60 ദിവസത്തെ അജ്ഞാതവാസക്കാലത്ത് രാഹുല്‍ ഗാന്ധി എവിടെയായിരുന്നു ?

ന്യൂഡല്‍ഹി:അജ്ഞാതവാസക്കാലത്ത് രാഹുല്‍ സന്ദര്‍ശിച്ചത് നാല് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ … ഈ വര്‍ഷം ഫിബ്രവരി മുതല്‍ ഏപ്രില്‍ വരെ 60 ദിവസത്തെ അജ്ഞാതവാസക്കാലത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത നാല് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ വിവരം  ഇന്ത്യ ടുഡെ പുറത്തുവിട്ടു. ഫിബ്രവരി 16ന് ന്യൂഡല്‍ഹിയില്‍ നിന്ന് പറന്ന രാഹുല്‍ നേരെ പോയത് ബാങ്കോക്കിലേക്ക്. അവിടെ ഒരു ദിവസം ചിലവഴിച്ച ശേഷം കംബോഡിയയിലേക്ക് പോയി. അവിടെ 11 ദിവസം തങ്ങി. പിന്നീട് ഫിബ്രവരി 28ന് വീണ്ടും തിരിച്ച് ബാങ്കോക്കിലേക്ക്. അവിടെ നിന്ന് മ്യാന്മറിലേക്ക് പോയി അവിടെ 21 ദിവസം ചിലവിട്ടു. മാര്‍ച്ച് ഒന്ന് മുതല്‍ 21 വരെയായിരുന്ന മ്യാന്മറിലെ വാസം. മാര്‍ച്ച് 22 ന് തിരിച്ച് തായ് ലന്‍ഡിലെത്തി അവിടെ അയുത്തയിലെ ബുദ്ധ പൈതൃക കേന്ദ്രം സന്ദര്‍ശിച്ചു. അവിടെ ഒമ്പത് ദിവസം തങ്ങി. മാര്‍ച്ച് 31 ന് വിയറ്റ്‌നാമിലേക്ക് പറന്ന രാഹുല്‍ ഏപ്രില്‍ 12 ന് തിരിച്ച് ബാങ്കോക്കിലേക്ക് എത്തി.

നാല് ദിവസം അവിടെ താമസിച്ച ശേഷം ഏപ്രില്‍ 16 ന് തിരിച്ച് ഇന്ത്യയില്‍ മടങ്ങിയെത്തി. വിദേശപര്യടനത്തില്‍ കോണ്‍ഗ്രസ് നേതാവ് സതീഷ് ശര്‍മ്മയുടെ മകന്‍ സമീറും രാഹുലിനൊപ്പമുണ്ടായിരുന്നു.  ഈ യാത്രയുടെ ഭൂരിഭാഗം ചിലവും ഒരു വിദേശ കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവിധ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയെ തുടര്‍ന്ന്  പൊടുന്നനെ അപ്രത്യക്ഷനായ രാഹുല്‍ എവിടെ എന്നത് ഏറെ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസോ രാഹുലോ നാളിതുവരെ ഇതേക്കുറിച്ച് ഒരു വിശദീകരണവും നല്‍കിയിരുന്നില്ല. യാത്രയുടെ വിശദാശംങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇനി ഈ ദുരൂഹതയാത്രയുടെ ഉദ്ദേശ ലക്ഷ്യം മാത്രമാണ് ഇനി അറിയാന്‍ ബാക്കിയുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top