പാലക്കയം തട്ട് ട്രയാങ്കില്‍ ടൂറിസം പദ്ധതിയിൽ അഴിമതി!..വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.കെ.സി. ജോസഫ് പുതിയ കുരുക്കിലേക്ക്

joseph

ഹെറാൾഡ് ന്യുസ് ബ്യുറോ

കണ്ണൂര്‍: മുന്‍മന്ത്രി കെ.സി ജോസഫിന്റെ വികസന നേട്ടമായി ഉയര്‍ത്തിക്കാട്ടിയ പാലക്കയം തട്ട് ട്രയാങ്കില്‍ ടൂറിസം പദ്ധതിയിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. സര്‍ക്കാറിന്റേതല്ലാത്ത ഭൂമിയില്‍ ടൂറിസം വകുപ്പ് 1.30 കോടി രൂപ മുടക്കി വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിയതാണ് ആരോപണങ്ങള്‍ക്കാദാരം. കര്‍ണ്ണാടകത്തിലെ കുടക് മലകളോട് ചേര്‍ന്ന് കിടക്കുന്ന പ്രകൃതി രമണീയമായ പാലക്കയം തട്ടിലാണ് ടൂറിസം വകുപ്പ് ഇത്രയും തുക ചെലവഴിച്ച് സൗകര്യങ്ങളൊരുക്കിയത്. എന്നാല്‍ പാലക്കയം തട്ട് എന്ന ഭൂമി സര്‍ക്കാറിന്റേതല്ല. നടുവില്‍-വെള്ളാട് ദേവസ്വത്തിന്റേയും ചില സ്വകാര്യ വ്യക്തികളുടേയും ഉടമസ്ഥതയിലുള്ള പ്രദേശം റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ ഏറ്റെടുത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് അഴിമതി നടത്തിയെന്നാണ് പരാതി. ഇതേ തുടര്‍ന്ന് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി വിജിലന്‍സ് ഡി.വൈ.എസ്. പിക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ്.
അനധികൃതമായാണ് ദേവസ്വം ഭൂമി ടൂറിസം വകുപ്പ് കൈയ്യേറി വിനോദ സഞ്ചാര കേന്ദ്രം പണിതതും 1.30 കോടി രൂപ ചിലവഴിച്ചതും. അതിന്റെ തെളിവാണ് ഡി.ടി.പി.സി. നിര്‍മ്മിച്ച ടൂറിസം സെന്ററിന് നടുവില്‍ പഞ്ചായത്ത് കെട്ടിട നമ്പര്‍ പോലും വിലക്കിയത്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനുള്ള ഒരു രേഖ പോലും ഡി.ടി.പി.സിക്ക് സമര്‍പ്പിക്കാനായില്ല. വിനോദ സഞ്ചാര വികസനത്തിന് വേണ്ടി സര്‍ക്കാറുകള്‍ ഒഴുക്കുന്ന കോടികള്‍ പാഴാകുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പാലക്കയം തട്ടിലെ നിര്‍മ്മിതികള്‍. സ്വന്തമായല്ലാത്ത സ്ഥലത്ത് ഇത്രയും പണം വിനിയോഗിച്ചതിന് അന്നത്തെ ജില്ലാ കല്ക്ടര്‍ മുതല്‍ സ്ഥലം എം.എല്‍.എ. കൂടിയായ മുന്‍ മന്ത്രി കെ.സി. ജോസഫ് വരെയുളളവര്‍ മറുപടി പറയേണ്ടി വന്നിരിക്കയാണ്.palakkayam
പാലക്കയം തട്ട് പ്രദേശത്തെ സര്‍ക്കാര്‍ റവന്യൂ ഭൂമിയുടെ സ്ഥലം ഏത് അതോറിറ്റിയാണ് ടൂറിസം വകുപ്പിന് കൈമാറിയതെന്ന കാര്യത്തില്‍ ആര്‍ക്കും മിണ്ടാട്ടമില്ല. സത്യത്തില്‍ വെള്ളാട്, നടുവില്‍ വില്ലേജ്, ഈ പദ്ധതിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടില്ലെന്നത് വില്ലേജ് രേഖകള്‍ പ്രകാരം വ്യക്തമാണ്. ഏത് ഭൂമിയിലാണ് സര്‍ക്കാര്‍ പണം മുടക്കി നിര്‍മ്മാണം നടത്തിതെന്ന വിജിലന്‍സ് അന്വേഷണത്തിലൂടെ വ്യക്തമാകും. പദ്ധതിക്കാര്യത്തില്‍ അഴിമതി നടന്നുവെന്ന് വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ടൂറിസം ഡയരക്ടര്‍ അന്നത്തെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ജില്ലാ ഡി.ടി.പി.സി. സെക്രട്ടറി സജി വര്‍ഗ്ഗീസ്, കരാറുകാരന്‍ നിസാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കി തോണക്കല്‍ ബാലകൃഷ്ണന്‍ നില്‍കിയ ഹരജിയിലാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.joseph
1859 ല്‍ ചിറക്കല്‍ കോവിലകം വെള്ളാട് ദേവസ്വത്തിന് ദാനം നല്‍കിയ 19 മലകളില്‍പെട്ടതാണ് പാലക്കയം തട്ട്. ഈ ഭൂമി ഇപ്പോഴും ദേവസ്വത്തിന്റെ കൈയ്യിലാണ്. ഭൂമി തിരിച്ച് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പരാതി നല്‍കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാണ് പാലക്കയം തട്ട് ട്രയാങ്കിള്‍ ടൂറിസം പദ്ധതി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയത്. 2016 ഫെബ്രുവരി 1 നാണ് ജില്ലാ ഡി.ടി.പി.സി. നേതൃത്വത്തില്‍ ഈ ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തി ഉത്ഘാടനം നടന്നത്. ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ ഉദ്ഘാടകനും മണ്ഡലം എം.എല്‍,.എ. കൂടിയായ മന്ത്രി കെ.സി. ജോസഫ് അദ്ധ്യക്ഷനുമായാണ് ചടങ്ങ് നടന്നത്. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിനം പ്രതി ഇവിടെ എത്തിച്ചേരുന്നുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട് പണം അനുവദിച്ചപ്പോള്‍ സര്‍ക്കാര്‍ ഭൂമിയില്‍ മാത്രമേ പദ്ധതി ആരംഭിക്കാവൂ എന്ന് ഗവണ്‍മെന്റ് സെക്രട്ടറി നിഷ്‌ക്കര്‍ഷിച്ചിരുന്നു. എന്നാല്‍ അതെല്ലാം കാറ്റില്‍ പറത്തിയാണ് പാലക്കയം തട്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top