കറുത്ത സ്റ്റിക്കര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ സംഭവങ്ങളുടെ പിന്നിലെ സത്യമെന്ത്; സംസ്ഥാന പൊലീസ് മേധാവി പ്രതികരിക്കുന്നു

തിരുവനന്തപുരം: ജനങ്ങലെ ഭീതിയിലാഴ്ത്തുന്ന കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കുന്ന വാര്‍ത്തകളോട് പ്രതികരണവുമായി ഡിജിപി ലോകനാഥ് ബഹ്‌റ. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും പോലീസ് ജനങ്ങളുടെ കൂടെയുണ്ടെന്നും ബെഹ്‌റ പറഞ്ഞു.

കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംഘങ്ങളിറങ്ങിയിട്ടുണ്ടെന്ന വാര്‍ത്തയോടുമാണ് ഡിജിപി പ്രതികരിച്ചത്. പോലീസിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും ബെഹ്‌റ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമൂഹത്തില്‍ വിഭ്രാന്തി സഷ്ടിക്കാനുള്ള കുപ്രചരണം മാത്രമാണിത്. അതിന് യാതൊരു അടിസ്ഥാനവുമില്ല. ഒരു വര്‍ഷം മുമ്പ് മലപ്പുറത്തും സമാനമായ പ്രചരണം നടന്നിരുന്നു. ജനങ്ങളെ പരിഭ്രാന്തരാക്കുക എന്ന ഉദ്ദേശം മാത്രമെ ഇതിന് പിന്നിലുള്ളു. അങ്ങനെ സംഘടിതമായി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ കേരളത്തില്‍ ആരും എത്തിയിട്ടില്ല.

വീട്ടിലെ ജനലില്‍ സ്റ്റിക്കര്‍ ഒട്ടിച്ചുവെന്ന് പറഞ്ഞ് പരിഭ്രാന്തരായി വിളിക്കുന്നവരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് ധൈര്യം നല്‍കാനുമാണ് പോലീസ് വിടുകളില്‍ എത്തി പരിശോധന നടത്തുന്നത്. ഇതിന് പിന്നില്‍ ആരൊക്കെയാണെന്ന അന്വേഷണം പോലീസ് നടത്തുന്നുണ്ട്.

കേരളത്തിലെ അമ്മമാരോട് എനിക്ക് പറയാനുള്ളത്, നിങ്ങള്‍ പേടിക്കേണ്ട എന്നാണ്. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ പരിസരത്ത് പോലീസിന്റെ സംരക്ഷണം നല്‍കാന്‍ തയാറാണ്. സ്റ്റിക്കര്‍ ഒട്ടിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും ആരെയെങ്കിലും തട്ടിക്കൊണ്ടുപോയതായി ഇതുവരെ കേസൊന്നുമില്ലെന്നും ഡിജിപി വ്യക്തമാക്കി. ഇതിന് പിന്നിലുള്ളവരെ അന്വേഷിച്ചുകണ്ടെത്തുമെന്നും ബെഹ്‌റ പറഞ്ഞു.

Top