മരിച്ചെന്നു കരുതി ദഹിപ്പിക്കാന്‍ കൊണ്ടുവന്നു; ബന്ധുക്കളുടെ നിലവിളിക്കിടെ മൃതദേഹം കണ്ണുതുറന്നു

മരിച്ചെന്ന് കരുതി ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ച യുവാവിന്റെ മൃതദേഹം കണ്ണു തുറന്നു. സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ് മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെയാണ് എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് മൃതദേഹം കണ്ണുതുറന്നത്.
കാസര്‍ഗോഡാണ് സംഭവം. ആദൂര്‍ കൊയ്ക്കുട്‌ലുവിലെ ലക്ഷ്മണനാണ് മരിച്ചെന്നു കരുതി വീട്ടിലെത്തിച്ചോള്‍ കണ്ണു തുറന്നത്. ഒരാഴ്ച മുമ്പ് ലക്ഷ്മണന്‍ എന്ന യുവാവിനെ ആദൂര്‍ പോലീസ് സ്‌റ്റേഷനു സമീപത്തു നിന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം കാസര്‍ഗോടുള്ള ആശുപത്രിയിലും പിന്നീട് ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരു ദര്‍ലകോട്ടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുവായ ഒരാളാണ് ഇവിടെ ഇയാള്‍ക്ക് സഹായിയായിരുന്നത്്. തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് പരുക്കേറ്റതെന്നാണ് പോലീസ് അറിയിച്ചത്.
ലക്ഷ്മണന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. ലക്ഷ്മണിന്റെ സഹായിയായി ഉണ്ടായിരുന്ന ആളാണ് മരിച്ച കാര്യം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കുള്ള നടപടി ആരംഭിച്ചത്. പിണങ്ങിപ്പോയ ഭാര്യയടക്കം അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയിരുന്നു. ഇതിനിടെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സിലെത്തിച്ച മൃതദേഹം പുറത്തിറക്കുന്നതിനിടെ കണ്ണുതുറക്കുകയായിരുന്നു. പോലീസ് എത്തി ജീവനുണ്ടന്ന് സ്ഥിരീകരിച്ച ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

Top