ലോകകപ്പ് കാണാന്‍ അന്യഗ്രഹ ജീവികളോ… റഷ്യന്‍ ലോകകപ്പ് വേദിയ്ക്ക് മുകളില്‍ ഏവരേയും ഞെട്ടിക്കുന്ന അത്ഭുത കാഴ്ച

റഷ്യന്‍ ലോകകപ്പ് വേദി തുടക്കം മുതല്‍ അവരേയും അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും വമ്പന്മാരെല്ലാം മൈതാനിയില്‍ കുഞ്ഞന്‍ രാജ്യങ്ങളുടെ മുമ്പില്‍ മുട്ടുമടക്കുകയാണ്. വിജയപ്രതീക്ഷയുമായി ഇറങ്ങുന്നവര്‍ നിരാശയോടെ മടങ്ങുന്ന കാഴ്ചയാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ കണ്ടത്.

അതേസമയം, വിജയിക്കാന്‍ സാധ്യതയില്ലെന്ന് കരുതി തള്ളിക്കളഞ്ഞവര്‍ മിന്നും വിജയത്തോടെ മുന്നേറുന്ന കാഴ്ചയാണ് ലോകകപ്പ് വേദികളില്‍ കാണുന്നത്. ഇത്തരം ‘അസാധാരണ’ സംഭവങ്ങളുമായി റഷ്യന്‍ ലോകകപ്പ് മുന്നേറുമ്പോഴാണ് ആരേയും അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ച ഉണ്ടായിരിക്കുന്നത്. ലോകകപ്പ് വേദികളിലൊന്നായ നിസ്‌നി നോവ്ഗരഡ് സ്റ്റേഡിയത്തിന് മുകളിലാണ് ഏവരേയും അതിശയിപ്പിക്കുന്ന കാഴ്ച.

ജൂണ്‍ 24ന് ഇംഗ്ലണ്ടിന്റെ മത്സരം നടക്കാനിരിക്കുന്ന സ്റ്റേഡിയത്തിന് മുകളിലൂടെ പ്രത്യേകതരം വെളിച്ചം കടന്നുപോയതാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വിഷയം ചര്‍ച്ചയായിരിക്കുകയാണ്. കിറോവില്‍ നിന്നുള്ള യുവതി പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇതില്‍ ഏറ്റവും വൈറലായത്. ‘സ്റ്റിങ് റേ’ തിരണ്ടിയുടെ ആകൃതിയില്‍ ആകാശത്തിലൂടെ പോകുന്ന വെളിച്ചവിന്യാസമായിരുന്നു അത്.

ലോകകപ്പ് കാണാന്‍ അന്യഗ്രഹ ജീവികള്‍ വന്നതാണെന്ന മട്ടിലുള്ള ചര്‍ച്ചകളിലേക്ക് കാര്യങ്ങള്‍ നീങ്ങാന്‍ ആ വിഡിയോ മതിയായിരുന്നു. എന്നാല്‍ ചര്‍ച്ചകളങ്ങനെ മുന്നേറവേ ഔദ്യോഗികമായി അതു സംബന്ധിച്ച പ്രഖ്യാപനം വന്നു. ലോകകപ്പ് കാലത്ത് റഷ്യ ലോകത്തിനു മുന്നില്‍ ‘ശക്തി’ തെളിയിച്ചതായിരുന്നു അത്. റഷ്യയുടെ കൃത്രിമ ഉപഗ്രഹങ്ങളിലൊന്നിന്റെ വിക്ഷേപണത്തെയായിരുന്നു കാഴ്ചക്കാര്‍ പറക്കുംതളികയായി തെറ്റിദ്ധരിച്ചത്.

ലോകകപ്പിനും മുന്‍പേ തീരുമാനിച്ചതായിരുന്നു ഗ്ലോനസ് –എം സാറ്റലൈറ്റിന്റെ വിക്ഷേപണം. സോയുസ് 2.1 ബി റോക്കറ്റിലേറി അര്‍ഹാന്‍ഗില്‍സ്‌ക് മേഖലയില്‍ നിന്നായിരുന്നു യാത്ര. ഇവിടെ പ്ലീസെറ്റ്‌സ്‌ക് കോസ്‌മോഡ്രോമില്‍ നിന്ന് ഞായറാഴ്ചയായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. ജൂണ്‍ 17നു തീരുമാനിച്ചുറപ്പിച്ചതു പ്രകാരം പ്രാദേശിക സമയം 12.45നു തന്നെ വിക്ഷേപണവും നടന്നു.

റഷ്യയുടെ സ്വന്തം സാറ്റലൈറ്റ് നാവിഗേഷന്‍ സിസ്റ്റത്തിന്റെ ഭാഗമാകാനായിരുന്നു ഗ്ലോനസ് -എമ്മിന്റെ യാത്ര. റോക്കറ്റില്‍ നിന്നു പുറന്തള്ളപ്പെട്ട പുക പ്രത്യേക ആകൃതി സ്വീകരിച്ചതോടെയാണു രാജ്യമെങ്ങും ‘യുഎഫ്ഒ’ ചര്‍ച്ച ശക്തമായത്. പരന്ന ഉടലും നീളന്‍ വാലുള്ള ‘സ്റ്റിങ് റേ’യോട് സാമ്യമുള്ളതായിരുന്നു പുകയുടെ ആകൃതി. ഇതില്‍ തിളങ്ങുന്ന വെളിച്ചം പതിച്ചതോടെ പറക്കും തളികയെപോലെയാണ് കാഴ്ച്ചക്കാര്‍ വിലയിരുത്തിയത്.

ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും പിന്നാലെയാണ് റഷ്യ സന്തോഷവാര്‍ത്തയുമായി എത്തിയത്. ഗ്ലോനസ് സാറ്റലൈറ്റ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായി എന്നായിരുന്നു റഷ്യയുടെ അറിയിപ്പ്.

Latest
Widgets Magazine