സപ്പെടുകയും ജോലി നഷ്ടപ്പെടുകയും ചെയ്യും. അതേസമയം, സൈനിക മേഖലകളിൽ ജോലി ചെയ്യുന്നവരെ പ്രശ്നങ്ങൾ ബാധിക്കില്ല. സർക്കാരിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് ബിൽ പാസാക്കണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോൺഗ്രസിലെ അംഗങ്ങൾ സെനറ്റിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനു സാധിച്ചില്ലെങ്കിൽ അവർ പണം പാസാക്കില്ല. ഇത്തവണ ഏഴുലക്ഷത്തോളം വരുന്ന യുവകുടിയേറ്റക്കാരുടെ പ്രശ്നങ്ങൾ കണക്കിലെടുക്കണമെന്ന് ഡമോക്രാറ്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭരണകക്ഷിയായ റിപ്പബ്ലിക്കുകൾ അതനുവദിച്ചില്ല. ‘ഡ്രീമേഴ്സ്’ എന്നറിയപ്പെടുന്ന ഇവർ കുട്ടികളായിരിക്കുമ്പോൾ തന്നെ യുഎസിലേക്ക് കുടിയേറ്റം ചെയ്യപ്പെടുന്നവരാണ്. ബരാക് ഒബാമയുടെ ഭരണകാലത്ത് ഇവർക്ക് താൽക്കാലിക നിയമസാധുത നൽകിയിരുന്നു. എന്നാൽ രാജ്യസുരക്ഷ ഉയർത്തിക്കാട്ടി ഡോണൾഡ് ട്രംപ് സെപ്റ്റംബറിൽ ഇത് റദ്ദാക്കി. കുടിയേറ്റം പ്രത്യേക വിഷമായി കണക്കാക്കണമെന്നാണ് ട്രംപിന്റെ റിപ്പബ്ലിക്കുകളുടെയും ആവശ്യം. 1981 മുതൽ ഇതുവരെ പന്ത്രണ്ട് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കാണ് യുഎസ് സാക്ഷ്യം വഹിച്ചിട്ടുള്ളത്. 1995ൽ ബിൽ ക്ലിന്റൻ പ്രസിഡന്റായിരുന്നപ്പോഴാണ് 21 ദിവസം നീണ്ടുനിന്ന അടിയന്തരാവസ്ഥയുണ്ടായത്. യുഎസ് കണ്ട ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന അടിയന്താവസ്ഥയായിരുന്നു ഇത്. ആരോഗ്യ സംവിധാനങ്ങളിലെ തുകയിൽ കുറവുവരുത്തണമെന്ന് സ്പീക്കർ തന്നെ ആവശ്യപ്പെട്ടതാണു പ്രശ്നമായത്. 2013ൽ ഒബാമയ്ക്കു കീഴിലാണ് അവസാനമായി ‘ഷട്ട് ഡൗണു’ണ്ടായത്. ഒബാമ ഹെൽത്ത്കെയർ പദ്ധതിയായിരുന്നു അന്നു പ്രശ്നമുണ്ടാക്കിയത്. 16 ദിവസം നീണ്ടുനിന്ന ഷട്ട് ഡൗണിൽ 8,50,000 പേർക്കാണു ജോലി നഷ്ടമായത്.

Latest
Widgets Magazine