റോജി റോയിയെ എല്ലാവരും മറന്നു; ജീഷ്ണുവിനുവേണ്ടി കേരളം പോരാട്ടത്തിനിറങ്ങുമ്പോള്‍ കിംസ് ആശുപത്രിയുടെ നെറികേട് എങ്ങിനെ മറക്കാന്‍ കഴിയും

തിരുവനന്തപുരം: സ്വാശ്രയ കേളേജുകളുടെ പീഡനത്തിനെതിരെ കേരളം മുഴുവന്‍ പ്രതിഷേധം പുകയുമ്പോള്‍ എല്ലാവരും മറന്നുപോയ പേരാണ് കിംസ് ആശുപത്രിയുടെ പത്താം നിലയില്‍ നിന്ന് വിണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച റോജി റോയി. മാധ്യമങ്ങളെയും പോലീസിനെയും വിലയ്ക്കുവാങ്ങി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണ വാര്‍ത്തകള്‍ അട്ടിമറിയ്ക്കാന്‍ ശ്രമിചെങ്കിലും സോഷ്യല്‍ മീഡിയയിലുയര്‍ന്ന ശക്തമായ പ്രതിഷേധം കിംസിനെതിരെ നടപടിയെടുക്കുന്നതിലേയ്ക്ക് എത്തിച്ചു. പക്ഷെ സമരം ചില സംഘടനകള്‍ ഏറ്റെടുത്തതോടെ പ്രതിഷേധവും ഇല്ലാതാവുകയായിരുന്നു.

കിംസ് കോളേജ് ഓഫ് നേഴ്സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്സി നേഴ്സിങ് വിദ്യാര്‍ത്ഥി ആയിരുന്ന റോജി റോയ് എന്ന 19കാരി 2014 നവംബര്‍ ആറിന് ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. സംഭവമറിഞ്ഞു ചാനലുകള്‍ എത്തി ഷൂട്ട് ചെയ്തെങ്കിലും ഒരു ദൃശ്യം പോലും പുറത്തു വന്നില്ല. പക്ഷേ, സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ മാധ്യമങ്ങളും അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പ്രശ്നത്തില്‍ ആശുപത്രി അധികൃതരുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരും വരെ ശക്തമായി വിഷയം ഉന്നയിക്കാന്‍ ഒറ്റക്കെട്ടായിത്തന്നെ ശ്രമങ്ങളുണ്ടായി.
എന്നാല്‍ ഇപ്പോള്‍ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് ഉണ്ടായതുപോലെ അന്ന് കിംസ് ആശുപത്രിക്കു നേരെ ചെറുവിരലനക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തയ്യാറായില്ലെന്നത് എത്രമാത്രമുണ്ട് ഉന്നതങ്ങളില്‍ അവരുടെ സ്വാധീനമെന്നതിന് തെളിവായി മാറി. യുഡിഎഫ് ഭരണകാലത്തുണ്ടായ സംഭവത്തില്‍ മന്ത്രി വി എസ് ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരിക്കെയാണ് റോജിയുടെ മരണം സംഭവിച്ചത്. സഹപാഠിയെ റോജി റാഗിങ് നടത്തിയത് പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തെന്നും വിശദീകരണം ആവശ്യപ്പെട്ടെന്നും ഇതില്‍ മനംനൊന്താണ് റോജി പത്തുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചതെന്നും ആയിരുന്നു കോളേജ് അധികൃതരുടെ ഭാഷ്യം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളികത്തിയേതോടെ മുഖ്യാധാരാ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു പ്രതിപക്ഷനേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലെ സമരം തെരുവിലേയ്ക്കും വ്യാപിച്ചു. കിംസ് ആശുപത്രിയിലേക്ക് ജനകീയ മാര്‍ച്ചുള്‍പ്പെടെ പ്രതിഷേധ പരിപാടികള്‍ നടന്നു. എന്നിട്ടും ചില മാധ്യമങ്ങള്‍ വാര്‍ത്ത മുക്കാന്‍ മത്സരിച്ചു.


