അപൂര്‍വ്വ രോഗം ബാധിച്ച് വെളുത്തുപോയ പാമ്പ്

പാലുപോലെ വെളുത്തിരിക്കുന്ന ഈ പാമ്പിനെ കണ്ടോ? ഓസ്‌ട്രേലിയയിലെ ടെറിട്ടറി വന്യജീവി പാര്‍ക്കില്‍ കാണുന്ന സ്ലേറ്റി ഗ്രേ ഇനത്തില്‍പ്പെട്ട പാമ്പാണിത്. ഗ്രേ കളറില്‍ കാണുന്ന പാമ്പ് വെളുത്തിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് വന്യജീവി പാര്‍ക്കിലെ ജീവനക്കാര്‍. ഈ വെളുത്ത തൊലിയുടെ രഹസ്യം ഒരു രോഗമാണ്. ആല്‍ബിനോ എന്ന ജനിതകരോഗം ബാധിച്ച് വെളുത്തുപോയതാണ് ഈ പാമ്പ്. നിരവധി പാമ്പുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെങ്കിലും ഇതിനെ വ്യത്യസ്തനാക്കുന്നത് നിറമാണ്. സാധാരണ ആല്‍ബിനോ പാമ്പുകളുടെ നിറം ഇളം പിങ്കാണ്. എന്നാല്‍ ഈ പാമ്പിന്റെ ശരീരം പൂര്‍ണമായും തൂവെള്ള നിറത്തിലാണ്. കണ്ടാല്‍ ആരും അറിയാതൊന്ന് നാേക്കിപ്പോകും. വടക്കന്‍ ഓസ്‌ട്രേലിയയിലെ വനാതിര്‍ത്തിയിലാണ് വെളുത്ത പാമ്പിനെ കണ്ടെത്തിയത്. ഇതുവരെ കാണാത്ത നിറത്തില്‍ പാമ്പിനെ കണ്ടതോടെ പ്രദേശവാസികളാണ് വനം വകുപ്പിനെ വിവരമറിയിച്ചത്. ഉദ്യോഗസ്ഥരെത്തി പാമ്പിനെ വിശദമായ പരിശോധിച്ചു. സാധാരണ ആല്‍ബിനോ രോഗം ബാധിക്കുന്ന ജീവികളുടെ കണ്ണുകള്‍ കടുത്ത പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത്. എന്നാല്‍, ഈ പാമ്പിന്റെ കണ്ണ് തവിട്ട് നിറത്തിലാണ്. ഏതായാലും പാമ്പിന്റെ അപൂര്‍വ്വ രൂപം കണക്കിലെടുത്ത് ഇതിന് പ്രത്യേക സംരക്ഷണം നല്‍കാനാണ് അധികൃതരുടെ തീരുമാനം.

Top