മന്ത്രി മേഴ്‌സികുട്ടിയമ്മയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വിടി ബല്‍റാം എംഎല്‍എ; ധാര്‍മ്മീകതയുടെ പേരില്‍ മേനി നടക്കുന്നവരുടെ ഇരട്ടത്താപ്പ് !

കൊച്ചി: ധാര്‍മ്മീകതയുടെ പേരില്‍ മേനി നടിക്കുന്നവര്‍ അഴിമതികേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി മേഴ്‌സികുട്ടിയമ്മയെ രാജിവയ്പ്പിക്കണമെന്ന് വിടി ബല്‍റാം എംഎല്‍എ. അഴിമതിക്കെതിരായ സിപിഎമ്മിന്റെ നിലപാടില്‍ അല്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ എത്രയും പെട്ടെന്ന് രാജി വെച്ചൊഴിയുന്നതാണ് ഉചിതം. അതല്ലെങ്കില്‍ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അതല്ല, പണ്ട് അങ്ങനെ ചെയ്തില്ലേ, ഇങ്ങനെ ചെയ്തില്ലേ എന്നൊക്കെ രാഷ്ട്രീയ മറുവാദമുന്നയിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍ പിന്നെ ധാര്‍മ്മികതയുടെ അവകാശവാദങ്ങളുമായി പിന്നീട് വരാതിരിക്കാനെങ്കിലുമുള്ള മാന്യതയെങ്കിലും കാണിക്കണമെന്ന് ബല്‍റാം ഫേയസ് ബുക്കിലെഴുതിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.
വിടി ബല്‍റാം എംഎല്‍എയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

യുഡിഎഫല്ല എല്‍ഡിഎഫ്,
കോണ്‍ഗ്രസല്ല സിപിഎം’

സ്വജനപക്ഷപാതം എന്ന ‘ജാഗ്രതക്കുറവി’ന്റെ പേരില്‍ കയ്യോടെ പിടികൂടപ്പെട്ട ഇ.പി. ജയരാജന് നില്‍ക്കക്കള്ളിയില്ലാതെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും മേനിനടിക്കാന്‍ ഉപയോഗിച്ച വാക്കുകളാണിവ. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്തമായി അഴിമതിക്കെതിരെ സ്വന്തം നിലക്ക് തന്നെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നവരാണ് തങ്ങളെന്നാണ് എന്നും കമ്മ്യൂണിസ്റ്റുകാരുടെ അവകാശവാദം. വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെടുകയോ മറ്റോ ചെയ്യുന്ന ആരും സ്ഥാനത്ത് തുടരരുതെന്നാണ് എന്നും അവരുടെ ആവശ്യം. ധാര്‍മ്മികതയുടെ മൊത്തക്കച്ചവടക്കാരായാണ് അവര്‍ എന്നും നടിച്ചുപോന്നിട്ടുള്ളത്.

എന്നാലിപ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഇടതുമുന്നണി മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ പോകുന്നു. അഴിമതിക്കെതിരായ സര്‍ക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ നിലപാടിന്റെ ഭാഗമായല്ല ഈ അന്വേഷണം എന്ന് പ്രത്യേകം ഓര്‍ക്കണം, മറിച്ച് വിജിലന്‍സ് കോടതി നേരിട്ട് ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ വിജിലന്‍സ് വകുപ്പ് നിര്‍ബന്ധിതമായിരിക്കുന്നത്. സംസ്ഥാനത്ത് മന്ത്രിമാര്‍ക്കും മറ്റ് ഉന്നതര്‍ക്കുമെതിരായ അന്വേഷണങ്ങളില്‍ വിജിലന്‍സ് മനഃപൂര്‍വം വീഴ്ച വരുത്തുന്നുവെന്ന് കോടതി നിശിതമായി വിമര്‍ശിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.VT Balram mla

തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ ഏതാണ്ട് 10.3 കോടി രൂപയുടെ ക്രമക്കേടാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കും അവരുടെ ഓഫീസിനുമെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. മന്ത്രിയുടെ ഭര്‍ത്താവ് അടക്കമുള്ളവരുടെ ഇതിലെ പങ്കും ആരോപണ വിധേയമായിട്ടുണ്ട്. ഈ വിഷയം നിയമസഭയില്‍ ശ്രീ വി.ഡി. സതീശന്‍ കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ ആരോപണമായി ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ‘സതീശന് ഉളുപ്പുണ്ടോ’ എന്നൊക്കെയാണ് ആരോപണത്തില്‍ സമനില തെറ്റിയത് പോലെ അന്ന് മന്ത്രി ക്ഷുഭിതയായി ചോദിച്ചത്.

മന്ത്രിയെ പിന്തുണച്ച് രംഗത്ത് വന്ന മുഖ്യമന്ത്രിയാകട്ടെ ഡോളറും രൂപയും തമ്മിലുള്ള വ്യത്യാസം സതീശന് മനസ്സിലാകാത്തത് കൊണ്ടാണ് ആരോപണം ഉന്നയിക്കുന്നത് എന്നാണ് വാദിച്ചത്.
എന്നാലിപ്പോള്‍ ആ ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് വിജിലന്‍സ് കോടതിക്ക് ബോധ്യമായിരിക്കുന്നു. അതുകൊണ്ടാണ് ക്വിക്ക് വേരിഫിക്കേഷന്‍ നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വ്വേഷണത്തിനൊടുവില്‍ മതിയായ തെളിവുണ്ടെങ്കില്‍ മാത്രമേ അഴിമതി നടന്നിട്ടുണ്ടോയെന്ന് ഉറപ്പിക്കാന്‍ സാധിക്കൂ എന്ന വാദം അംഗീകരിക്കുന്നു. എന്നിരുന്നാലും എന്തുകൊണ്ട് സര്‍ക്കാര്‍ സ്വന്തം നിലക്ക് ഈ അന്വേഷണ തീരുമാനം എടുത്തില്ല എന്ന ചോദ്യം ശക്തമായി നിലനില്‍ക്കുന്നു. ആരോപണങ്ങളെ പരമാവധി അവഗണിക്കുകയും പിന്നീട് നിവൃത്തിയില്ലാതെ എന്തെങ്കിലും നടപടി എടുക്കേണ്ടി വന്നാല്‍ അതിനെ ധാര്‍മ്മികതയായി വ്യാഖ്യാനിച്ച് പുളകം കൊള്ളുകയും ചെയ്യുക എന്നതാണ് ഈ സര്‍ക്കാരിന്റെ നിലപാട് എന്ന് ജയരാജന്‍ കേസില്‍ നാം കണ്ടതാണ്. ഈ കേസില്‍ എന്തായിരിക്കും സര്‍ക്കാരിന്റെ നിലപാടെന്ന് എത്രയും പെട്ടെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്.

അഴിമതിക്കെതിരായ സിപിഎമ്മിന്റെ നിലപാടില്‍ അല്പമെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ എത്രയും പെട്ടെന്ന് രാജി വെച്ചൊഴിയുന്നതാണ് ഉചിതം. അതല്ലെങ്കില്‍ അവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. അതല്ല, പണ്ട് അങ്ങനെ ചെയ്തില്ലേ, ഇങ്ങനെ ചെയ്തില്ലേ എന്നൊക്കെ രാഷ്ട്രീയ മറുവാദമുന്നയിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് ഉദ്ദേശ്യമെങ്കില്‍ പിന്നെ ധാര്‍മ്മികതയുടെ അവകാശവാദങ്ങളുമായി പിന്നീട് വരാതിരിക്കാനെങ്കിലുമുള്ള മാന്യതയെങ്കിലും കാണിക്കണം

Latest
Widgets Magazine