അനീതിക്ക് എതിരെ പടവാളോങ്ങാന്‍ , അണിചേരുക ,സ്വാശ്രയ കോര്‍പ്പറേറ്റ് ഭീഷണിക്ക് മുന്നില്‍ നിസഹായരായിപ്പോയ മാധ്യമങ്ങള്‍ പിന്തള്ളിയ റോജി റോയ് എന്ന പത്തൊമ്പതുകാരിയെ സോഷ്യല്‍ മീഡിയക്ക് മുന്നില്‍ വയ്ക്കുകയാണ്. മിണ്ടാനും കേള്‍ക്കാനും കഴിയാത്ത അച്ഛന്റെയും അമ്മയുടെയും നാവായി മാറാന്‍ നിങ്ങളെ ക്ഷണിക്കുന്നു എന്ന വിവരണത്തോടെയാണ് നവംബര്‍ 11ന് പ്രത്യേക പേജ് സൃഷ്ടിച്ചാണ് പ്രചരണം നടത്തിയത്. ചുരുങ്ങിയ ദിവസത്തിനകം പതിനായിരങ്ങള്‍ ഈ കൂട്ടായ്മയില്‍ അണിചേര്‍ന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേജിലും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേജിലും അന്വേഷണം ആവശ്യപ്പട്ടുള്ള കമന്റുകള്‍ വന്നു. ഫേസ്ബുക്കിലെ ആയിരക്കണക്കിന് പ്രാഫൈലുകളില്‍ റോജിയുടെ ചിത്രം പ്രെഫൈല്‍ ചിത്രമാക്കിയും പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

റോജിയുടെ മരണത്തെ കുറിച്ച ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഎന്‍എ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു. തുടര്‍ന്ന് സംഭവത്തെ പറ്റി വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും അത് ശരിയായ വഴിയിലല്ല പോയതെന്ന് ആരോപണം ശക്തമായി. തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റോജിയുടെ മാതാപിതാക്കളായ റോയ് ജോര്‍ജ്, സജിത റോയ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു. റോജിയുടെ മരണശേഷവും കിംസില്‍ ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളും നടന്നിരുന്നതായും അതിന് പിന്നിലെ രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.

