കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: അത്യപൂര്‍വമായ ഭരണഘടനാ പ്രതിസന്ധിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യ തലസ്ഥാനത്ത് സംഭവിച്ചത്. ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത്‌ വരികയാണ്. അതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ വാര്‍ത്തകളില്‍ ഇടം നേടുന്നു. സുപ്രീം കോടതി ജഡ്ജിമാര്‍ ചെയ്തതുപോലെ ഭയം മാറ്റിവച്ചു ജനാധിപത്യം സംരക്ഷിക്കാനും അതിനായി സംസാരിക്കാനും ബിജെപി നേതാക്കളും എംപിമാരും മന്ത്രിമാരും തയാറാകണം എന്നും അദ്ദേഹം പറഞ്ഞു. തുല്യരുടെ കൂട്ടത്തില്‍ ആദ്യത്തെയാള്‍ മാത്രമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് . പ്രധാനമന്ത്രിയും അങ്ങനെ തന്നെ . ഇക്കാര്യം കേന്ദ്ര മന്ത്രിമാര്‍ ഓര്‍ക്കണം. വിവാദപരമായ ചില കേസുകള്‍ പ്രത്യേക ബഞ്ചുകള്‍ക്ക് മാത്രം ചീഫ് ജസ്റ്റിസ് നല്‍കുന്നു എന്നാണു ആരോപണം. ഏതെല്ലാം കേസുകള്‍ ആണ് ഇവയെന്നത് പകല്‍പോലെ വ്യക്തമാണ് എന്നും സിന്‍ഹ പറഞ്ഞു. ദൈര്‍ഘ്യം കുറഞ്ഞ പാര്ലമെന്റ്റ് സമ്മേളനങ്ങള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെയും അദ്ദേഹം വിമര്‍ശിച്ചു. നേരത്തെ നോട്ടു നിരോധനം ശുദ്ധ അബദ്ധവും മണ്ടത്തരവുമായിരുന്നു എന്ന് കേന്ദ്ര സര്‍ക്കാരിനെയും അരുണ്‍ ജയ്റ്റ്ലിയെയും രൂക്ഷമായി വിമര്‍ശിച്ചും സിന്ഹെ രംഗത്ത് വന്നിരുന്നു .

Top