ടെക് ലോകം കാത്തിരുന്ന ഐ ഫോണിന്റെ പുത്തന്‍ പതിപ്പുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ടെക് ലോകം കാത്തിരുന്ന പുതിയ ഐഫോണും സ്‌റ്റൈലസോടുകൂടിയ ഐപാഡ് പ്രോയും ആപ്പിള്‍ അവതരിപ്പിച്ചു. ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ് എന്നിവ കൂടെ ഐപാഡ് പ്രോ, ആപ്പിള്‍ ടിവി എന്നീ ഉല്‍പന്നങ്ങളും സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് അവതരിപ്പിച്ചു.

ഫോഴ്‌സ് ടച്ച് സംവിധാനമാണ് പുതിയ ഐഫോണിലെ പ്രധാന സവിശേഷത. സ്‌ക്രീനിലെ ടച്ചുകളുടെ മര്‍ദം അനുസരിച്ച് കമാന്‍ഡുകള്‍ വ്യത്യസ്തമാകുന്ന രീതിയാണ് ഫോഴ്‌സ് ടച്ചില്‍ ആപ്പിള്‍ പരീക്ഷിച്ചിരിക്കുന്നത്. ആപ്പുകളുടെ പ്രവര്‍ത്തനത്തെയും സ്‌ക്രീനിലെ സ്വൈപുകളെയുമെല്ലാം ഫോഴ്‌സ് ടച്ച് വ്യത്യസ്തമാക്കും. ക്യാമറയിലാണ് മറ്റൊരു സുപ്രധാന മാറ്റം വരുത്തിയിരിക്കുന്നത്. ഐഫോണ്‍ 6ലും 6 പ്ലസിലും 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 1.2 മെഗാപിക്‌സല്‍ ഫെയ്‌സ്‌ടൈം ക്യാമറയും അവതരിപ്പിച്ച ആപ്പിള്‍ പുതിയ ഐഫോണ്‍ പതിപ്പുകളില്‍ 4കെ വിഡിയോ റെക്കോര്‍ഡിങ് ശേഷിയുള്ള 12 മെഗാപിക്‌സല്‍ ക്യാമറയും സെല്‍ഫി പ്രേമികളെക്കൂടി തൃപ്തിപ്പെടുത്തുന്ന 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണ് ഒരുക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടുവിലിറങ്ങിയ ഐഫോണുകളില്‍ 1 ജിബി റാം ആയിരുന്നത് പുതിയ പതിപ്പില്‍ 2 ജിബി റാം ആയി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ എ9 ചിപ് ആണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്.

പുതിയ ഐഫോണുകളുടെ മുന്‍കൂര്‍ ബുക്കിങ് ശനിയാഴ്ച ആരംഭിക്കും. സപ്തംബര്‍ 25 ന് 12 രാജ്യങ്ങളില്‍ പുതിയ ഐഫോണ്‍ എത്തും. 16 ജിബി ഐഫോണ്‍ 6എസിന് കരാറോടുകൂടി 199 ഡോളറും, 16ജിബി ഐഫോണ്‍ 6എസ് പ്ലസ്സിന്‍ കരാറോടുകൂടി 299 ഡോളറുമായിരിക്കും വില. 64 ജിബി മോഡലിന് 100 ഡോളര്‍ അധികം നല്‍കണം. 128 ജിബി മോഡലിന് വീണ്ടും 100 ഡോളര്‍ കൂടി വേണ്ടിവരും.

12.9 ഇഞ്ച് സ്‌ക്രീന്‍, നാല് സ്പീക്കര്‍ ഓഡിയോ, 10 മണിക്കൂര്‍ ബാറ്ററി അങ്ങിനെ പോകുന്നു ഐ പാഡ് പ്രോയുടെ വിശേഷങ്ങള്‍. ആപ്ലിക്കേഷന്‍ സ്റ്റോറുമായാണ് ആപ്പിള്‍ ടിവി ഇറക്കിയിരിക്കുന്നത്. ആവശ്യാനുസരണം ടി.വി പരിപാടികള്‍ തിരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കും. ആപ്പിള്‍ പെന്‍സിലും സ്മാര്‍ട് വാച്ചുകളും ഇതോടൊപ്പം പുറത്തിറക്കി. ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍പന്ന അവതരണ ചടങ്ങാണ് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്നത്.

Top