ചാനല്‍ ലൈവിനിടെ അപ്രതീക്ഷിതമായി പക്ഷി പറന്നുവന്ന് അവതാരകയുടെ തലയിലിരുന്നു; വൈറലായി വീഡിയോ

കാലിഫോര്‍ണിയ: ലൈവ് ടെലിവിഷന്‍ പരിപാടിക്കിടെ സ്റ്റുഡിയോയിലേക്ക് അപ്രതീക്ഷിതമായി പറന്നു വന്ന പക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റുഡിയോയിലേക്ക് പറന്നുവന്ന പക്ഷി അവതാരകയുടെ തലയിലിരുന്നതാണ് ചിരിപടര്‍ത്താന്‍ കാരണമായത്. ഇതിന്റെ ദൃശ്യങ്ങള്‍ #birdblooper എന്ന ഹാഷ്ടാഗോടെയാണ് പ്രചരിക്കുന്നത്. ടെലിവിഷന്‍ ഗോള്‍ഡ് ചാനലിന്റെ ‘സൂ ഡേ’ പ്രഭാതപരിപാടിക്കിടെയായിരുന്നു ഐബിസ് പക്ഷി സ്റ്റുഡിയോയിലേക്ക് പറന്നുവന്നത്. സാന്‍ ഡിയാഗോ മൃഗശാലയിലെ പക്ഷികളെ പരിചയപ്പെടുത്തുന്ന എപ്പിസോഡായിരുന്നു അത്. ഇടവേളയിലേക്ക് പോയ ശേഷം മടങ്ങിവരാം എന്ന് പറഞ്ഞുകൊണ്ടിരുന്ന അവതാരക നിഷേല മെദീനയുടെ തലയിലേക്ക് നിശ്ചിതസമയത്തിന് മുമ്പ് ഐബിസ് പറന്നുവന്ന് ഇരിക്കുകയായിരുന്നു. സഹ അവതാരകനായ എറിക് കാന്‍ഹെര്‍ട്ടിന് ആശ്ചര്യം അടക്കാനായില്ല. എന്നാല്‍, ഞെട്ടല്‍ പുറത്ത് കാണിക്കാതെ മെദീന സാഹചര്യത്തെ മനോഹരമായി നേരിട്ടു. രണ്ടു പേരോടും വളരെ ഇണങ്ങിയ രീതിയിലായിരുന്നു ഐബിസിന്റെ പെരുമാറ്റം. മെദീനയുടെ തലയില്‍ നിന്ന് കാന്‍ഹെര്‍ട്ടിന്റെ തലയിലേക്കും പക്ഷി വന്നിരുന്നു. ഇതിലും മികച്ച ആമുഖം സ്വപ്നങ്ങളില്‍ മാത്രമെന്നായിരുന്നു ഐബിസിന്റെ വരവിനെക്കുറിച്ചുള്ള കാന്‍ഹെര്‍ട്ടിന്റെ പ്രതികരണം.

Latest
Widgets Magazine