മലയാളത്തിലെ മികച്ച സ്വഭാവ നടന്‍ ഒടുവില്‍ ഉണ്ണികൃഷണന്റെ കുടുംബത്തിന് സംഭവിച്ചത്; അത്താണിയായി എത്തിയത് ചിലര്‍ മാത്രം

മലയാള സിനിമയ്ക്ക് മറക്കാനാകാത്ത ഒരു പിടി നല്ല വേഷങ്ങള്‍ അരങ്ങില്‍ ആടിത്തീര്‍ത്ത നടനാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. സ്വതസിദ്ധമായ അഭിനയശേഷി കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച ആ പ്രതിഭ വിടവാങ്ങുന്നത് 2006 മെയ് 27 നായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്നായിരുന്നു മരണം.

ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മരിച്ചശേഷം അദേഹത്തിന്റെ ഭാര്യയും മക്കളും എങ്ങനെയാണ് ജീവിക്കുന്നതെന്ന് ഇന്നും ഒരാളും അന്വേഷിച്ചിട്ടില്ല. സൂപ്പര്‍ താരങ്ങളുടെ സപ്തതിയും പട്ടിക്കുട്ടിയുടെ ജന്മദിനവും ആഘോഷിക്കുന്നവര്‍ വരെ ഒടുവിലിന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടു വന്നില്ല. ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഒടുവിലിന്റെ ഭാര്യ പത്മജ ഭര്‍ത്താവ് മരിച്ചശേഷമുള്ള ജീവിതത്തെക്കുറിച്ചും സിനിമലോകത്തിന്റെ നന്ദിയില്ലായ്മയെക്കുറിച്ചും മനസു തുറക്കുന്നു.

അദേഹം മരിച്ചശേഷം ഞാനും അമ്മയും മാത്രമാണ് പാലക്കാട്ടെ കേരളശേരിക്ക് അടുത്തുള്ള ഈ വീട്ടില്‍ താമസം. അമ്മക്ക് 89 കഴിഞ്ഞു കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാനൊന്നും വയ്യ. അമ്മയുടെ കാര്യങ്ങള്‍ നോക്കി ഞാനിവിടെ മുഴുവന്‍ സമയവും ഉണ്ടാകും. അമ്മക്ക് കിട്ടുന്ന പെന്‍ഷന്‍ കൊണ്ടാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം. എനിക്ക് ഒരു പരാതിയും ഇല്ല. അച്ഛന്‍ മിലിട്ടറിയിലായിരുന്നതിനാല്‍ അച്ഛന്റെ മരണശേഷം കിട്ടുന്നതാണ് പെന്‍ഷന്‍. അതുകൊണ്ട് ജീവിച്ചു പോകാം. പിന്നെ അടുത്തകാലത്തായി വാര്‍ദ്ധക്യകാല പെന്‍ഷനായി 1000 രൂപയും കിട്ടുന്നുണ്ട്. ഓണത്തിനോ, വിഷുവിനോ പെരുന്നാളിനുമൊക്കെയാണ് ഈ പണം വരുന്നത് എങ്കിലും ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഇപ്പൊ ഇതൊക്കെ ധാരാളം ആണ്.

കലാഭവനില്‍ നിന്നും സിനിമയില്‍ എത്തിയ ആ പ്രമുഖ നടന്‍ കുറച്ച് കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ഠൗണില്‍ കട ഉദ്ഘാടനത്തിന് പോയത് ഒടുവിലിന്റെ നാട്ടിലൂടെയാണ്. വീട്ടില്‍ ഇറങ്ങാന്‍ സമയമില്ലെന്ന് പറഞ്ഞ് പോയി ( ഒരുകാലത്ത് രാജസേനന്‍ ചിത്രങ്ങളിലെ സ്ഥിരം നായകനാണ് ഈ നടന്‍. ഇപ്പോഴും നായകവേഷങ്ങളില്‍ സജീവമാണ്) വീടിനടുത്ത് ആണ് ലൊക്കേഷനെങ്കില്‍ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതാണ് ഒടുവിലിന് ഇഷ്ടം. മിക്കവാറും ഒറ്റപ്പാലത്ത് സിനിമാ ചിത്രീകരണങ്ങള്‍ ഉണ്ടായത് ഒടുവിലിന് വീട്ടിലെത്താന്‍ എപ്പോഴും സഹായകമായിരുന്നു. ആ സമയത്ത് ഒടുവിലിന്റെ കൂടെ വീട്ടുഭക്ഷണം തേടി മറ്റു സിനിമക്കാരും വരാറുണ്ടായിരുന്നു. അന്ന് കൂടെ വന്നവരൊന്നും പിന്നീട് മരണശേഷം വന്നിട്ടില്ല.

സിനിമക്കാരില്‍ സഹായിച്ചവരുടെ പേരുകളും പത്മജ ഇപ്പോഴും ഓര്‍ക്കുന്നു. സത്യന്‍ അന്തിക്കാടും നടന്‍ ദിലീപും ചെയ്തു തന്ന സഹായങ്ങള്‍ ഒരിക്കലും മറക്കാനാകില്ലെന്ന് അവര്‍ പറയുന്നു. ഒടുവിലിന്റെ മരണസമയത്തും പിന്നീടും സഹായിച്ച വകയില്‍ ദിലീപിന് മുപ്പതിനായിരം രൂപ മടക്കി കൊടുക്കാനുണ്ടെന്നാണ് ഒടുവിലാന്റെ ഭാര്യ പത്മജ പറഞ്ഞത്. ദിലീപ് ഒരിക്കലും ആവശ്യപ്പെടാത്ത പണമാണിത്.

ഇവര്‍ രണ്ടു പേരുമല്ലാതെ മറ്റാരു കാര്യമായ സഹായം ചെയ്യുക പോയിട്ട് അന്വേഷിക്കുക പോലും ചെയ്തിട്ടില്ലെന്ന് അവര്‍ പറയുന്നു. 1975 ലാണ് പത്മജയെ ഒടുവില്‍ വിവാഹം കഴിക്കുന്നത്. 1970 ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ദര്‍ശനം എന്ന ചിത്രത്തിലാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആദ്യമായി അഭിനയിച്ചത്.

Latest
Widgets Magazine