ആരു നയിക്കും പിണറായിയോ വി.എസോ ?നായക വിവാദം ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു.തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കില്‍ ജനവികാരം ഇളകുമെന്ന സൂചന നല്‍കി വി.എസ്

തിരുവനന്തപുരം: വി.എസ് ഇനിയും മല്‍സരിക്കുമെന്ന സൂചനകള്‍ പുറത്തു വന്നതോടെ സി.പി.എമ്മില്‍ നായക വിവാദം കത്തിത്തുടങ്ങി .ഇടതുമുന്നണിയെ വി.എസ് നയിക്കുന്നതായിരിക്കും നല്ലതെന്ന് കഴിഞ്ഞദിവസം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതോടെയാണ് ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്. കാനം രാജേന്ദ്രന്റെ പ്രസ്താവനക്ക് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള അവകാശമെങ്കിലും സി.പി.എമ്മിന് തരണമെന്ന പരിഹാസ രൂപത്തിലുള്ള മറുപടിയാണ് കാനത്തിന് കോടിയേരി നല്‍കിയത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു മത്സരിക്കണമെന്ന കാര്യത്തിലും സി.പി.എം- സി.പി.ഐ തര്‍ക്കം രൂക്ഷമായിരിക്കുന്നു
ഇതോടെ നായകനെ ചൊല്ലിയുള്ള തര്‍ക്കത്തിന് മുന്നണിയില്‍ പുതിയ ഭാവം കൈവരുകയാണ്. താന്‍ മത്സരിക്കണോ വേണ്ടയോയെന്ന് ജനങ്ങളും പാര്‍ട്ടിയും തീരുമാനിക്കുമെന്ന് വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങളുടെ അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രമായിരിക്കും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ആരു നയിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിശ്ചയിക്കേണ്ട സമയത്ത് തന്നെ പാര്‍ട്ടിയും ജനങ്ങളും അത് തീരുമാനിക്കും. പാര്‍ട്ടിയുടെയും ജനങ്ങളുടെയും അഭിലാഷ പ്രകാരമായിരിക്കും മത്സരിക്കുകയെന്നും താന്‍ ചിന്തിക്കുന്നത് അങ്ങനെയാണെന്നും വി.എസ് വ്യക്തമാക്കി. മാറി നില്‍ക്കാനാവില്ലെന്ന് പറയാതെ പറഞ്ഞാണ് വി.എസ് തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന കാര്യത്തില്‍ സി.പി.എമ്മിനുള്ളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുന്‍കാലങ്ങളെ ഓര്‍മിപ്പിച്ച് ‘ജനങ്ങളുടെ’ അഭിലാഷത്തിന് വിട്ട് വി.എസ് നിലപാട് വ്യക്തമാക്കിയത്. സി.പി.എം സംഘടനാരീതിയനുസരിച്ച് പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കുമെന്നാണ് നേതാക്കള്‍ പ്രതികരിക്കേണ്ടത്.

”തനിക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ലെങ്കില്‍ ജനവികാരം ഇളകുമെന്ന സൂചനയാണ് ‘ജനാഭിലാഷം’ എന്ന പ്രയോഗത്തിലൂടെ വി.എസ് പാര്‍ട്ടിക്ക് നല്‍കിയത്. ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമായിരിക്കും തീരുമാനിക്കുകയെന്ന് കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട്ട് പറഞ്ഞു. വി.എസിന് ലഭിക്കുന്ന അംഗീകാരം പാര്‍ട്ടിക്കുള്ള അഭിനന്ദനം കൂടിയാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.”

 

പ്രതിപക്ഷ നേതാവായ വി.എസിന്റെ നേതൃത്വത്തിലാണു തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനെ എല്‍ഡിഎഫ് നേരിട്ടതെന്നും നല്ല രീതിയില്‍ വിജയിക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനും വി.എസ്. നേതൃത്വം നല്‍കുന്നത് മുന്നണിക്ക് ഗുണകരമാകുമെന്നുമാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായം തടസമല്ലെന്നും അത് വി.എസിനും ബാധകമാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. വീണ്ടും മത്സരിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്തണമെന്ന മോഹവുമായി കഴിയുന്ന വി.എസിന് ഇത് പിടിവള്ളിയായി. തുടര്‍ന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

Top