കേന്ദ്രം പിടിമുറുക്കുന്നു: യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു

കൊച്ചി: ശബരിമല വിഷയത്തിന് പിന്നാലെ ബിജെപി നേതാക്കളുടെ ശത്രുവായി മാറിയ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചു. ശബരിമല സന്ദര്‍ശനവേളയില്‍ കേന്ദ്രമന്ദ്രി പൊന്‍ രാധാകൃഷ്ണനോട് യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന്മേലാണ് അന്വേഷണം. കേന്ദമന്ത്രിയോടു മോശമായി പെരുമാറിയ എസ്.പിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു റിച്ചാര്‍ഡ് ഹേ എം.പി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് കത്ത് നല്‍കിയിരുന്നു. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു സംസ്ഥാന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുള്ള നിര്‍ദ്ദേശം.

കഴിഞ്ഞ നവംബര്‍ 21നാണ് ശബരിമല ദര്‍ശനത്തിനായി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനൊപ്പം കേന്ദ്രമന്ത്രി നിലയ്ക്കലെത്തിയത്. പമ്പയിലേക്കുള്ള ഗതാഗതനിയന്ത്രണം കേന്ദ്രമന്ത്രിയോട് എസ്.പി. വിവരിച്ചു. കെ.എസ്.ആര്‍.ടി.സിയെപ്പോലെ സ്വകാര്യവാഹങ്ങളും പമ്പയില്‍ ആളെയിറക്കി തിരിച്ചുപോരട്ടെയെന്ന് മന്ത്രി നിര്‍ദേശിച്ചു. എല്ലാവരെയും പോകാന്‍ അനുവദിച്ചാലുണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം താങ്കള്‍ ഏറ്റെടുക്കുമോയെന്ന് എസ്.പി. ചോദിച്ചു. ഇല്ലെന്നു മന്ത്രി പറഞ്ഞയുടന്‍, അംഗവിക്ഷേപങ്ങളോടെ, ‘യെസ്, ദാറ്റ് ഈസ് ദ പോയിന്റ്, ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയാറല്ല’ എന്ന് എസ്.പി. പറഞ്ഞതാണു വിവാദമായത്.
യതീഷ് ചന്ദ്രക്ക് അനുകൂലമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാലും കടുത്ത നടപടികളെടുക്കുന്നതിനെക്കുറിച്ചാണ് കേന്ദ്ര ആലോചന. യതീഷ് ചന്ദ്രയ്‌ക്കെതിരേ പൊന്‍ രാധാകൃഷ്ണന്‍ പാര്‍ലമെന്റില്‍ നല്‍കിയ അവകാശലംഘന നോട്ടീസ് നിലനില്‍ക്കുന്നുണ്ട്. ഇതുപ്രകാരം പാര്‍ലമെന്ററി സമിതി യതീഷ് ചന്ദ്രയെ വിളിച്ചുവരുത്തി വിശദീകരണം തേടാന്‍ സാധ്യതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top