നായികയായും അമ്മയായും സഹതാരമായും മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായികയായിരുന്നു ശ്രീവിദ്യ.1969 ൽ പുറത്തിറങ്ങിയ ചട്ടമ്പികവലയിലൂടെ നായിക കഥാപാത്രമായി അരങ്ങേറിയ ശ്രീവിദ്യ മലയാള സിനിമ പ്രേക്ഷകർക്ക് എന്നും ഏറെ പ്രിയപെടുന്ന അഭിനേത്രിയാണ്. മലയാള സിനിമയിലെ അതുവരെയുള്ള നായികാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ തന്റെ നിരവധി വേഷങ്ങളിലൂടെയും ഭാവപ്പകർച്ചകളിലൂടെയും അഭിനേത്രിക്ക് കഴിഞ്ഞിരുന്നു. സംവിധായകനായ കെ.ജി ജോർജ് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ മറക്കാനാവാത്ത സ്‌ത്രീകളെക്കുറിച്ചു പങ്കുവെച്ചപ്പോഴാണ് ശ്രീവിദ്യയെക്കുറിച്ചും പറഞ്ഞത്.
എന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സ്ത്രീ സുഹൃത്ത്- അതായിരുന്നു ശ്രീവിദ്യയെന്ന് ജോർജ് പറയുന്നു. വേർപാടുകളിൽ എന്നെ ഏറ്റവും വേദനിപ്പിച്ചതും ശ്രീവിദ്യയുടേതാണ്. ഞാനും വിദ്യയും തമ്മിലുള്ള ബന്ധത്തെ പ്രണയമെന്നൊക്കെ ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷേ, സത്യമെന്താണെന്നു ചോദിച്ചാൽ, ഷീ വാസ് മൈ ഗ്രേറ്റസ്റ്റ് ഫ്രണ്ട്. വിദ്യയുടെ ഭർത്താവിന്റെ പേരും ജോർജ് എന്നായതു കാരണം ഞാനാണവരെ വിവാഹം കഴിച്ചതെന്ന് വിചാരിച്ചിട്ടുണ്ട് പലരും. ഞാൻ പരിചയപ്പെട്ട സ്ത്രീകളിൽ ഏറ്റവും സുന്ദരിയും ശ്രീവിദ്യയായിരുന്നു. തികഞ്ഞ കലാകാരിയായിരുന്നു അവർ. ഓരോ സിനിമ ചെയ്യുമ്പോഴും ആ കഥാപാത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഉദ്വേഗപൂർവം തിരക്കും. ഇങ്ങനെ അഭിനയിച്ചാൽ മതിയോ അതു ശരിയാകുമോ തുടങ്ങി ഒരുപാട് സംശയങ്ങൾ ചോദിക്കും. അത്ര അഭിനിവേശത്തോടെയാണ് അവർ കഥാപാത്രങ്ങളെ കണ്ടിരുന്നത്.
ശ്രീവിദ്യയുടെ പ്രണയങ്ങളെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. കമൽഹാസനെ പ്രണയിക്കുകയും വിവാഹം കഴിക്കാനാശിക്കുകയും ചെയ്തിരുന്നു. ആ വിവാഹം നടക്കാതിരുന്നത് അവരെ നിരാശയിലാഴ്‌ത്തിയിരുന്നു. പിന്നീട് ഭരതനുമായുള്ള അടുപ്പം. പക്ഷേ, അത്തരം കഥകളൊന്നും എന്റെയും വിദ്യയുടെയും സൗഹൃദത്തെ ബാധിച്ചിട്ടില്ല. എന്റെ ഭാര്യ സൽമയോടും വളരെ അടുപ്പമായിരുന്നു ശ്രീവിദ്യയ്ക്ക്. വ്യക്തിപരമായ സങ്കടങ്ങളൊക്കെ സൽമയോടു പങ്കിടുമായിരുന്നു. ‘ആദാമിന്റെ വാരിയെല്ലി’ൽ അഭിനയിക്കുമ്പോൾ സെറ്റിൽ വച്ച് എന്റെ മോളെ കാണുമ്പോഴൊക്കെ സൽമയോട് പറയും; ഒരു കുട്ടിയില്ലാത്തതിന്റെ വിഷമത്തെക്കുറിച്ച്. സ്വന്തം വിവാഹജീവിതത്തിലെ ദുരിതങ്ങളും ഇടയ്ക്കവർ ഒരാശ്വാസത്തിനെന്ന പോലെ പങ്കിട്ടു. ജോർജ് എന്ന വ്യക്തിയുമായുള്ള വിവാഹം അവർക്ക് സമ്മാനിച്ചതു വേദനകൾ മാത്രമാണ്. എല്ലാ തരത്തിലും വിദ്യ ചതിക്കപ്പെടുകയായിരുന്നുവെന്നും ജോർജ് പറയുന്നു.
പിന്നീട് ഞാനും കുടുംബവും തിരുവനന്തപുരത്തേക്കു മാറി. ശ്രീവിദ്യയ്ക്ക് അസുഖം ബാധിച്ചതറിഞ്ഞപ്പോഴും രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചൊന്നും എനിക്കറിയുമായിരുന്നില്ല. അതൊന്നും ആരോടും തുറന്നുപറയാൻ വിദ്യ ആശിച്ചിരുന്നില്ല. അവസാനകാലത്ത് വിദ്യയെ കാണാൻ ഞാൻ തിരുവനന്തപുരത്ത് ചെന്നിരുന്നു. അസുഖത്തിന്റെ തീവ്രത വൈകിയാണ് ഞാൻ മനസ്സിലാക്കിയത്. ശ്രീവിദ്യ മരിച്ചപ്പോൾ കാണാൻ പോകാനെന്തോ തോന്നിയില്ല. ആ രൂപത്തിലവരെ കാണാൻ വയ്യായിരുന്നു. എന്റെ വലിയ ചാരിതാർഥ്യം ശ്രീവിദ്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളെ നൽകാൻ എന്റെ സിനിമകളിലൂടെ സാധിച്ചുവെന്നതാണെന്നും ജോർജ് ഓർക്കുന്നു.