ദൂരദര്‍ശനിലെ തത്സമയ പരിപാടിക്കിടെ പ്രമുഖ എഴുത്തുകാരി അന്തരിച്ചു; അന്ത്യനിമിഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് നിരവധിപേര്‍

ന്യൂഡല്‍ഹി: ടെലിവിഷനിലെ തത്സമയ സംപ്രേഷണത്തിനിടെ പ്രമുഖ എഴുത്തുകാരി റിത ജിതേന്ദ്ര മരിച്ചു. ദൂരദര്‍ശന്റെ ഡിഡി കശ്മീര്‍ ചാനലില്‍ തത്സമയ പരിപാടിയില്‍ പങ്കെടുക്കുന്നിതനിടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍ അക്കാദമി ഓഫ് ആര്‍ട്ട്, കള്‍ച്ചര്‍, ലാഗ്വേജസിന്റെ മുന്‍ സെക്രട്ടറിയായിരുന്നു റിത ജിതേന്ദ്ര. അവരുടെ ജീവിതത്തെ കുറിച്ച് വിശദീകരിക്കുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇരുന്ന് സംസാരിക്കുന്നതിനിടെ പിന്നിലേക്ക് ചെരിഞ്ഞ് വീഴുകയായിരുന്നു.

ചാനല്‍ അധികൃതര്‍ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മരണം സംഭവിച്ചിട്ട് അല്‍പ്പ നേരമായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രോഗ്രാമിനിടെ ഹൃദയാഘാതമുണ്ടായതാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് സലീം തക് പറഞ്ഞു. സാമൂഹിക രംഗത്ത് ഏറെ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു റിത ജിതേന്ദ്ര. ഗുഡ്‌മോര്‍ണിങ് ജമ്മു കശ്മീര്‍ എന്ന ദൂരദര്‍ശന്‍ പരിപാടിക്കിടെയായിരുന്നു മരണം. രാവിലെ എട്ട് മുതല്‍ ഒമ്പത് വരെയാണ് ഡിഡി കശ്മീരില്‍ ഗുഡ്‌മോര്‍ണിങ് കശ്മീര്‍ പരിപാടി. പ്രമുഖ വ്യക്തികളെയാണ് ഗുഡ്‌മോര്‍ണിങ് ജമ്മു കശ്മീര്‍ എന്ന പരിപാടിയിലേക്ക് ക്ഷണിക്കുക.

അവരുടെ ജീവിതത്തെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചും നേരിട്ട പ്രതിസന്ധികള്‍, കൈവരിച്ച നേട്ടങ്ങള്‍ എന്നിവയുമെല്ലാം വിശദീകരിക്കുന്നതാണ് പരിപാടി.വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പരിപാടിയാണ് ഗുഡ്‌മോര്‍ണിങ് ജമ്മു കശ്മീര്‍. ഇത്തരത്തിലൊരു വീഡിയോ ഇതിന് മുമ്പും മലയാളികള്‍ കണ്ടിട്ടുണ്ട്. പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ എംഎന്‍ വിജയന്റെ മരണവും ഇത്തരത്തിലായിരുന്നു. തൃശ്ശൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം.

Latest