ബീഫ് വിളമ്പി മോദിക്ക് സ്വീകരണം!.. പ്രധാനമന്ത്രിയെ വരവേറ്റ് യൂത്ത് കോണ്‍ഗ്രസിന്‍റെ ബീഫ് ഫെസ്റ്റ്

കൊച്ചി: മെട്രോ റെയില്‍ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ബീഫ് വിളമ്പിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പ്രധാനമന്ത്രി വന്നിറങ്ങിയ നാവിക സേന വിമാനത്താവളത്തിന് സമീപം ബീഫ് ഫെസ്ററ് നടത്തിയതായി ദീപിക റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നാവികസേന വിമാനത്താവളത്തില്‍ എത്തുന്നതിനു അരമണിക്കൂര്‍ മുന്പാണു വിമാനത്താവളത്തിനു സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. നാവിക സേന വിമാനത്താവളത്തിനു സമീപമുള്ള എടിഎസ് ജംഗ്ഷനിലാണു ബീഫ് ഫെസ്റ്റ് അരങ്ങേറിയത്.

രാജ്യത്തു കശാപ്പു നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവില്‍ പ്രതിഷേധിച്ചാണു നടുറോഡില്‍ കുത്തിയിരുന്നു പ്രവര്‍ത്തകര്‍ ബീഫും റൊട്ടിയും കഴിച്ചത്. തുടര്‍ന്നു ഡിസിപി പ്രേംകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. 15 ഓളം വരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി ബീഫ് പരസ്പരം വിതരണം ചെയ്യുകയായിരുന്നു. ഡിസിസി സെക്രട്ടറി തന്പി സുബ്രഹ്മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു.കൊച്ചി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.ആര്‍. രജീഷ്, യൂത്ത് കോണ്‍ഗ്രസ് എറണാകുളം പാര്‍ലമെന്‍റ് വൈസ് പ്രസിഡന്‍റ് ദിലീപ് കുഞ്ഞുകുട്ടി, പാര്‍ലമെന്‍റ് സെകട്ടറി ജോസഫ് മാര്‍ട്ടിന്‍, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് പി.എ. സഗീര്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ കെ.എസ്. പ്രമോദ്, ബോണി റാഫേല്‍, സി.ജെ. കുഞ്ഞുകുഞ്ഞ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കന്നുകാലി കശാപ്പിനായുള്ള വില്‍പ്പ നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം മെയ് 23നാണ് പുറത്തിറക്കിയത്. 26നാണ് ഇത് വാര്‍ത്തയായത്. ഇതിനെതിരെ രാജ്യം മുഴുവന്‍ കനത്ത പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. ഏറ്റവുമധികം പ്രതിഷേധം ഉയര്‍ന്നത് കേരളത്തില്‍ നിന്നായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ ഗ്രസ് പരസ്യ കശാപ്പ് നടത്തിയത് ഏറെ വിവാദമാവുകയും ചെയ്തിരുന്നത്.

Latest
Widgets Magazine