മല്യയെ കള്ളനെന്നു വിളിക്കാനാകില്ലെന്ന് നിതിന്‍ ഗഡ്കരി

ഇന്ത്യന്‍ ബാങ്കുകളില്‍ 9000 കോടി രൂപയുടെ തട്ടിപ്പുനടത്തി മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ കള്ളനെന്നു വിളിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മല്യ 40 വര്‍ഷത്തോളം വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിരുന്നു. വ്യോമയാന മേഖലയിലേക്കു കടന്നതിനു പിന്നാലെ അദ്ദേഹത്തിനു പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ഉടന്‍ തന്നെ എങ്ങനെ ഒരാളെ കള്ളനെന്നു വിളിക്കാന്‍ കഴിയും. 40 വര്‍ഷത്തോളം വായ്പകള്‍ കൃത്യമായി തിരിച്ചടച്ചിരുന്ന ഒരാള്‍ ഒരിക്കല്‍ മാത്രം ചെറിയ വീഴ്ച വരുത്തി. അപ്പോള്‍ എല്ലാം തട്ടിപ്പാണെന്നാണു പറയുന്നത്.

ഈ മനഃസ്ഥിതി അത്ര ശരിയായ ഒന്നല്ലെന്നും ഗഡ്കരി പറഞ്ഞു. ടൈംസ് ഗ്രൂപ്പ് സംഘടിപ്പിച്ച സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല്‍പ്പതു വര്‍ഷം മുന്‍പ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സികോമില്‍ നിന്നെടുത്തിരുന്ന വായ്പ വിജയ് മല്യ കൃത്യസമയത്ത് തിരിച്ചടച്ചിരുന്നു. ഏതൊരു ബിസിനസിലും ഉയര്‍ച്ച താഴ്ചകള്‍ സ്വാഭാവികമാണ്. ആര്‍ക്കെങ്കിലും വീഴ്ചയുണ്ടാകുന്നുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും പിന്തുണ അര്‍ഹിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാങ്കിങ്ങോ ഇന്‍ഷുറന്‍സോ ആകട്ടെ എന്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. നീരവ് മോദിയെ വിജയ് മല്യയോ തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ ജയിലിലേക്ക് അയയ്ക്കണം. എന്നാല്‍ സാമ്പത്തികമായി വീഴ്ച സംഭവിച്ചാലുടന്‍ ഒരാളെ തട്ടിപ്പുകാരനെന്നു മുദ്രകുത്തിയാല്‍ നമ്മുടെ സമ്പദ് വ്യവസ്ഥയ്‌ക്കൊരിക്കലും ഉയര്‍ച്ചയുണ്ടാകില്ലെന്നും ഗഡ്കരി പറഞ്ഞു. വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് കഴിഞ്ഞദിവസം ലണ്ടന്‍ കോടതി ഉത്തരവിട്ടിരുന്നു. മല്യയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നതായും വിചാരണയ്ക്കായി ഇന്ത്യയ്ക്കു കൈമാറുന്നതു മനുഷ്യാവകാശ ലംഘനമാകില്ലെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്‌ട്രേട്ട് എമ്മ ആര്‍ബത്‌നോട്ട് വ്യക്തമാക്കിയിരുന്നു.

ആരുടെയെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമാണെങ്കില്‍ അവരെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയാണു ചെയ്യുന്നത്. വ്യവസായങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണു വേണ്ടത്. എന്നാല്‍ നമ്മുടെ ബാങ്കിങ് സിസ്റ്റം തകര്‍ന്നുകൊണ്ടിരിക്കുന്ന കമ്പനികളെ ഐസിയുവില്‍ പ്രവേശിപ്പിക്കുയും അവയുടെ മരണം ഉറപ്പാക്കുകയുമാണു ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

Top