
സ്വന്തം ലേഖകൻ
തൃശൂർ: ആദർശധീരനെന്നു സ്വയം അവകാശപ്പെടുന്ന കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപൻ മകൾക്ക് എംബിബിഎസ് സീറ്റ് തരപ്പെടുത്തിയ വിവാദത്തിൽ കുടുങ്ങി. കൊച്ചിയിലെ പ്രമുഖ കോളജിൽ മകൾ ആൻസിയ്ക്കു മെഡിക്കൽ സീറ്റ് തരപ്പെടുത്തിക്കൊടുക്കുന്നതിനു ഒരു കോടി രൂപ തലവരിപ്പണം നൽകിയെന്ന വിവാദമാണ് ഇപ്പോൾ ഉയരുന്നത്. ഇതേ തുടർന്നു പ്രതാപന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം കോൺഗ്രസ് ഹൈക്കമാൻഡിനു കത്ത് അയച്ചു. ഇതിനിടെ തൃശൂർ ഡിസിസി പ്രസിഡന്റാവാൻ ടി.എൻ പ്രതാപൻ നടത്തുന്ന നീക്കത്തിനു തടയിടുന്നതിനുള്ള തന്ത്രമാണ് ഇപ്പോഴത്തെ പരാതിയ്ക്കു പിന്നിലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, പ്രതാപൻ കണക്കിൽപ്പെടാത്ത കോടികൾ സമ്പാദിച്ചെന്ന നിലപാടിയിൽ ഉറച്ചു നിൽക്കുന്നതായി പരാതിക്കാർ പറയുന്നു.
പ്രതാപന്റെ മകൾ ആൻസി കൊച്ചിയിലെ പ്രമുഖ മെഡിക്കൽ കോളേജിൽ ഒരു കോടി രൂപ തലവരിപ്പണം കൊടുത്താണ് എംബിബിഎസിന് അഡ്മിഷൻ നേടിയതെന്നു ചൂണ്ടിക്കാണിക്കുന്നു. വിദേശ അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയിട്ടുള്ളത്. ഇത് സംബന്ധിച്ച് അന്വേഷണം വേണം. തെരഞ്ഞെടുപ്പ് വേളകളിൽ പ്രതാപൻ സമർപ്പിച്ച സ്വത്ത്വിവര കണക്കുകൾ അനുസരിച്ച് അദ്ദേഹത്തിന് ഇതിനുള്ള സാമ്പത്തികശേഷിയില്ല. പുറത്തറിയപ്പെടുന്ന മറ്റ് ബിസിനസ്സുകളോ വരുമാനമാർഗ്ഗങ്ങളോ ഇല്ല. എംഎൽഎ എന്ന നിലയിലുള്ള വരുമാനം മാത്രമാണ് ഉണ്ടായിരുന്നത്: പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ബിനാമിപ്പേരുകളിൽ ബിസിനസ് സംരംഭങ്ങളിൽ പ്രതാപൻ മുതൽ മുടക്കിയിട്ടുള്ളതായി പരാതിയിലുണ്ട്. വിവാദമായ സ്നേഹതീരം പാർക്കിൽ ആദ്യ വർഷങ്ങളിൽ പ്രവേശനഫീസായി ഈടാക്കിയ 22,03,445 രൂപ പ്രതാപൻ ഇഷ്ടപ്രകാരം ചെലവഴിച്ചു. ഇതിന് കണക്കുകൾ സർക്കാരിന് നൽകിയിട്ടില്ല.
2009 ഫെബ്രുവരി ഒന്നു മുതലാണ് സ്നേഹതീരം പാർക്കിന്റെ നടത്തിപ്പ് ഡിഎംസി (ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിൽ) ഏറ്റെടുത്തത്. അതിന് മുമ്പ് പ്രതാപന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നേരിട്ടാണ് പ്രവർത്തനം നടത്തിയിരുന്നത്. ഡിഎംസി ഏറ്റെടുത്ത ശേഷവും അതിന്റെ ചെയർമാനായി പ്രതാപൻ തുടർന്നു. 2009ന് ശേഷം പിരിച്ചെടുത്ത പ്രവേശന ഫീസിന്റെ ചെലവ് കണക്കുകളും ഡിഎംസി സർക്കാരിന് സമർപ്പിച്ചിട്ടില്ല.
സമുദ്രതീരത്ത് ലാൻഡ് സ്കേപ്പിങ്ങിനായി 13,32,476.75 രൂപ ചെലവാക്കിയത്. ഇത് അവിശ്വസനീയമാണ്. ഓപ്പൺ സ്റ്റേജിന്1,69,350.46 രൂപയാണ് ചെലവ് കാണിച്ചത്. സെപ്റ്റിക് ടാങ്കിന് 1,75,312.78 രൂപ. കിറ്റ്കോയുടെ മേൽനോട്ടത്തിലാണ് നിർമാണ ജോലികൾ നടന്നത്. സ്നേഹതീരം പാർക്ക് അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധിക്ക് നൽകിയ കത്തിലുണ്ട്.