ലോകകപ്പിന്റെ ആദ്യ ആഴ്ചകളില്‍ ഉയര്‍ന്നത്‌ 300 കോടിയുടെ ഫ്‌ളക്‌സുകള്‍: വമ്പന്മാര്‍ പുറത്തായപ്പോള്‍ ആവേശവും കെട്ടടങ്ങി

കാല്‍പന്ത് ആരവത്തിന് മാറ്റ്കൂട്ടാന്‍ മാസങ്ങള്‍ക്ക് മുന്‍പെ താരങ്ങളുടെ കട്ടൗട്ടുകള്‍, ടീമുകളുടെ ബോര്‍ഡുകള്‍. ബാനറുകള്‍, തോരണങ്ങള്‍ എന്നിവ പലയിടങ്ങളിലും ഉയര്‍ന്നു തുടങ്ങിയിരുന്നു. ലോകകപ്പിന്റെ ആദ്യ ആഴ്ചയില്‍ 300 കോടിയുടെ ഫ്‌ളക്‌സുകളാണ് നാട്ടിലിറക്കിയത്. ഫ്‌ളക്‌സ് പ്രിന്റേര്‍സ് ഓണേഴ്‌സ് സമിതി പുറത്തുവിട്ട ഏകദേശ കണക്കാണ് ഇത്.

അതേസമയം, മുന്‍ ലോകകപ്പിനെ അപേക്ഷിച്ച് പത്തിലൊന്ന് പോലും ഇല്ലെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്. തുടക്കം മുതല്‍ തന്നെ മലയാളികളുടെ ഹൃദയ താളമായ വമ്പന്‍ ടീമുകള്‍ പുറത്തായതോടെ ഫ്‌ളക്‌സുകള്‍ക്കും ബാനറുകള്‍ക്കും തോരണങ്ങള്‍ക്കും ആളുകളില്ലാതായി. ഫുട്ബാള്‍ ആരാധനയും ആവേശവും പല മാര്‍ഗങ്ങളിലൂടെ ആരാധകര്‍ പ്രകടിപ്പിക്കുമെങ്കിലും ഫ്‌ളക്‌സ് യുദ്ധമാണ് പ്രധാനം. എതിര്‍ ടീമിനേക്കാള്‍ ഉയരത്തിലും വലിപ്പത്തിലും എണ്ണത്തിലും വെക്കാനാണ് മത്സരിക്കുക.

സംസ്ഥാനത്ത് ആയിരത്തോളം ഫ്‌ളക്‌സ് പ്രിന്റിംഗ് യൂണിറ്റുകളാണ് ഉള്ളത്. ഒരു യൂണിറ്റില്‍ 1000 മുതല്‍ 3000 ച.അടി വിസ്തീര്‍ണമുള്ള ഫ്‌ളക്‌സ് വരെ തയ്യാറാക്കാനാവും. ദിവസം ലക്ഷം ച.അടി ഫ്‌ളക്‌സ് ആണ് തുടക്കത്തില്‍ പ്രിന്റ് ചെയ്തത്. എന്നാല്‍ മുന്‍കാലങ്ങളില്‍ ഫൈനലിന്റെ തലേന്ന് പോലും ജീവനക്കാര്‍ക്ക് വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടി വന്നിരുന്നതായി വ്യാപാരികള്‍ പറയുന്നു. ആദ്യം ജര്‍മനിയും പിന്നാലെ അര്‍ജന്റീനയും ബ്രസീലുമെല്ലാം പുറത്തായി.

മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നത്. ഇവിടങ്ങളില്‍ പ്രതിദിനം ആറ് മുതല്‍ എട്ട് കോടിയുടെ വരെ പ്രിന്റിംഗാണ് നടന്നത്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ അഞ്ച് മുതല്‍ ഏഴ് വരെ കോടിയുടെ പ്രിന്റിംഗ് നടന്നു. അതേസമയം പരിസ്ഥിതി മലിനീകരണത്തിന്റെ എല്ലാ സീമകളും ലംഘിച്ചാണ് ഫ്‌ളക്‌സുകള്‍ നഗര ഗ്രാമ വ്യത്യാസമില്ലാതെ ഉയരുന്നത്. ലോകകപ്പ് കഴിയുമ്പോള്‍ വന്‍ തോതില്‍ ഫ്‌ളക്‌സ് മാലിന്യം ഉണ്ടാവും. രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കാണ് ഇത് വഴിവെക്കുകയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

റഷ്യന്‍ ഫുട്‌ബോള്‍ കാണുന്ന ആരാധകരില്‍ കൂടുതലും മലയാളികളാണെന്ന് നേരത്തെ വ്യയക്തമായിരുന്നു. ചാനല്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്ക് പുറത്തു വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ലോകകപ്പ് കാണുന്ന പ്രേക്ഷകരില്‍ 30 ശതമാനവും കേരളത്തിലാണെന്ന് ബാര്‍ക്കിന്റെ വാരാന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേരളം കഴിഞ്ഞാല്‍ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പ്രേക്ഷകര്‍. ആകെയുള്ള ഫുട്‌ബോള്‍ കാഴ്ച്ചക്കാരില്‍ 28 ശതമാനം ടിവി പ്രേക്ഷകരും ഇവിടെ നിന്നുള്ളതാണ്. 20 ശതമാനം വിഹിതവുമായി പശ്ചിമബംഗാളാണ് മൂന്നാം സ്ഥാനത്തുള്ളത്.

രാജ്യത്ത് ഫുട്‌ബോള്‍ ലോകകപ്പ് കാണുന്ന ആകെ ടെലിവിഷന്‍ പ്രക്ഷകരില്‍ 78 ശതമാനവും കേരളം, ബംഗാള്‍, അസം,സിക്കിം, മറ്റ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ബാര്‍ക്ക് റിപ്പോര്‍ട്ട് പറയുന്നത്.

കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമം രാജ്യത്തിന് മുന്നില്‍ തെളിയിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടായി മാറുകയാണ് ഈ കണക്കുകള്‍. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ മലയാളികളുടെ ഫുട്‌ബോള്‍ പ്രണയം അന്തര്‍ദേശീയ ചാനലുകള്‍ പോലും ചര്‍ച്ചയാക്കിയരുന്നു.

Latest
Widgets Magazine