അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ലണ്ടൻ : അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ അന്യഗ്രഹ ജീവികളുടെ സാമീപ്യം ഭൂമിയിലെവിടെയെങ്കിലും കണ്ടെത്തുന്നതിനുള്ള പരക്കം പാച്ചിലിലാണ് ഗവേഷകര്‍. എന്നാല്‍ അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ എത്തിയിട്ടുണ്ടാകാമെന്ന വാദവുമായി പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍. 2004ല്‍ സാന്‍ ഡീഗോയില്‍ യുഎസ് യുദ്ധവിമാനത്തിലുള്ളവര്‍ ‘കറങ്ങുന്ന അജ്ഞാത വിമാനം’ കണ്ടതായാണ് പെന്റഗണ്‍ പദ്ധതിക്കു നേതൃത്വം നല്‍കിയിരുന്ന ലൂയിസ് എലിസോന്‍ഡോയുടെ വെളിപ്പെടുത്തല്‍. ഈ ‘വിമാനം’ അന്യഗ്രഹ ജീവികളുടേതായിരുന്നുവെന്നാണു വാദം. ആകാശത്തെ അജ്ഞാതവസ്തുക്കളെ (യുഎഫ്ഒ) തേടിയുള്ള വന്‍പദ്ധതിയുടെ അതീവരഹസ്യ സ്വഭാവത്തില്‍ പ്രതിഷേധിച്ച് എലിസോന്‍ഡോ കഴിഞ്ഞ ഒക്ടോബറില്‍ രാജിവയ്ക്കുകയായിരുന്നു.aliens-604300

2.87 കോടി ഡോളര്‍ ചെലവിട്ടു യുഎസ് പ്രതിരോധ വകുപ്പ് ‘അഡ്വാന്‍സ്ഡ് ഏവിയേഷന്‍ ത്രെട്ട് ഐഡന്റിഫിക്കേഷന്‍’ പദ്ധതി തുടങ്ങിയതിനെപ്പറ്റി ന്യൂയോര്‍ക്ക് ടൈംസ് പത്രമാണു വിവരം പുറത്തുവിട്ടത്. 2007ല്‍ ആരംഭിച്ച പദ്ധതി 2012ല്‍ അവസാനിച്ചെന്നാണ് വിവരമെങ്കിലും അതീവരഹസ്യമായി ഇപ്പോഴും തുടരുന്നുണ്ടെന്നാണു വിവരം. കണ്ടെത്തലുകളില്‍ പലതും പെന്റഗണ്‍ അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഡെമോക്രാറ്റ് പാര്‍ട്ടിക്കാരനായ മുന്‍ സെനറ്റര്‍ ഹാരി റീഡിന്റെ അഭ്യര്‍ഥനപ്രകാരമായിരുന്നു പെന്റഗണ്‍ പദ്ധതിക്കു തുടക്കം. അന്യഗ്രഹ ജീവികളുണ്ടെന്നു വിശ്വസിക്കുന്ന കോടീശ്വരന്‍ റോബര്‍ട്ട് ബിഗലോയുടെ ഗവേഷണ സ്ഥാപനത്തിലേക്കായിരുന്നു ഫണ്ട് മുഴുവന്‍ എത്തിയത്. ഇതിനെതിരെയും ഒരുപാട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നിരുന്നു.

2004ല്‍ യുഎസ് വിമാനം കണ്ടെത്തിയ അജ്ഞാതവസ്തുവിന്റെ സഞ്ചാരം ആകാശപ്പറക്കലുകളുടെ ശാസ്ത്രനിയമങ്ങളെല്ലാം ലംഘിക്കുന്നതായിരുന്നുവെന്ന് എലിസോന്‍ഡോ പറയുന്നു. ചിറകില്ലാത്ത അജ്ഞാത പേടകം ‘ഭിത്തിയില്‍ തട്ടിത്തെറിച്ച പന്തുപോലെ’ സഞ്ചരിക്കുന്നതു കണ്ടതായാണു യുഎസ് വിമാനത്തിലെ പൈലറ്റ് പറഞ്ഞത്. ആകാശത്തു കണ്ടതായി പറയപ്പെടുന്ന അജ്ഞാത വസ്തുക്കളാണു പറക്കും തളികകള്‍ എന്നറിയപ്പെടുന്ന യുഎഫ്ഒകള്‍ (Unidentified Flying Object).

ഭൂമിയില്‍ മാത്രമല്ല ജീവനുള്ളതെന്നും വിദൂരഗ്രഹങ്ങളില്‍ ആള്‍ താമസമുണ്ടാകാമെന്നുള്ള സിദ്ധാന്തങ്ങള്‍ ഏറെയുണ്ട്. ലോക പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ഇപ്പോളും അന്യഗ്രഹ ജീവികള്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നയാളാണ്.ബാഹ്യപ്രപഞ്ചത്തില്‍നിന്നു പറന്നെത്തുന്ന തളികകളെയും ബഹിരാകാശ ജീവികളെയും കണ്ടിട്ടുള്ളതായി കഥകളുണ്ടെങ്കിലും അവയൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Top