ലോകത്തില്‍ ശേഷിച്ച അവസാന ആണ്‍ വെള്ള കാണ്ടാമൃഗം സുഡാന്‍ ഓര്‍മയായി

ലോകത്തില്‍ ശേഷിച്ച അവസാന ആണ്‍ വെള്ള കാണ്ടാമൃഗം സുഡാന്‍ ഓര്‍മയായി. കെനിയയിലെ പരിപാലകരാണ് സുഡാന്റെ മരണം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കുറച്ചുനാളുകളായി വാര്‍ദ്ധക്യ സഹജമായ നിരവധി അവശതകളിലായിരുന്നു സുഡാന്‍. നാല്‍പ്പത്തിയഞ്ചു വയസാണ് സുഡാന്റെ പ്രായം. ഇനി ഈ വര്‍ഗ്ഗത്തില്‍പ്പെട്ട രണ്ട് പെണ്‍ കാണ്ടാമൃഗങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതില്‍ ഒന്ന് മകള്‍ നാജിനും, മറ്റൊന്ന് ഇതിന്റെ മകള്‍ ഫാറ്റിയൂയുമാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കെ വലത് കാലില്‍ രൂപപ്പെട്ട വ്രണമാണ് സുഡാന്റെ നില കൂടുതല്‍ മോശമാക്കിയത്. കഴിഞ്ഞ ദിവസം മുതല്‍ കാണ്ടാമൃഗത്തിന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. വലിപ്പവും നിറവും കൊണ്ട് ആരാധകരെ ഏറെ ആകര്‍ഷിപ്പിച്ചവനായിരുന്നു സുഡാന്‍. കഴിഞ്ഞവര്‍ഷം ലോകത്തിലെ ഏറ്റവും മികച്ച ബാച്ച് എന്ന പദവിയിലേക്കും സുഡാന്‍ എത്തിയിരുന്നു. 2009 ല്‍ ആണ് ഇതിനെ കെനിയയില്‍ എത്തിച്ചത്. കെനിയയിലെ നാന്യൂക്കില്‍ സ്ഥിതിചെയ്യുന്ന ഒല്‍ പ്രജറ്റ സംരക്ഷണ കേന്ദ്രത്തിലായിരുന്നു സുഡാനെ പരിപാലിച്ചുപോന്നിരുന്നത്. ബാക്കിയുള്ള രണ്ട് പെണ്‍ കാണ്ടാമൃഗങ്ങളുടെ അണ്ഡം ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ മാത്രമേ വെള്ള കാണ്ടാമൃഗങ്ങളുടെ വര്‍ഗം ഇനി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. 1970 കളില്‍ 20,000 കാണ്ടാമൃഗങ്ങള്‍ കെനിയില്‍ ഉണ്ടായിരുന്നെങ്കിലും 1990 ആകുമ്പോഴേക്കും ഇത് 400 എണ്ണം മാത്രമായി. നിലവില്‍ 650 എണ്ണം മാത്രമാണുള്ളത്. ഇവയെല്ലാം കറുത്ത കാണ്ടാമൃഗങ്ങളാണ്.

Top