ജിഷ വധം കേസന്വേഷണത്തില്‍ ഗുരുതര വീഴ്ച്ചയെന്ന് വിജിലന്‍സ്; നിലവിലെ കുറ്റപത്രവുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍ തിരിച്ചടി കിട്ടും

കൊച്ചി: കോളിളക്കമുണ്ടാക്കിയ ജിഷ വധക്കേസില്‍ പോലീസിന് ആദ്യാവസാനം ഗുരുതരമായ വീഴ്ച്ച സംഭവിച്ചെന്ന് വിജിലന്‍സ്. കേസന്വേഷണത്തെക്കുറിച്ചുള്ള പരാതിയില്‍ നടത്തിയ അന്വേഷണത്തിന്‍മേലാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് മുതല്‍ പിഴവ് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുന്‍വിധിയോടെയാണ് അന്വേഷണം നടന്നത്. ഇപ്പോഴത്തെ നിലയില്‍ ഈ കുറ്റപത്രവുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും വിജിലന്‍സ് ഡയറക് ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ജനുവരിയിലാണ് 16 പേജ് വരുന്ന അതീവ രഹസ്യ സ്വഭാവത്തിലുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറി. കേസില്‍ അമീറുള്‍ ഇസ്ലാം മാത്രമാണോ പ്രതി എന്ന സംശയവും കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും വിജിലന്‍സ് ഉന്നയിക്കുന്നുണ്ട്.

ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റി. ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. പരിശോധനയില്‍ കണ്ടെത്തിയ വിവരവും സ്വന്തം നിഗമനങ്ങളും ചേര്‍ത്താണ് ഡിജിപി ജേക്കബ് തോമസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ടിപി സെന്‍കുമാര്‍ ഡിജിപിയായിരിക്കെ നടന്ന അന്വേഷണത്തിലും പിന്നീട് ഡിജിപിയായി വന്ന ലോക്‌നാഥ് ബെഹ്‌റ നിയോഗിച്ച പ്രത്യേക സംഘത്തിനും അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

കേസ് അന്വേഷണത്തെ കുറിച്ച് ലഭിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നതിനെ പോലീസ് എതിര്‍ത്തിരുന്നു. ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് ഡിജിപി തള്ളുകയും ചെയ്തു. ഡിജിപി സര്‍ക്കാരിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
കോടതിയില്‍ വിചാരണയിലെത്തി നില്‍ക്കുന്ന കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നിര്‍ണായകമാകും. ഒപ്പം സര്‍ക്കാരിനെ വെട്ടിലാക്കുന്നതുമാണ് റിപ്പോര്‍ട്ട്

Top