ഇത്രയേറെ അധപതിച്ചോ സുരേഷ് ഗോപി?: അഭിമന്യുവിന്റെ വീട്ടിലെത്തി സെല്‍ഫിയെടുത്തതിനെതിരെ വി ശിവന്‍കുട്ടി

കൊച്ചി: മഹാരാജാസില്‍ കൊല്ലപ്പെട്ട വടവട സ്വദേശി അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപി എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് വി ശിവന്‍കുട്ടി. വട്ടവടയില്‍ അഭിമന്യുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ സുരേഷ് ഗോപി നാട്ടുകാരോടൊത്ത് സെല്‍ഫി എടുത്തതാണ് ശിവന്‍കുട്ടി വിമര്‍ശിച്ചത്. നാടാകെ മുസ്ലിം വര്‍ഗ്ഗീയവാദികള്‍ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓര്‍ത്ത് വിലപിക്കുമ്പോള്‍ സുരേഷ് ഗോപി കോപ്രായം കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യല്‍മീഡിയയിലും സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിട്ടുണ്ട്.

വി ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,

ഇതെന്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഹേ.

ഒരു നാടാകെ മുസ്ലിം വര്‍ഗ്ഗീയവാദികള്‍ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓര്‍ത്ത് വിലപിക്കുകയാണ്.ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നല്‍കിയ ആഘാതം താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന കാഴ്ചകള്‍ നവമാധ്യമങ്ങള്‍,മാധ്യമങ്ങള്‍ മുതലായവയില്‍ കാണുകയാണ്.

അപ്പോഴാണ് BJPനേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്ഗോപിയുടെ ഇത്തരം കോപ്രായങ്ങള്‍ കാണാനിടയായത്. എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നത്.സെല്‍ഫി എടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കള്‍ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാന്‍ കരുതുന്നത്.
എന്ത് കൊണ്ടെന്നാല്‍ അത്രയേറെ ജീര്‍ണ്ണമായ രാഷ്ട്രീയമാണ് BJP രാജ്യത്ത് ഉയര്‍ത്തുന്നത്.അതിലെ അംഗമായ താങ്കളില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല. ജനങ്ങള്‍ പ്രതികരിക്കും മുന്‍പ് അവിടം വിട്ടാല്‍ നിങ്ങള്‍ക്ക് നല്ലത്.ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാള്‍ക്കും.

Latest
Widgets Magazine