യുവതി കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ചനിലയിൽ; ചോരയിൽ കുളിച്ച് ഭർത്താവും

തൃശൂർ: സോഫ്റ്റ്വെയർ എൻജീനിയറായ യുവതിയെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മനപ്പടി സ്വദേശി സൗമ്യയെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൗമ്യയുടെ മൃതദേഹത്തിന് സമീപം ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാലക്കുടി മനപ്പടിയിൽ താമസിക്കുന്ന ലൈജോയെയാണ് ഗുരുതരമായ പരിക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സൗമ്യയെ വെട്ടിക്കൊന്നതിന് ശേഷം ലൈജോ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. കൊരട്ടി ഐടി പാർക്കിൽ സോഫ്റ്റ്വെയർ എൻജിനീയറായ ലൈജോയും, കൊച്ചിയിൽ സോഫ്റ്റ്വെയർ എൻജിനീയറായ സൗമ്യയും ഒരു വർഷം മുൻപാണ് മനപ്പടിയിൽ വീട് വാങ്ങി താമസമാരംഭിച്ചത്. ഒമ്പത് വയസുള്ള മകനുണ്ട്.
ലൈജോ-സൗമ്യ ദമ്പതികളുടെ മകൻ ആരോൺ മുത്തച്ഛനെ വിളിച്ച് പറഞ്ഞപ്പോഴാണ് ഏവരെയും നടുക്കിയ കൊലപാതകവിവരം പുറത്തറിഞ്ഞത്.

ബുധനാഴ്ച രാവിലെ ഉറക്കം എഴുന്നേറ്റ ആരോൺ രാവിലെ മുതൽ അമ്മയെയും അച്ഛനെയും വിളിച്ചെങ്കിലും മുറിയിൽ നിന്ന് പ്രതികരണമുണ്ടായില്ല. മുറി അകത്ത് നിന്ന് പൂട്ടിയിട്ട നിലയിലായതിനാൽ ആരോൺ പല തവണ വാതിലിൽ മുട്ടിവിളിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷവും അമ്മ മുറിയിൽ നിന്ന് പുറത്തുവരാത്തതിനാൽ ആരോൺ മുത്തച്ഛനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു.

ഈ സമയം വരെ ഒന്നും കഴിക്കാതെ വിശന്നിരുന്ന ആരോൺ താൻ പട്ടിണിയാണെന്നും മുത്തച്ഛനോട് പറഞ്ഞിരുന്നു. ആരോൺ വിളിച്ചതനുസരിച്ച് മനപ്പടിയിലെ വീട്ടിലെത്തിയ മുത്തച്ഛനും ബന്ധുക്കളുമാണ് സൗമ്യയും ലൈജോയും ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് മുറിയുടെ വാതിൽ പൊളിച്ച് ബന്ധുക്കൾ അകത്തുകയറിയെങ്കിലും സൗമ്യ മരണപ്പെട്ടിരുന്നു. രക്തത്തിൽ കുളിച്ചുകിടന്നിരുന്ന ലൈജോയ്ക്ക് ജീവനുണ്ടെന്ന് മനസിലായതോടെ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇതിനിടെ വിവരമറിഞ്ഞ് ചാലക്കുടി പോലീസും മനപ്പടിയിലെ വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ച ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് സൗമ്യ കൊല്ലപ്പെട്ടത്.  കൊല്ലപ്പെട്ട സൗമ്യയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ലൈജോയും സോഫ്റ്റ്വെയർ എൻജിനീയർമാരാണ്. ലൈജോയ്ക്ക് കൊരട്ടി ഐടി പാർക്കിലും, സൗമ്യയ്ക്ക് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലുമായിരുന്നു ജോലി.

അതിനിടെ ലൈജോ കുറച്ചുനാളായി ജോലിക്ക് പോയിരുന്നില്ല. കടുത്ത വിഷാദരോഗം ബാധിച്ചിരുന്നതിനാലാണ് ലൈജോ ജോലിക്ക് പോകാതിരുന്നതെന്നാണ് പോലീസിന്റെ സംശയം.
ഒരു വർഷം മുൻപാണ് ലൈജോയും സൗമ്യയും മനപ്പടിയിൽ വീട് വാങ്ങി താമസം തുടങ്ങിയത്. ഇവർക്കിടയിൽ കുടുംബവഴക്ക് പതിവായിരുന്നുവെന്നാണ് അയൽവാസികളുടെ മൊഴി. ബുധനാഴ്ച രാവിലെയും വഴക്കുണ്ടായിരിക്കാമെന്നും, അതിനിടെ ലൈജോ സൗമ്യയെ വെട്ടിക്കൊലപ്പെടുത്തിയതാകാം എന്നുമാണ് പോലീസിന്റെ നിഗമനം.

ഇതിനുശേഷം ലൈജോ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകുമെന്നാണ് ശരീരത്തിലെ മുറിവുകൾ നൽകുന്ന സൂചന. എന്തായാലും ആശുപത്രിയിൽ കഴിയുന്ന ലൈജോയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ സംഭവിച്ചതെന്താണെന്ന് വ്യക്തമാവുകയുള്ളു. മരിച്ച സൗമ്യയുടെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Latest
Widgets Magazine