മോദി അവിവാഹിതനല്ല, എന്റെ ഭര്‍ത്താവാണ്: ആഞ്ഞടിച്ച് ഭാര്യ യശോദാ ബെന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അവിവാഹിതനാണെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പ്രസ്താവനയില്‍ നടുക്കം രേഖപ്പെടുത്തി മോദിയുടെ ഭാര്യ യശോദബെന്‍. മോദി വിവാഹിതനല്ലെന്ന ആനന്ദിബെന്നിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്ന് യശോദ പറഞ്ഞു. 2004ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കുമ്പോള്‍ വിവാഹിതനാണെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും രേഖകളില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും യശോദ പറഞ്ഞു.

സഹോദരനായ അശോക് മോദിയുടെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയിലാണ് ഇത് സംബന്ധിച്ച പ്രസ്താവന യശോദ വായിക്കുന്നത്. ‘മോദി എന്നെ വിവാഹം കഴിച്ചിട്ടുണ്ട്. ഇത്രയും വിദ്യാഭ്യാസമുളള ആനന്ദിബെന്‍ ഒരു അധ്യാപികയെ കുറിച്ച് പറയേണ്ട കാര്യമല്ല സംസാരിച്ചത്. ഇത് കൂടാതെ ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായയാണ് അവര്‍ തകര്‍ക്കുന്നത്. അദ്ദേഹത്തെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു, അദ്ദേഹം എനിക്ക് രാമതുല്യനാണ്’, യശോദബെന്‍ പറഞ്ഞു.

ഗുജറാത്തിലെ ഉഞ്ചയില്‍ താമസിക്കുന്ന യശോദ തന്നെയാണ് ഫോണിലൂടെ സംസാരിക്കുന്നതെന്ന് അശോക് മോദി ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സിയോട് സ്ഥിരീകരിച്ചു. ആനന്ദി ബെന്നിന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ വന്നപ്പോള്‍ വിശ്വസിച്ചില്ലെന്നും തുടര്‍ന്ന് പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് മറുപടിക്ക് തുനിഞ്ഞതെന്നും അശോക് മോദി വ്യക്തമാക്കുന്നു.

Latest
Widgets Magazine