നടിയെ ആക്രമിച്ച കേസില്‍ വന്‍വഴിത്തിരിവ്; പ്രധാന സാക്ഷി മൊഴി മാറ്റി; ദിലീപിന് അനുകൂലമായി പുതിയ മൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷി മൊഴി മാറ്റി. ദിലീപിന് അനുകൂലമായാണ് പുതിയ മൊഴി നല്‍കിയിരിക്കുന്നത്. ‘ലക്ഷ്യ’യിലെ ജീവനക്കാരനാണ് കോടതിയില്‍ മൊഴി മാറ്റിയത്. പ്രതി പള്‍സര്‍ സുനില്‍ കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിന് കിട്ടി. മൊഴിമാറ്റത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിലീപ് ജാമ്യത്തിലിറങ്ങും മുന്‍പാണ് സാക്ഷി, മൊഴി മാറ്റിയത്.

കീഴടങ്ങുന്നതിന്റെ തലേദിവസമാണ് സുനി ലക്ഷ്യയില്‍ എത്തിയത് എന്നായിരുന്നു നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നത്. ലക്ഷ്യയുടെ വിസിറ്റിംഗ് കാര്‍ഡും സുനിയുടെ കൈയില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. സുനി എത്തുമ്പോള്‍ കാവ്യ ലക്ഷ്യയില്‍ ഉണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴിയില്‍ നേരത്തെ പറഞ്ഞിരുന്നതാണ്.

മൊഴി മാറ്റത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ദിലീപുമായി അടുപ്പമുളള കൊച്ചിയിലെ അഭിഭാഷകനുമായി ഇയാള്‍ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. മൊഴി നല്‍കുന്നതിന് തൊട്ടുമുന്‍പ് ആലപ്പുഴയില്‍ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നുവെന്നും പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

താന്‍ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പോയിരുന്നതായി സുനി നേരത്തേ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലക്ഷ്യയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നില്ല.

Latest
Widgets Magazine