കൊല്ലം നല്ലില പുതിയില്‍ റോബിന്‍ ഭവനില്‍ ബധിരമൂക ദമ്പതികളായ റോയിയുടെയും സരിതയുടെയും മകളായിരുന്നു റോജി റോയി. പതിനാലുകാരനായ റോബിനാണ് സഹോദരന്‍. പ്രിയപ്പെട്ട മകള്‍ വന്‍കിടക്കാരായ ആശുപത്രി മാനേജ്മെന്റിന്റെ മനസ്സാക്ഷിയില്ലായ്മയ്ക്ക് ഇരയായി വിട്ടു പിരിഞ്ഞപ്പോള്‍ ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ കണ്ണീര്‍വാര്‍ത്തു ഈ ദമ്പതികള്‍. ബധിരമൂക ദമ്പതികളായ ഇവര്‍ക്ക് മനസിലുള്ള കാര്യങ്ങള്‍ തുറന്നു പറയണമെങ്കില്‍ കൂടി ഇവര്‍ക്ക് മറ്റൊരാളുടെ സഹായം വേണം. അങ്ങനെയുള്ള ദമ്പതികള്‍ രാഷ്ട്രീയക്കാര്‍ എല്ലാവരും കൈയൊഴിഞ്ഞതോടെ നീതികിട്ടാന്‍ അവസാന പ്രതീക്ഷയെന്ന നിലയില്‍ കോടതിയെ സമീപിക്കുകയായിരുന്നു. പക്ഷെ സമരം നയിച്ച പല സംഘടനകളും ദുരൂഹമായി സമരത്തില്‍ നിന്ന് പിന്മാറി.
റോജി റോയിയെ ആരെങ്കിലും ആശുപത്രിയുടെ പത്താം നിലയില്‍ നിന്ന് പിടിച്ചു തള്ളിയതാകാമെന്നാണ് ബന്ധുക്കളുടെ വാദം. കേള്‍വിയും സംസാര ശേഷിയുമില്ലാത്ത അച്ഛന്റേയും അമ്മയുടേയും മകളായ റോജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവര്‍ തറപ്പിച്ച് പറയുന്നു.റോജിയുടെ സംസ്‌കാരത്തിന് കോളേജില്‍ നിന്ന് ആരുമെത്താത്തത് എന്തുകൊണ്ടാണെന്നും ബന്ധുക്കള്‍ ചോദിച്ചിരുന്നു. റോജിയുടെ ദുരന്ത ശേഷം പ്രിന്‍സിപ്പള്‍ ലീവെടുത്തു പോയി. റോജിയുടെ ബന്ധുക്കളോട് സംസാരിക്കുന്നതില്‍ നിന്ന് സഹപാഠികളേയും വിലക്കിയിരുന്നു. വീഴ്ചയില്‍ തന്നെ റോജിക്ക് മരണം സംഭവിച്ചിരുന്നുവെങ്കിലും ആറു മണിക്കൂര്‍ കഴിഞ്ഞാണ് കിംസ് ആശുപത്രി അധികൃതര്‍ മരണം സ്ഥിരീകരിച്ചത്. എന്തിന് ഇത്ര കാലതാമസം കാണിച്ചുവെന്നാണ് ഉയര്‍ന്ന മറ്റൊരു സംശയം. മരണ ശേഷം കൃത്രിമ രേഖയുണ്ടാക്കാനാകാം ഈ കാലതാമസമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മറ്റൊരു ആരോപണം.
റോജിക്കെതിരെ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ എഴുതി നല്‍കിയ മൂന്നു പരാതികളും ഒരേ കൈയക്ഷരത്തിലുള്ളതാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകനായ സി.വി. മനു വിത്സണ്‍ മാതാപിതാക്കളുടെ ഹര്‍ജി വിചാരണയ്ക്കെടുത്തപ്പോള്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ചുവോയെന്നും ആരാണ് പരാതികള്‍ എഴുതിയതെന്ന് കണ്ടെത്തിയോയെന്നും ചോദ്യം ചെയ്തിരുന്നുവോയെന്നും കോടതി ആരാഞ്ഞിരുന്നു. തുടര്‍ന്ന് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അലുമിനിയം ബീഡിംഗുള്ള മൂവിങ് ഗ്ലാസില്‍കൂടി റോജി റോയി ചാടി എന്ന കഥ തന്നെ അവിശ്വസനീയമാണെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായ സ്വാമി ഹിമവത് മഹേശ്വര ഭദ്രാനന്ദ ആരോപിച്ചിരുന്നു. . റോജിയുടെ മരണസമയത്തു മാത്രം സിസി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായതും റോജിയുടെ പഴയ ചെരുപ്പിനു പകരം മറ്റൊരു ചെരുപ്പ് സംഭവസ്ഥലത്തു നിന്ന് പൊലീസ് കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

റോജി റോയിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കിംസ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം റാഗിങ് തടയാനുള്ള ഒരു സമിതി പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ വച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തു എന്ന പരാതി ലഭിച്ചു എന്നു പറഞ്ഞാണ് കോളേജ് പ്രിന്‍സിപ്പല്‍ റോജിയെ ആശുപത്രിയിലേക്ക് വിളിക്കുന്നത്. ഇതു തന്നെ തെറ്റായ കീഴ്വഴക്കമായിരുന്നു. ക്യാമ്പസിനുള്ളില്‍ പരാതി പരിഹരിക്കുന്നതിനു പകരം വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് പ്രിന്‍സിപ്പല്‍ വിളിച്ചു വരുത്തി. നിസാരമായ പരാതി ആയിരുന്നിട്ടും ബധിരരും മൂകരുമായ രക്ഷിതാക്കളെ വിളിച്ചു വരുത്തുമെന്ന് പറഞ്ഞു റോജിക്ക് മാനസ്സിക സമര്‍ദ്ദമുണ്ടാക്കുകയായിരുന്നു. റോജിയെ കൂടാതെ മറ്റൊരു വിദ്യാര്‍ത്ഥിനിക്കെതിരെയും ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ഒരു അന്വേഷണവും നടപടിയും ഉണ്ടായതുമില്ല.

Top