അർഹത നഷ്ടപ്പെട്ട എ കെ ബാലൻ എത്രയും പെട്ടെന്ന് രാജിവച്ച് സ്ഥാനം ഒഴിയണം. മുഖ്യമന്ത്രി പിണറായി അധികാരമൊഴിയണം –വി.എം. സുധീരൻ

vm-sudheeran

കൊച്ചി:‘ഇങ്ങോട്ട് കിട്ടിയാൽ തിരിച്ചു കൊടുക്കു’മെന്ന നിയമ മന്ത്രി എ. കെ. ബാലന്റെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമവ്യവസ്ഥയിൽ നിന്നുകൊണ്ട് നീതിയും ന്യായവും ഉറപ്പാക്കാൻ ബാധ്യതപ്പെട്ട മന്ത്രി അണികളെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ചോരക്കു ചോര, ജീവന് ജീവൻ, കൊലയ്ക്ക് കൊല എന്ന കാട്ടാള നിയമത്തിന്റെ വക്താവായി മാറിയിരിക്കുകയാണ് മന്ത്രി. ഭീതിയോ പ്രീതിയോ കൂടാതെ ചുമതല നിഷ്പക്ഷമായി നിർവ്വഹിക്കുമെന്ന് പ്രതിജ്ഞചെയ്തു അധികാരത്തിൽ വന്നിട്ടുള്ള മന്ത്രിയുടെ പ്രസ്താവന തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ്. അണികളെ നിയമം കയ്യിലെടുക്കുന്നതിന് പ്രേരിപ്പിക്കുന്ന അതിഗുരുതരമായ കുറ്റമാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇതിന് മന്ത്രിക്കെതിരെ കേസെടുക്കണം. നിയമവിരുദ്ധമായി പ്രവർത്തിച്ചതോടെ മന്ത്രിയായി തുടരാനുള്ള അർഹത നഷ്ടപ്പെട്ട എ കെ ബാലൻ എത്രയും പെട്ടെന്ന് രാജിവച്ച് സ്ഥാനം ഒഴിയണം.

നേരിട്ട് കൊലപാതകം ചെയ്യുന്നവരെ മാത്രമല്ല കൊലയ്ക്ക് പ്രേരിപ്പിക്കുന്നവരെയും അതിനായി അണികളെ പറഞ്ഞയയ്ക്കുന്നവരെയും ഇതിനൊക്കെ വേണ്ടി ഗൂഢാലോചന നടത്തുന്നവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷയ്ക്ക് വിധേയരാക്കിയാൽ മാത്രമേ രാഷ്ട്രീയ കൊലപാതകങ്ങൾ ഇല്ലാതാവുകയുള്ളൂ. കൊലയുടെ ആസൂത്രകരായ ഉന്നത നേതാക്കൾ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നതിൻ്റെ പ്രധാന കാരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പ്രേരണ നൽകുന്ന നേതാക്കൾ സ്വൈരവിഹാരം നടത്തുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇരകളാകുന്ന കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. അതിനു വേണ്ട തുക കൊലപാതകികളിൽ നിന്നോ അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നോ ഈടാക്കാനുള്ള വ്യവസ്ഥ നിയമപരമായി തന്നെ ഉണ്ടാക്കണം.

ടി.പിയുടേയും ഷുഹൈബിൻ്റെയും വധത്തിൻ്റെ പിന്നിൽ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്ന ആവശ്യത്തെ സിപിഎമ്മും ഇടതുമുന്നണി സർക്കാരും എതിർക്കുന്നത് അപ്രകാരം അന്വേഷണം വന്നാൽ ഉന്നത നേതാക്കൾ പിടിക്കപ്പെടും എന്ന ഭീതികൊണ്ട് മാത്രമാണ്. അതുകൊണ്ട് തന്നെയാണവർ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നതും.

കണ്ണൂർ മേഖലയിലെ ആയുധശേഖരങ്ങൾ കണ്ടെത്തണം. നിരന്തരമായി നടന്നുവരുന്ന ബോംബ് നിർമാണം തടയണം. ഇക്കാര്യത്തിൽ പോലീസ് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ഗുണ്ടാ-ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ കരുതൽ നടപടികൾ സ്വീകരിക്കാനും തയ്യാറാകണം.

യഥാർത്ഥ പ്രതികൾക്ക് പകരം ബദൽ പ്രതികളെ അണിനിരത്തുന്ന ഇപ്പോഴത്തെ രീതി പൂർണമായും മാറ്റണം. യഥാർത്ഥ പ്രതികളെ തന്നെ പിടികൂടുകയും ശിക്ഷിക്കപ്പെടുകയും വേണം വേണം. പോലീസ് സംവിധാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കിൽ കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാനാകില്ല..

ചുവപ്പ് കുപ്പായമണിഞ്ഞ് റെഡ് വളണ്ടിയർമാരായി മുദ്രാവാക്യം വിളിക്കുന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും എന്ത് നീതിയാണ് ലഭിക്കുക.

പോലീസിനെ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതോടെ പോലീസിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്തം നിറവേറ്റാനാകാതെയായി.

പോലീസിന്റെ ചുവപ്പ് കുപ്പായമണിയലും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കലും മാർക്സിസ്റ്റ് വൽക്കരണവും ആപൽക്കരമായ തലത്തിലേക്ക് നീങ്ങുന്നതായിട്ടുള്ള ഇന്റലിജൻസ് റിപ്പോർട്ട് നിലവിലുള്ള അതി ഗുരുതരമായ സ്ഥിതിവിശേഷത്തെയാണ് വെളിപ്പെടുത്തുന്നത്. ഇനിയെങ്കിലും ഈ അവസ്ഥ മാറ്റാനായില്ലെങ്കിൽ അരാജകമായ സ്ഥിതിവിശേഷത്തിലേക്കാണ് കേരളം ചെന്നെത്തുക.

അതുകൊണ്ട് സമാധാന ചർച്ചകളെന്ന പ്രഹസനങ്ങല്ല, നിശ്ചയദാർഢ്യത്തോടെ നിയമവാഴ്ച ഉറപ്പുവരുത്താനുള്ള സർക്കാരിൻറെ ബാധ്യത നിറവേറ്റലാണ് ഏറ്റവും പ്രസക്തമായിട്ടുള്ളത്. പോലീസിൻ്റെ പണി പോലീസ് കൃത്യമായി ചെയ്യണം. അതിന് സർക്കാർ അവരെ അനുവദിക്കുകയും ചെയ്യണം.

അതിന് മനസ്സില്ലെങ്കിൽ ഇപ്പണി നിർത്തി അധികാരമൊഴിഞ്ഞ് പാർട്ടി പ്രവർത്തനത്തിലേക്ക് മടങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്ലത്.

Top