സൗന്ദര്യം വൈറലായി; യുവാവിന് പിഴ വിധിച്ച് കമ്പനി

ബീജിങ്: ഈ സൗന്ദര്യം ഒരു ശാപമാണല്ലോ എന്നൊക്കെ തമാശയായി പറയാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു യുവാവിന് സൗന്ദര്യം ശരിക്കുമൊരു പണി കൊടുത്തിരിക്കുകയാണ്. ഷാമെന്‍ വിമാനത്താവളത്തില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന യുവാവിന് തന്റെ ശമ്പളത്തിലെ 10 ശതമാനമാണ് സൗന്ദര്യം കാരണം പിഴയായി അടക്കേണ്ടി വന്നത്. ഇദ്ദേഹത്തിന്റെ ഒരു വീഡിയോ വൈറലായി മാറിയതോടെയാണ് അധികൃതര്‍ അച്ചടക്ക നടപടി എടുത്തത്. വിമാനത്തിന്റെ വിന്‍ഡോയിലൂടെ ഒരു യുവതിയാണ് യുവാവിന്റെ വീഡിയോ പകര്‍ത്തിയത്. കൂളിങ് ഗ്ലാസും ഹെഡ്‌സെറ്റും ധരിച്ച് സ്‌റ്റൈലില്‍ നടന്നു വരുന്ന യുവാവിന്റെ ദൃശ്യം യുവതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സുന്ദരനായ യുവാവിന്റെ വീഡിയോ മണിക്കൂറുകള്‍ക്കകം ചൈനീസ് നവമാധ്യമങ്ങളില്‍ വൈറലായി മാറി. ദക്ഷിണ കൊറിയന്‍ നടനായ സോംങ് ജൂംഗ് കി ആണോ ഇതെന്നായിരുന്നു ചിലരുടെ സംശയം. യുവാവ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയെങ്കിലും വിമാനത്താവള അധികൃതര്‍ ഇതില്‍ തൃപ്തരല്ലായിരുന്നു. വീഡിയോ പകര്‍ത്തിയ സമയത്ത് കമ്പനിയുടെ അച്ചടക്ക സംഹിത പാലിക്കാത്തതിന് 10 ശതമാനം ശമ്പളമാണ് പിഴ വിധിച്ചത്. മാന്യമായല്ല ഷര്‍ട്ട് ധരിച്ചിരിക്കുന്നതെന്നും പോക്കറ്റില്‍ കൈയ്യിട്ടാണ് നടന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കൂടാതെ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഇത്തരത്തിലാണ് പ്രത്യക്ഷപ്പെടാറുളളതെന്ന് വൈറലായ വീഡിയോയിലൂടെ ലോകത്തിന് കാണിച്ചതിനാണ് പിഴയെന്നും അധികൃതര്‍ വിശദീകരിച്ചു. യുവാവിന് പിഴ വിധിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇരമ്പിയെങ്കിലും ഇത് തന്റെ പിഴവാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് രംഗത്തെത്തി. ‘എല്ലാവര്‍ക്കും അത്ര പെട്ടെന്ന് ശ്രദ്ധ നേടാന്‍ കഴിയില്ല എന്നത് കൊണ്ട് തന്നെ ഞാന്‍ സന്തോഷവാനാണ്. കമ്പനി തെറ്റൊന്നും ചെയ്തിട്ടില്ല. അച്ചടക്കമില്ലാത്ത രീതിയില്‍ പെരുമാറിയത് കൊണ്ടാണ് എനിക്കെതിരെ പിഴ ഇട്ടത്. ഇതിന്റെ പേരില്‍ വീഡിയോ പകര്‍ത്തിയ യുവതിയേയും ആരും കുറ്റപ്പെടുത്തരുത്. എന്തെങ്കിലും ദുരുദ്ദേശത്തോടെ അല്ല അവര്‍ വീഡിയോ പകര്‍ത്തിയതെന്നും’, യുവാവ് വ്യക്തമാക്കി.

Top