![](http://dailyindianherald.com/wp-content/uploads/2015/09/Joy-mathew-actor.jpg)
കൊച്ചി:തെരുവ് നായ വിഷയത്തില്‍ നടന്‍ ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.ആരെയാണ് ചങ്ങലയ്ക്കിടേണ്ടത്?തെരുവ് നായകള്‍ ഇന്നലെ ഒരു ദിവസം കൊണ്ട് രക്തദാഹികളായതല്ല ! സായ്പിന്റെ സങ്കര വര്‍ഗ്ഗത്തെക്കാള്‍ നന്ദിയും സ്നേഹവും അനുസരണയും ഈ പാവം പിടിച്ച നാടന്‍ പട്ടികള്‍ക്കാണ്. എന്തുകൊണ്ട് അവര്‍ മനുഷ്യരെ കടിക്കുന്നവരായി? തെരുവുനായ്‌ക്കളെ കൊല്ലുന്നതിന് മുമ്പ് അവയ്‌ക്ക് വളരാനുള്ള സൗകര്യമൊരുക്കുന്ന മലയാളികളെ ചങ്ങലയ്‌ക്ക് ഇടുകയല്ലേ വേണ്ടതെന്ന് ജോയ് മാത്യു ചോദിക്കുന്നു. ഫേസ്‌ബുക്ക് പേജിലൂടെയാണ് വിഷയത്തില്‍ ജോയ് മാത്യു പ്രതികരിച്ചത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം:
‘തെരുവ് നായകള്‍ ഇന്നലെ ഒരു ദിവസം കൊണ്ട് രക്തദാഹികളായതല്ല ! സായ്പിന്റെ സങ്കര വര്‍ഗത്തേക്കള്‍ നന്ദിയും സ്നേഹവും അനുസരണയും ഈ പാവം പിടിച്ച നാടന്‍ പട്ടികള്‍ക്കാണ്.എന്തുകൊണ്ട് അവര്‍ മനുഷ്യരെ കടിക്കുന്നവരായി?
തെരുവ് മൃഗങ്ങളോട് അലിവ് കാണിക്കണമെന്ന് പറയുന്ന മനേക(മനേക ഗാന്ധി എന്നും പറയും ) അടിയന്തിരാവസ്‌ഥക്കാലത്ത് തെരുവിലും ചേരിയിലും കഴിഞ്ഞിരുന്ന ദരിദ്രരായ യുവാക്കളെ തെരുവുനായകളെക്കാള്‍ ക്രൂരമായി ഓടിച്ചിട്ടു പിടിച്ചു വന്ധ്യംകരണം നടത്തുന്നതിനു നേതൃത്വം നല്‌കിയ തന്റെ ഭര്‍ത്താവ് സഞ്‌ജയ് (സഞ്‌ജയ് ഗാന്ധി എന്നും പറയും )നോട് അത് പാടില്ല എന്ന് പറയാന്‍ പറ്റിയില്ല. എന്നിട്ട് ഇപ്പോള്‍ നമ്മോട് പറയുന്നു തെരുവ് നായ്‌ക്കള്‍ കടിക്കാന്‍ വരുമ്പോള്‍ മരത്തില്‍ കയറാന്‍.
തെരുവ് നായ്‌ക്കളെ കൊല്ലണോ ചങ്ങലക്കിടണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് നാം അന്വേഷിക്കെണ്ടത്.
തെരുവ് നായകള്‍ ഇത്ര മാത്രം അപകടകാരികളാകുവാന്‍ കാരണം എന്താണെന്നാണ്.
വിവരമുള്ള എന്റെ സുഹൃത്തുക്കള്‍ പറയുന്നത് വെച്ചു നോക്കുമ്പോള്‍ എനിക്കും തോന്നിയത് നമ്മുടെ അറവു ശാലനടത്തിപ്പുകാരും പിന്നെ ആധുനിക സമൂഹമെന്ന് മേനി നടിക്കുന്ന നമ്മളുമാണ് ഇതിന്റെ കാരണക്കാര്‍ എന്നാണ്.
അറവുശാലക്കാര്‍ വഴിയോരങ്ങളിലും മറ്റും കൊണ്ട് തള്ളുന്ന ചോരയിറ്റുന്ന മാംസഭാഗങ്ങളും, ആശുപത്രി നടത്തിപ്പുകാര്‍ ,ഹോട്ടലുകാര്‍ തുടങ്ങി ഈ നമ്മള്‍ ആധുനിക മലയാളികള്‍ ആഘോഷപൂര്‍വം പൊതുവഴിലേക്കു വലിച്ചെറിയുന്ന ഭക്ഷണാവശിഷ്‌ടങ്ങളും കഴിച്ചു ശീലിച്ചു പാവം പിടിച്ച നമ്മുടെ നാടന്‍ പട്ടികള്‍ രക്‌തദാഹികളായി.
അപ്പോള്‍ തെരുവ് നായകളെ കൊല്ലുന്നതിനു മുന്‌പ് ചങ്ങലക്കിടെണ്ടത് ആരെയാണ് എന്നാലോചിക്കുക.പൊതുസ്‌ഥലങ്ങളില്‍ വേസ്‌റ്റ് കൊണ്ടുതള്ളുന്ന അപരിഷ്‌കൃതരായ നമ്മളെയോ അല്ലെങ്കില്‍ മാലിന്യ നിര്‍മാര്‍ജ്‌ജനമല്ല മെട്രോ വികസനമാണ് നമുക്ക് വേണ്ടതെന്നു തീരുമാനിക്കുന്ന നമ്മള്‍ തിരഞ്ഞെടുത്തതും അധികാരത്തിലിരിക്കുന്നതുമായ ജന സേവകരെയോ?.’