എന്റെ തെരുവില്‍ എന്റെ പ്രതിഷേധം: തിരുവനന്തപുരത്ത് വി.എസ് അച്ച്യുദാനന്ദനും അണിചേരും

തിരുവനന്തപുരം: കാശ്മീരില്‍ മുസ്‌ലിം ബാലികയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവുള്‍ കേന്ദ്രീകരിച്ച് ഇന്ന് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്അച്യുതാനന്ദന്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം മാനവീയം വീഥിയില്‍ നടക്കുന്ന പ്രതിഷേധത്തിലാണ് വി.എസ് പങ്കെടുക്കുക.

ബംഗളൂരു സ്വദേശിയായ അരുന്ധതി ഘോഷ് എന്ന ആക്ടിവിസ്റ്റാണ് രണ്ട് ദിവസം മുമ്പ് #MyStreetMyProtest എന്ന ഹാഷ് ടാഗിനൊപ്പം ബംഗളൂരു നഗരത്തില്‍ ഇത്തരം ഒരു പ്രക്ഷോഭത്തിന് ആദ്യം ആഹ്വാനം നല്‍കിയത്. മലയാളി മാധ്യമപ്രവര്‍ത്തകയായ മനില.സി.മോഹന്‍ ഈ സമരാഹ്വാനം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ഇത് പിന്നീട് നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏപ്രില്‍ 15ന് വൈകീട്ട് 5നും 7നും ഇടയ്ക്കുള്ള സമയത്ത് തൊട്ടടുത്തുള്ള തെരുവില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനായിരുന്നു സോഷ്യല്‍ മീഡിയയുടെ ആഹ്വാനം.

ക്രൂരമായ ആക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും എതിരായി തെരുവില്‍ നിന്ന് പ്രതിഷേധിക്കുക എന്ന ആശയം കലാ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരടക്കം നിരവധിപ്പേരാണ് ഏറ്റെടുത്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇന്ന് അഞ്ച് മണിക്ക് ഈ പ്രതിഷേധം നടക്കുമെന്ന് ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

#MyStreetMyProtest
#എന്റെതെരുവില്‍എന്റെപ്രതിഷേധം

ആസിഫയ്ക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും വേണ്ടി,
നമ്മള്‍ നമ്മുടെ തെരുവില്‍ പ്രതിഷേധിക്കുന്നു.
ഏപ്രില്‍ 15 ഞായറാഴ്ച വൈകിട്ട് 5 നും 7 നും ഇടയ്ക്ക്.

നമ്മള്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള തെരുവിന്റെ ഒരു ശ്രദ്ധേയമായ ഭാഗത്ത് നമുക്ക് ഒത്തുചേരാം. ആസിഫയുടെയുടെ ചിത്രങ്ങളും പോസ്റ്ററുകളുമായി. ആസിഫയ്ക്കും ഉന്നാവോയില്‍ റേപ്പ് ചെയ്യപ്പെട്ട ആ പെണ്‍കുട്ടിക്കും നീതി ആവശ്യപ്പെട്ടുകൊണ്ട്.

ഇത് ക്രൂരമായ ആക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരായുള്ള നമ്മുടെ പ്രതികരണമാണ്. കാരണക്കാരായവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരായ നമ്മുടെ പ്രതിഷേധമാണ്. നമുക്ക് തെരുവിലിറങ്ങാം. സുഹൃത്തുക്കളേയും അയല്‍ക്കാരേയും കൂട്ടി ഒന്നിച്ച്.

1) ഒത്തുചേരാനുള്ള സ്ഥലം തീരുമാനിക്കുക. നമ്മുടെ ഏറ്റവും അടുത്ത തെരുവിലെ ശ്രദ്ധേയമായ ഒരു ഭാഗം.

2) സുഹൃത്തുക്കളേയും അയല്‍ക്കാരേയും വിളിക്കുക. പ്രതിഷേധത്തിന്റെ സമയവും ദിവസവും അറിയിക്കുക. വിവരങ്ങള്‍ ഇ-മെയില്‍ ചെയ്യുക. എഫ്.ബി യില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്തു കൊണ്ട് സ്ഥലത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ഇടുക.

3) പോസ്റ്ററുകള്‍ ഉണ്ടാക്കുക.

4) 15ാം തിയതി വൈകിട്ട് 5 മണിക്കു തന്നെ തീരുമാനിച്ച സ്ഥലത്ത് എത്തുക.

5) സുഹൃത്തുക്കളുടേയും അയല്‍ക്കാരുടേയും സാന്നിദ്ധ്യം ഒന്നുകൂടി ഉറപ്പ് വരുത്തുക.

6) തെരുവില്‍ നമ്മള്‍ക്ക് കഴിയുന്നത്ര സമയം നില്‍ക്കാം. അത് നമ്മള്‍ ഒറ്റയ്ക്കാണെങ്കില്‍ പോലും. നമുക്കൊപ്പം കൂട്ടുകാര്‍ ചേരുമെന്ന പ്രതീക്ഷിച്ചു കൊണ്ട് തന്നെ.

7) പ്രതിഷേധത്തെപ്പറ്റി ചോദിക്കുന്നവരോട് അത് വിശദീകരിച്ചു കൊടുക്കുക.

8) ചിത്രമെടുത്ത് #MyStreetMyProtest എന്ന ഹാഷ് ടാഗോടു കൂടി അപ് ലോഡ് ചെയ്യുക.

കടപ്പാട്: അരുന്ധതി ഘോഷ്,
ബാംഗ്ലൂര്‍

Top